- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ വിവാഹ ആവശ്യത്തിന് വായ്പ അനുവദിക്കാൻ വേണ്ടി പറമ്പിലെ 150 റബർ മരം മുറിപ്പിച്ചു മാറ്റി; പതിനായിരത്തോളം രൂപ സേവന ഫീസ് വാങ്ങി; വിവാഹത്തിന് 20 ദിവസം മുൻപ് വായ്പ അനുവദിക്കാനാവില്ലെന്ന് അറിയിച്ചു; ബാങ്ക് ഓഫ് ഇന്ത്യ അടൂർ ശാഖയ്ക്ക് എതിരേ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി
അടൂർ: മകളുടെ വിവാഹത്തിന് വായ്പയ്ക്ക് സമീപിച്ച വിമുക്ത ഭടനെ മാസങ്ങളോളം നടത്തിക്കുകയും സേവനഫീസ് വാങ്ങുകയും ചെയ്തിട്ട് വായ്പ അനുവദിക്കാതിരുന്നതിന് ബാങ്ക് ഓഫ് ഇന്ത്യ അടൂർ ശാഖാ മാനേജർക്ക് എതിരേ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി. സേവനത്തിൽ വീഴ്ച വരുത്തിയതിനും അർഹതയുണ്ടായിട്ടും വായ്പ അനുവദിക്കാതിരുന്നതിനും പരാതിക്കാരന് മാനസിക വ്യഥ ഉണ്ടാക്കിയതിനും നഷ്ടപരിഹാരമായി 65000 രൂപ 10 ശതമാനം വാർഷിക പലിശ നിരക്കിൽ നൽകാനാണ് വിധി.
വിമുക്ത ഭടൻ പെരിങ്ങനാട് മുളമുക്ക് മുഴങ്ങോടിയിൽ പുത്തൻവീട്ടിൽ എം.എൻ ഗോപകുമാർ, ഭാര്യ അനിതാ കുമാരി എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്. 2018-ലാണ് പരാതിക്കു കാരണമായ സംഭവമുണ്ടായത്. അടൂരിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിൽ എം.എൻ ഗോപകുമാർ മകളുടെ വിവാഹ ആവശ്യത്തിനായി 15 ലക്ഷം രൂപ ലോണിനായി സമീപിച്ചു. ഭാര്യയുടെ പേരിലുള്ള അറുപതുലക്ഷം രൂപ മൂല്യമുള്ള 53 സെന്റ് സ്ഥലത്തിന്റെ രേഖകൾ ബാങ്കിന് ഈടായി നൽകുകയും ചെയ്തു. ഗോപകുമാറിന്റെ തിരിച്ചറിയൽ രേഖകൾ, പെൻഷൻ വിവരങ്ങൾ എന്നിവ അടങ്ങിയ രേഖകളും നൽകി.
ബാങ്ക് അധികൃതർ വസ്തു വന്ന് നോക്കുകയും രേഖകൾ ശരിയെന്ന് ഉറപ്പു വരുത്തുകയും ചെയ്തിതിരുന്നതായി പരാതിക്കാരനായിരുന്ന ഗോപകുമാർ പറഞ്ഞു. എന്നാൽ അഞ്ചു മാസങ്ങൾക്കു ശേഷവും ലോൺ ശരിയാക്കി തരാൻ ബാങ്ക് മാനേജർ തയ്യാറായില്ല. ഹൃദയ സംബന്ധമായ രോഗമുള്ളതിനാൽ എല്ലാ ദിവസവും ബാങ്കിൽ വന്നു പോകാനുള്ള പ്രയാസം മാനേജരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഇതിനിടയിൽ വസ്തുവിൽ റബർ മരങ്ങൾ ഉള്ളതിനാൽ ലോൺ തരാൻ സാധിക്കില്ലെന്ന് മാനേജർ അറിയിച്ചു. തുടർന്ന് ലോൺ ലഭിക്കുന്നതിനായി 150 റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി. പക്ഷെ പിന്നെയും ലോൺ തരുന്നതിൽ ബാങ്ക് മനേജർ തടസവാദം ഉന്നയിച്ചു. ലോൺ ആവശ്യത്തിനായി ബാങ്കിൽ 12000 രൂപ അടച്ച് അക്കൗണ്ട് തുറന്നിരുന്നു.
ഇതിൽ നിന്നും ബാങ്കിന്റെ വിവിധ സേവനങ്ങൾ പറഞ്ഞ് 9170 രൂപ ബാങ്ക് ഈടാക്കിയതായും പരാതിക്കാരൻ പറയുന്നു. വിവാഹത്തിന്റെ ഇരുപതു ദിവസം മുൻപാണ് ബാങ്ക് മാനേജർ വ്യക്തതയില്ലാത്ത വിവിധ കാരണങ്ങളാൽ ലോൺ തരാൻ സാധ്യമല്ല എന്ന് അറിയിച്ചത്. തുടർന്ന് മറ്റൊരു ബാങ്കിൽ നിന്നും ലോൺ തരപ്പെടുത്തി മകളുടെ വിവാഹം നടത്തി. ഇതിനു ശേഷം ഗോപകുമാറും ഭാര്യ അനിതകുമാരിയും അർഹതപ്പെട്ട ലോൺ നിഷേധിച്ച ബാങ്കിനെതിരെയും മാനേജർക്കെതിരെയും 2019 മാർച്ച് എട്ടിന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ കേസ് ഫയൽ ചെയ്തു.
സേവന ഫീസ് ആയി ഈടാക്കിയ 9170 രൂപ തിരികെ നൽകണം, പരാതിക്കാരൻ അനുഭവിച്ച മനോവ്യഥയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകണം, കോടതി ചെലവായി 5000 രൂപ വേറെയും നൽകണം. ഇതിനെല്ലാം വാർഷിക പലിശ 10 ശതമാനം കൂടി ചേർത്തു വേണം നൽകാനെന്നും ഫോറം പ്രസിഡന്റ് ജോർജ് ബേബി, അംഗങ്ങളായ ഷാജിത ബീവി, നിഷാദ് തങ്കപ്പൻ എന്നിവരുടെ ഉത്തരവിൽ പറയുന്നു.