ബാങ്കിലേക്ക് തോക്കുചൂണ്ടിയെത്തി ഇടപാടുകാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ കള്ളനെ സെക്യൂരിറ്റി ജീവനക്കാരൻ വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ഇല്ലിനോയിയിലെ റോക്ക്ഫഡിലുള്ള ആൽപിൻ ബാങ്കിലാണ് സംഭവം. തോക്കുചൂണ്ടിയെത്തിയ കൊടുംകുറ്റവാളി ലോറൻസ് ടണർ മുകളിലേക്ക് വെടിവെക്കുകയും ഇടപാടുകാർക്കും ജീവനക്കാർക്കും നേരെ തോക്ക് ചൂണ്ടി ആക്രോശിക്കുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ ബ്രയൻ ഹാരിസണിനുനേർക്ക് ഇയാൾ വെടിയുതിർക്കുകയും ചെയ്തു.

എന്നാൽ, മോഷ്ടാവിന് നേർക്ക് സെക്യൂരിറ്റി ജീവനക്കാരൻ ബ്രയൻ ഹാരിസൺ ഒരുനിമിഷം പോലും പാഴാക്കാതെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ മോഷ്ടാവ് ബാങ്കിൽനിന്നിറങ്ങി ഓടിയെങ്കിലും പിന്നീട് മരിച്ചു. ജനുവരി 20-നാണ് സംഭവം നടന്നത്. സെക്യൂരിറ്റിക്കാരനെതിനെ പൊലീസ് കേസ്സെടുത്തെങ്കിലും കോടതി കുറ്റവിമുക്തനാക്കി. സ്വയരക്ഷയ്ക്കും ബാങ്കിന്റെയും അവിടെയുണ്ടായിരുന്നവരുടെയും സുരക്ഷയ്ക്കും വേണ്ടിയാണ് ഹാരിസൺ വെടിവെച്ചതെന്ന് വൈൻബാഗോ കൗണ്ടി സ്‌റ്റേറ്റ് അറ്റോർണി ജോ ബ്രൂസ്‌കാറ്റ വ്യക്തമാക്കി.

അമ്മയുടെ കാർ മോഷ്ടിച്ചാണ് ടണർ മോഷണത്തിനായി ബാങ്കിലെത്തിയത്. നീല മുഖംമൂടി ധരിച്ചെത്തിയ ഇയാൾ ആദ്യം മുകളിലേക്ക് വെടിവെക്കുകയും പിന്നീട് സെക്യൂരിറ്റിക്കാരനു നേരെ വെടിയുതിർക്കുകയുമായിരുന്നു. സമർഥമായി ഒഴിഞ്ഞുമാറിയ ഹാരിസൺ, തിരിച്ച് തുടരെ വെടിവെച്ചു. നിലത്തേയ്ക്ക് വീണ ടണറുടെ നെഞ്ചിനും ഇടുപ്പിനുമാണ് വെടിയേറ്റത്.. സ്ഥിരം മോഷ്ടാവാണ് ടണർ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വന്തം സുരക്ഷപോലും നോക്കാതെ ജീവനക്കാരുടെയും ഇടപാടുകാരുടെയും സുരക്ഷയ്ക്കായി പ്രവർത്തിച്ച സെക്യൂരിറ്റി ജീവനക്കാരനെ ബാങ്ക് ആദരിച്ചു. സേനയിൽനിന്ന് വിരമിച്ച ശേഷമാണ് ഹാരിസൺ സെക്യൂരിറ്റി ജീവനക്കാരനായി ബാങ്കിൽ ചേർന്നത്. സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ വൈറലായതോടെ, അമേരിക്കയിലാകെ ഹാരിസൺ ഇപ്പോൾ ഹീറോയായി മാറി.