തിരുവനന്തപുരം: എസ്.ബി.ടി ഉൾപ്പടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയിൽ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെ 45000 ജീവനക്കാർ നാളെ പണിമുടക്കുമെന്ന് സ്റ്റേറ്റ് സെക്ടർ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷൻ (എസ്.എസ്.ബി.ഇ.എ) അറിയിച്ചു. ഓൾ ഇന്ത്യ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് പണിമുടക്ക്. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഒഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഒഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഒഫ് ബിക്കാനീർ ആൻഡ് ജയ്പൂർ ബാങ്കുകൾ പണിമുടക്കിൽ പങ്കെടുക്കും. അഞ്ച് അസോസിയേറ്റ് ബാങ്കുകളും സംയോജിപ്പിക്കാനുള്ള യൂണിയൻ കേന്ദ്ര ഗവൺമെന്റ് അനുഭാവപൂർവം പരിഗണിച്ച് വരുമ്പോഴാണ് എസ്.ബി.ഐ അവർക്ക് അസോസിയേറ്റ് ബാങ്ക് ഡയറക്ടർ ബോർഡുകളിലുള്ള ഭൂരിപക്ഷം ഉപയോഗിച്ച് എസ്.ബി.ഐയിൽ ലയിപ്പിക്കാനുള്ള തീരുമാനം അടിച്ചേൽപ്പിച്ചതെന്നാണ് പ്രക്ഷോഭകരുടെ ആരോപണം.

കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കും ഏഴ് പതിറ്റാണ്ടായി ജനകീയ സേവനങ്ങൾ നൽകുന്നതുമായ എസ്.ബി.ടിയെ എസ്.ബി.ഐയുടെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കണം. ഉത്പാദന മേഖലകളിൽ വ്യാപകമായി വായ്പാ വിന്യാസം നടത്തി ഗ്രാമ-അർദ്ധനഗര-നഗര പ്രദേശങ്ങളിലെ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും ജീവിതനിലവാരം ഉയർത്തുന്നതിൽ എസ്.ബി.ടി വഹിച്ച പങ്ക് നിസ്തുലമാണ്. ബാങ്ക് എസ്.ബി.ഐയിൽ ലയിക്കുന്നതോടെ ചെറുകിട ബാങ്ക് ഇടപാടുകാരെ ഇത് ദോഷകരമായി ബാധിക്കും. ചെറുകിട ബാങ്ക് ഇടപാടുകാരെ രാജ്യാന്തര ബാങ്കുകൾ പുറന്തള്ളുമെന്നും ഭാരവാഹികൾ പറഞ്ഞു. 1945ൽ തിരുവിതാംകൂർ രാജകുടുംബം ആരംഭിച്ചതും 1959ലെ എസ്‌ബിഐ സബ്സിഡിയറി ആക്ട് പ്രകാരം 1960ൽ പ്രവർത്തനമാരംഭിച്ചതുമായ കേരളത്തിന്റെ ബാങ്കാണ് എസ്‌ബിറ്റി. കേരള ത്തിൽ ആസ്ഥാനമുള്ള ഏക പൊതുമേഖലാ ബാങ്കും ഇതാണ്. വിദ്യാഭ്യാസ വായ്പകളിൽ 60 ശതമാനവും കേരളത്തിൽ നൽകിയിട്ടുള്ളത് എസ്‌ബിറ്റിയാണ്. കാർഷിക വായ്പ ഉൾപ്പെടെ മുൻഗണനാ വായ്പകളുടെ കാര്യത്തിലും ഗണ്യമായ ഇടപെടലുകൾ നടത്തി വരുന്ന ബാങ്കാണ് ഇത്.