ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ ലോക്കറുകൾ വ്യാപകമായി തന്നെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ പലരും ഉപയോഗിക്കാറുണ്ട്. കനത്ത സുരക്ഷയിൽ സൂക്ഷിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ഇത്തരമൊരു നിലപാട് പലരും എടുക്കുന്നത്.

എന്നാൽ അത്തരത്തിൽ സൂക്ഷിക്കുന്ന വസ്തുവകകൾ കവർച്ച ചെയ്യപ്പെട്ടാലോ മറ്റെന്തിങ്കിലും വിധത്തിൽ നഷ്ടപ്പെട്ടാലോ ബാങ്കുകൾക്ക് അതിൽ യാതൊരു ബാധ്യതയും ഉണ്ടാവിലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പ്രകൃതി ദുരന്തങ്ങളോ കവർച്ചയോ മൂലം അവ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് വിവരാവകാശ രേഖഖളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

വിവരാവകാശ നിയമപ്രകാരം റിസർവ് ബാങ്ക്, 19 പൊതുമേഖല ബാങ്കുകൾ എന്നിവിടങ്ങളിൽനിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
ലോക്കർ വാടകയ്ക്ക് എടുക്കുമ്പോൾ തന്നെ ഒപ്പിട്ടുകൊടുക്കുന്ന വ്യവസ്ഥകളിൽ ഇക്കാര്യം വ്യക്തമായിതന്നെ പറയുന്നുണ്ടെന്നാണ് പറയുന്നത്. ഇതോടെ വിലപ്പെട്ട രേഖകളും ആഭരണങ്ങളും ഉൾപ്പെടെ വൻ വാടക നൽകി ബാങ്ക് ലോക്കറുകളിൽ വയ്ക്കുന്നതിൽ ഒരർത്ഥവും ഇല്ലെന്ന സ്ഥിതിയാണ് ഉണ്ടാവുന്നത്.

പൊതുമേഖലാ ബാങ്കുകളിൽ മാത്രമല്ല, സ്വകാര്യ ബാങ്കുകളിലെ വ്യവസ്ഥകളും സമാനമാണ്. മോഷണം, കവർച്ച, കലാപം, ഇടിമിന്നൽ, ഭൂമികുലുക്കം, വെള്ളപ്പൊക്കം, തീപിടിത്തം തുടങ്ങിയവ മൂലം ലോക്കറിലുള്ള വസ്തുക്കൾ നഷ്ടപ്പെടാനിടയായാൽ ഉത്തരവാദിത്വം ഉണ്ടാകില്ലെന്ന് ആദ്യമെ വ്യക്തമാക്കിക്കൊണ്ടാണ് ബാങ്കുകൾ ലോക്കറുകൾ ഉപഭോക്താവിന് നൽകുന്നത്.

അതേസമയം, ചെറു നഗരങ്ങളിൽ പ്രതിവർഷം ലോക്കറുകൾക്ക് ആയിരും രൂപ മുതലും മെട്രോ സിറ്റികളിൽ വലുപ്പമേറിയ ലോക്കറുകൾക്ക് 10,000 രൂപവരെയും വാടക ഈടാക്കുന്നുണ്ട്. ഇത്തരത്തിൽ വാടക ഈടാക്കി നൽകുന്ന സേവനത്തിന് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് വരുമ്പോൾ അതിനെന്ത് പ്രസക്തിയെന്ന ചോദ്യമാണ് ഉയരുന്നത്.