പാലക്കാട്: അപ്രതീക്ഷിതമായി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച നോട്ടു നിരോധനവും തുടർന്ന് പണമിടപാടുകൾക്ക് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രങ്ങളും ഉപഭോക്താക്കളെ ബാങ്കുകളിൽനിന്ന് അകറ്റുന്നതായി റിപ്പോർട്ട്. എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ ആദ്യം നിയന്ത്രണമേർപ്പെടുത്തുകയും പിന്നീടു ചില ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുകയും ചെയ്തതോടെ നിക്ഷേപത്തിൽ കുറവുണ്ടായി. കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്ന ഭയമാണ് ഇടപാടുകാരെ പിന്തിരിപ്പിക്കുന്നത്. ഇതോടെ ബാങ്കുകളിൽ കറൻസി പ്രതിസന്ധിയും ഉടലെടുത്തു.

കറൻസി ക്ഷാമം നേരിടാൻ ബാങ്ക് പ്രതിനിധികൾ ഇടപാടുകാരെ തേടി വീടുകളിലേക്കു പോകാൻ തീരുമാനിച്ചിരിക്കുകയാണ് ബാങ്കുകൾ. നിക്ഷേപത്തിൽ വന്ന കുറവും നികത്താനും ബാങ്കുകൾ ലക്ഷ്യമിടുന്നു. എസ്‌ബിഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഇതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടുണ്ട്.

പ്രതിദിന വരവ് ബാങ്കുകളിൽ അടച്ചിരുന്ന വ്യാപാരികളും ഇപ്പോൾ പണമിടാതെ കൈയിൽ സൂക്ഷിക്കുകയാണ്. ഉദ്യോഗസ്ഥർ ഇടപാടുകാരെ ഫോണിൽ വിളിച്ചു സഹായം തേടിയിട്ടും ഫലം കാണാത്തതിനെ തുടർന്നാണു നേരിട്ടു സമീപിക്കാനുള്ള തീരുമാനം ബാങ്കുകൾ എടുത്തിരിക്കുന്നത്.

എടിഎമ്മുകളിൽ ഒരു തവണ ഒന്നര കോടി രൂപ നിറയ്ക്കാനാകുമെങ്കിലും നോട്ട് ക്ഷാമം മൂലം 20 ലക്ഷം രൂപയാണു പലതിലും നിറയ്ക്കുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്കു സമീപത്തുള്ള എടിഎമ്മുകളിലാണ് 50 ലക്ഷത്തിനു മുകളിൽ നിറയ്ക്കുന്നത്. ഇവിടങ്ങളിൽ നിന്നു രണ്ടായിരത്തിന്റെ നോട്ടുകളാണ് കൂടുതലും ലഭിക്കുന്നതെന്ന പരാതിയുണ്ട്.

നോട്ടു നിരോധനത്തിനു പിന്നാലെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ബാങ്കുൾ ചാർജ് ഈടാക്കാൻ തുടങ്ങിയിരുന്നു. മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കാനും ബാങ്കുകൾ തീരുമാനിച്ചു. ഇതെല്ലാം ഇടപാടുകാരെ ബാങ്കുകളിൽനിന്ന് അകറ്റാൻ കാരണമായി. ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുത്ത് നിക്ഷേപം എങ്ങനെയെങ്കിലും വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രമുഖ ബാങ്കുകൾ. ഇതിനായി അങ്ങോട്ടു ചെന്നു കാണമെങ്കിൽ അതും ആകാം.