തിരുവനന്തപുരം : ബാങ്കുകൾക്ക് ജനങ്ങളുടെ ദുരിതവും കാശുണ്ടാക്കാനുള്ള സുവർണ്ണാവസരമാണ്. അക്കൗണ്ടില്ലാത്ത ബാങ്കിന്റെ എടിഎമ്മിൽനിന്നു പണം പിൻവലിച്ചാൽ പോലും സർവീസ് ചാർജ് ഈടാക്കരുതെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.

എന്നാൽ സ്വന്തം അക്കൗണ്ടിൽ പണം നിക്ഷേപിക്കാനെത്തുന്നവരിൽനിന്നു കൈകാര്യച്ചെലവ് ഈടാക്കി ബാങ്കുകൾ സജീവമാകുന്നത് പ്രതിഷേധം ഉണ്ടാക്കുകയാണ്. എസ്‌ബിഐ അടക്കം മിക്ക ബാങ്കുകളും ഇന്നലെ മുതൽ പണം കൈകാര്യം ചെയ്യുന്നതിനു നിരക്ക് ഈടാക്കിത്തുടങ്ങി. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവരിൽനിന്ന് 50 രൂപവരെയാണ് മിക്ക ബാങ്കുകളും കൈകാര്യച്ചെലവായി ഈടാക്കുന്നത്. കൈകാര്യച്ചെലവായി പണം ഈടാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും നിക്ഷേപം ആകർഷിക്കാനായി ഈ പണം പല ബാങ്കുകളും വാങ്ങാറില്ല.

പ്രതിസന്ധി കാരണം ജനങ്ങൾ കൈയിലുള്ള പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർബന്ധിതരായിരിക്കെ, ബാങ്കുകൾ അവസരം മുതലെടുക്കുകയാണ്. മറ്റു മാർഗങ്ങളില്ലാത്തതിനാൽ കൈകാര്യച്ചെലവ് ഇടപാടുകാർ കൊടുത്തേ മതിയാകൂ. പണം അക്കൗണ്ടിൽ നിക്ഷേപിച്ചവർ പാസ്ബുക്കിൽ തുക രേഖപ്പെടുത്തി വാങ്ങിയപ്പോഴാണ് കൈകാര്യച്ചെലവ് ഈടാക്കിയതായി കണ്ടെത്തിയത്. ഇതോടെ പല ശാഖകളിലും ഇടപാടുകാരും ബാങ്ക് അധികൃതരും തമ്മിൽ വാക്കു തർക്കമായി. ഒരു ശാഖയിലെ അക്കൗണ്ടിലേക്കുള്ള പണം മറ്റൊരു ശാഖയിലെത്തി നിക്ഷേപിച്ചാലാണ് കമ്മിഷൻ ഇനത്തിൽ പണം ഈടാക്കാറ്. ഇപ്പോൾ അക്കൗണ്ടുള്ള ശാഖയിൽ നിക്ഷേപിച്ചാലും കൈകാര്യച്ചെലവ് കൊടുക്കണം.

അതിനിടെ ചില പുതുതലമുറ ബാങ്കുകൾ അക്കൗണ്ട് തുറന്നാലേ പഴയ നോട്ടുകൾ മാറ്റി നൽകൂ എന്ന നിലപാടിൽ ഇന്നലെയും ഉറച്ചുനിന്നു. വ്യാപകമായ പരാതി ഉയർന്നിട്ടും റിസർവ് ബാങ്കും വിഷയത്തിൽ ഇടപെട്ടിട്ടില്ല. പഴയ നോട്ടു വാങ്ങി 4500 രൂപ വരെ മാറ്റി നൽകണമെന്നാണ് എല്ലാ ബാങ്കുകൾക്കും സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ, ദേശസാൽകൃത ബാങ്കുകളിൽ മാത്രമാണ് പണം മാറ്റി നൽകുന്നതെന്നാണ് പുതുതലമുറ ബാങ്കുകൾ ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കുന്നത്.

ആവശ്യത്തിനു പണം പക്കലില്ലെന്നു പറഞ്ഞു കൈയൊഴിയുന്ന ഇവർ സ്വന്തം ഇടപാടുകാർക്കു മാത്രം പണം കൈമാറുന്നു. എസ്‌ബിറ്റി, എസ്‌ബിഐ, കാനറ, ഫെഡറൽ ബാങ്കുകളിൽ മാത്രം വൻ തിരക്ക് രൂപപ്പെടാൻ കാരണം ഇതാണെന്നും വിലയിരുത്തുന്നു.