ന്യൂഡൽഹി: കോടികൾ തട്ടിയെടുത്ത് രാജ്യം വിട്ട വ്യവസായ പ്രമുഖരുടെ കാര്യം ചിന്തിക്കുന്നതിനിടയിൽ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി നാം അറിയണം. രാജ്യത്തെ ബാങ്ക് തട്ടിപ്പുകളേക്കാൾ വലിയ തുകയാണ് ബാങ്ക് പിഴയെന്ന പേരിൽ സാധാരണക്കാരുടെ കയ്യിൽ നിന്നും പിരിച്ചെടുത്തത്. വിജയ് മല്യ ബാങ്കുകൾക്ക് നൽകാനുള്ളത് 9000 കോടി രൂപയാണെങ്കിൽ ബാങ്കുകൾ കഴിഞ്ഞ നാലു വർഷത്തിനിടെ പിഴയിനത്തിൽ ഈടാക്കിയത് 10,000 കോടി രൂപയാണ്. വർഷങ്ങൾകൊണ്ട് ബാങ്കുകളെ വെട്ടിച്ച് വിജയ് മല്യ ഇത്രയധികം പണം സ്വന്തമാക്കിയ സ്ഥാനത്താണ് ചുരുങ്ങിയ കാലയളവിനുള്ളിൽ പിഴയെന്ന പേരിൽ രാജ്യത്തെ ബാങ്കുകൾ വൻ തുക നേടിയെടുത്തത്.

രത്നവ്യാപാരിയായ നീരവ് മോദിയാകട്ടെ ബാങ്കുകളെ പറ്റിച്ചത് ഏകദേശം 11,300 കോടി രൂപയാണ്. പണം തിരികെയടയ്ക്കാതെ രാജ്യംവിട്ട നീരവ് മോദിയിൽനിന്നും തുക തിരികെപിടിക്കാൻ ബാങ്കുകൾക്കായില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ ഇതേ ബാങ്കുകൾ സാധാരണക്കാരനെ പിഴിഞ്ഞ് സമാഹരിച്ച തുക പ്രസക്തമാകുന്നത്. വിജയ് മല്യയടെ കാര്യമെടുത്താൽ അദ്ദേഹത്തിന്റെ ഏതാനും ചില സ്വത്തുക്കൾ കണ്ടുകെട്ടിയെന്നല്ലാതെ സർക്കാരിന് ഇദ്ദേഹത്തിൽ നിന്നും തുക പൂർണമായും പിരിക്കാൻ സാധിച്ചിട്ടില്ല.

2015 ഏപ്രിൽ മുതൽ 2018 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ പിഴയിനത്തിൽ ഈടാക്കിയത് 10,391.43 കോടി രൂപയാണെന്നാണ് കണക്ക്. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ഈടാക്കിയ പിഴയും അനുവദിക്കപ്പെട്ടതിനേക്കാൾ കൂടുതലായി നടത്തിയ എടിഎം ഉപയോഗത്തിന്റെ പേരിൽ ഈടാക്കിയ തുകയും അടക്കമാണ് ഇത്. കേന്ദ്ര ധനമന്ത്രാലയം ലോക്സഭയിൽ വ്യക്തമാക്കിയതാണ് ഈ കണക്കുകൾ. സ്വകാര്യ ബാങ്കുകൾ ഈടാക്കിയ പിഴ തുക ഇതിൽ ഉൾപ്പെടുന്നില്ല.

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയ ആകെ പിഴത്തുക 6,246.44 കോടിയാണ്. എടിഎം ഉപയോഗത്തിൽ ഈടാക്കിയ പിഴത്തുക 4,144.99 കോടിയും. രണ്ടിനത്തിലുമായി ഏറ്റവും കൂടുതൽ തുക ഈടാക്കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 4,447.75 കോടിയാണ് നാലുവർഷത്തിനിടയിൽ എസ്‌ബിഐ നേടിയത്. പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് മാത്രമാണ് മിനിമം ബാലൻസിന്റെ പേരിൽ പിഴയീടാക്കാത്ത ഏക പൊതുമേഖലാ ബാങ്ക്.

മിനിമം ബാലൻസ്, എടിഎം ഉപയോഗം എന്നിവയുടെ പേരിൽ ഇടപാടുകാരെ പിഴിയുന്നതിന്റെ പേരിൽ എസ്‌ബിഐ അടക്കമുള്ള ബാങ്കുകൾക്കെതിരെ നേരത്തെ തന്നെ കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ, മറ്റേതൊരു സേവന മേഖലയെയും പോലെ തങ്ങളുടെ സേവനങ്ങൾക്ക് നിരക്ക് ഈടാക്കാൻ അവകാശമുണ്ടെന്ന നിലപാടാണ് ബാങ്കുകൾ സ്വീകരിച്ചുവരുന്നത്. മാത്രമല്ല, ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ അടക്കമുള്ളവ സ്ഥാപിക്കുന്നതിനായി വലിയ തുക ബാങ്കുകൾക്ക് നിക്ഷേപിക്കേണ്ടിവന്നിട്ടുണ്ടെന്നും അത് തിരിച്ചുപിടിക്കാൻ ഇത്തരം മാർഗങ്ങൾ ആവശ്യമാണെന്നും അവർ പറയുന്നു. റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരമാണിതെന്നും ബാങ്കുകൾ ചൂണ്ടിക്കാണിക്കുന്നു.

പിഴകളും സേവനങ്ങൾക്കുള്ള നിരക്കും ഈടാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും അത് ഇത്ര വേണമെന്ന് റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടില്ല. അക്കാര്യം അതാത് ബാങ്കുകൾക്ക് സ്വയം തീരുമാനിക്കാമെന്നാണ് റിസർവ് ബാങ്കിന്റെ സർക്കുലർ വ്യക്തമാക്കുന്നത്. സ്വന്തം ബാങ്കിന്റെ എടിഎം വഴി കുറഞ്ഞത് അഞ്ച് തവണ സൗജന്യ ഇടപാട് അനുവദിക്കണമെന്നും കൂടുതൽ ഉപയോഗത്തിന് ഓരോന്നിനും ഈടാക്കുന്ന തുക 20 രൂപയിൽ താഴെയായിരിക്കണമെന്നും റിസർവ് ബാങ്ക് നിഷ്‌കർഷിക്കുന്നു. എസ്‌ബിഐ അടക്കമുള്ള ബാങ്കുകൾ റിസർവ് ബാങ്ക് അനുവദിക്കുന്ന പരമാവധി തുകയാണ് ഈടാക്കുന്നത്.

മേൽപറഞ്ഞ വിധത്തിൽ ഈടാക്കുന്ന പിഴ തുകകൾക്കു പുറമേ വിവിധ സേവനങ്ങൾക്കെല്ലാം ഫീസുകളും ബാങ്കുകൾ ഈടാക്കുന്നുണ്ട്. എടിഎം പരിപാലനത്തിനുള്ള വാർഷിക ഫീസ് കൂടാതെ ആർടിജിഎസ്, എൻടിഎഫ്എസ്, എസ്എംഎസ് അലർട്ട്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയവയ്ക്കെല്ലാം ഇടപാടുകാരിൽനിന്ന് ഫീസ് ഈടാക്കുന്നുണ്ട്. ഏകീകരിക്കപ്പെട്ട നിരക്കുകളല്ല ഇവയൊന്നും എന്നതുകൊണ്ട് ഓരോ ബാങ്കുകളും വ്യത്യസ്ത തുകകളാണ് ഈടാക്കുന്നത്. ബാങ്കുകൾ ഈടാക്കുന്ന പിഴകൾക്കു പുറമേ ഓരോ ഇടപാടുകാരനും ഇങ്ങനെ വിവിധങ്ങളായ തുകകൾ ബാങ്കുകൾക്ക് നൽകുന്നുണ്ട്.

കഴിഞ്ഞ ദിവസം സർക്കാർ ലോക്സഭയിൽ നൽകിയ മറ്റൊരു മറുപടി പ്രകാരം, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 9,62,621 കോടിയാണ്. 2014-2018 കാലയളവിൽ നിഷ്‌ക്രിയ ആസ്തിയിലുണ്ടായ വർധന 74 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് കിട്ടാക്കടം അടക്കമുള്ള നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതിനുള്ള വഴികൾ തേടുന്നതിനു പകരം അന്യായമായ പിഴകൾ ചുമത്തി സാധാരണക്കാരുടെ അധ്വാനത്തിന്റെ പങ്ക് പിടിച്ചുവാങ്ങുന്ന ബാങ്കുകളുടെ നടപടി വിമർശനവിധേയമാകുന്നത്.