തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നതിന് ബാങ്കുകൾക്ക് സർക്കാർ ഉറപ്പ് നൽകിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ദേശസാത്കൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും ഈടുനൽകാതെ ഒരാളുടെ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ബാങ്ക് ഗ്യാരണ്ടി നൽകാമെന്ന് ബാങ്ക് പ്രതിനിധികൾ ഉറപ്പ് നൽകിയിരുന്നത്. സർക്കാർ നൽകുന്ന ഉറപ്പിന് പുറമെയാണ് വ്യക്തിഗത ഗ്യാരണ്ടി. ബാങ്കുകളുമായി ചർച്ച നടത്തി വിദ്യാർത്ഥികൾക്ക് സഹായകരമായ ധാരണയുണ്ടാക്കുന്നതിന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാമാണ് ചുക്കാൻ പിടിച്ചത്.

എന്നാൽ ഈ ഉറപ്പുകൾ വിശ്വസിച്ച് ബാങ്കിലെത്തുന്ന വിദ്യാർത്ഥികൾക്ക് കടത്ത അവഗണനയാണ് നേരിടേണ്ടി വരുന്നത്. ഇതുവരെ മൂന്ന് ബാങ്കുകൾ മാത്രമാണ് വിദ്യാർത്ഥികൾ ബാങ്ക് ഗ്യാരണ്ടി സംബന്ധിച്ച ഉറപ്പ് നൽകിയത്. എസ്‌ബിഐ, കാനറാ, എന്നീ ബാങ്കുകൾ മാത്രമാണ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ലോൺ നൽകാൻ പൂർണ സമ്മതം അറിയിച്ചിരിക്കുന്നത്. മറ്റ് ബാങ്കുകളോടും വിദ്യാർത്ഥികൾക്ക് ഗ്യാരണ്ടി നൽകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യക്തിഗത ഗ്യാരണ്ടിക്ക് പുറമെ വിദ്യാർത്ഥികൾക്ക് സർക്കാർ ഗ്യാരണ്ടി നൽകുമെന്നും ചർച്ചയിൽ തീരുമാനമായിരുന്നു. എന്നാൽ സർക്കാരിന്റെ ഗ്യാരണ്ടിയിൽ ഉറപ്പില്ലാത്തതിനാലാണ് ബാങ്കുകൾ ലോൺ നൽകാത്തതെന്നും റിപ്പോർട്ടുണ്ട്. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ സർക്കാർ നിർദേശ പ്രകാരം ഗ്യാരണ്ടി നൽകുമെന്നാണ് ബാങ്ക് പ്രതിനിധികൾ പറഞ്ഞിരുന്നത്.

ലോൺ എടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള സർക്കാർ ഗാരണ്ടി രേഖാമൂലം തന്നെ ബാങ്കുകൾക്ക് നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇപ്രകാരം നൽകിയാൽ ലോൺ എടുക്കുന്ന വിദ്യാർത്ഥി ലോൺ തുക നിശ്ചിത സമയത്തിനുള്ളിൽ തിരിച്ച് അടച്ചില്ലെങ്കിൽ അത് സർക്കാർ അടയ്‌ക്കേണ്ടി വരും.

ലഭിക്കുന്ന ബാങ്ക് ഗ്യാരണ്ടിയുടെ കാലാവധി ആറുമാസമായിരിക്കും. സെപ്റ്റംബർ 5 മുതൽ ബാങ്ക് ഗ്യാരണ്ടി കൊടുത്തു തുടങ്ങുമെന്നാണ് ബാങ്ക് പ്രതിനിധികൾ അറിയിച്ചിരുന്നത്. പ്രവേശനം ലഭിച്ചുവെന്ന് കോളേജ് അധികാരികളോ പരീക്ഷാ കമ്മീഷണറോ സാക്ഷ്യപ്പെടുത്തുന്ന രേഖ സഹിതം ബാങ്ക് ബ്രാഞ്ചിന് വിദ്യാർത്ഥി അപേക്ഷ നൽകണം. സ്വാശ്രയ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിനായിരിക്കും ഗ്യാരണ്ടി നൽകുക.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും മത്സ്യബന്ധനം, കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിലുള്ള വിദ്യാർത്ഥികൾക്കും ബാങ്കുകൾ ഗ്യാരണ്ടി കമ്മീഷൻ ഈടാക്കുന്നതല്ല. ഫീ റെഗുലേറ്ററി കമ്മിറ്റി അഞ്ചു ലക്ഷം രൂപയിലധികം ഫീസ് നിശ്ചയിക്കുകയാണെങ്കിൽ നിജപ്പെടുത്തിയ ഫീസ് വിദ്യാർത്ഥി അടയ്ക്കുകയോ തുല്യമായ തുകയുടെ ബാങ്ക് വായ്പക്ക് അപേക്ഷിക്കുകയോ ചെയ്യണം.

അപേക്ഷിക്കുന്നവർക്ക് വായ്പ ലഭ്യമാക്കുന്നതാണ്. ഗ്യാരണ്ടി നൽകുന്നതിന് ബാങ്കുകൾ 15 മുതൽ 100 ശതമാനംവരെ ക്യാഷ് മാർജിൻ വേണമെന്ന് നിർബന്ധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ സർക്കാർ ഗ്യാരണ്ടി നൽകുന്നതുകൊണ്ട് ക്യാഷ് മാർജിൻ ആവശ്യമില്ല.