തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ - കെഎസ്‌യു ബാനർ പോര് മറ്റ് ക്യാമ്പസുകളിലേക്കും വ്യാപിക്കുന്നു.വിവാദങ്ങൾക്ക് തുടക്കം കുറിക്കാനിടയാക്കിയ തിരുവനന്തപുരം ലോ കോളേജിലാണ് സമാനമായ ബാനർ പോര് ഇപ്പോൾ എത്തിയിരിക്കുന്നത്.
ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല. പിന്നല്ലേ ഈഡന്' എന്ന ബാനർ എസ്എഫ്ഐയാണ് ആദ്യം കെട്ടിയത്. തൊട്ടുപിന്നാലെ 'ഇംഎംഎസിനെ പറപ്പിച്ചവരാണ്, പിന്നല്ലേ എസ്എഫ്ഐ' എന്ന ബാനർ കെഎസ്‌യു ഉയർത്തി.

തിരുവനന്തപുരം ലോ കോളജിൽ കെഎസ്‌യു പ്രവർത്തകയെ മർദിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്റിൽ എസ്എഫ്‌ഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഹൈബി ഈഡനെ പരിഹസിച്ചുകൊണ്ട് എസ്എഫ്ഐയാണ് ആദ്യം ബാനർ കെട്ടിയത്. ഇതിന് മറുപടിയുമായി കെഎസ്‌യുവും കളത്തിലെത്തിയതോടെ രംഗം കൊഴുത്തു.

'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്നായിരുന്നു എസ്എഫ്ഐയുടെ ആദ്യ ബാനർ. ഇതിന് മറുപടിയുമായി കെഎസ്‌യു 'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും' എന്ന് ബാനർ കെട്ടി. ഇതിന് മുകളിൽ, 'അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരവാസ്ഥയുടെ നെറികേടുകളിലൂടെ' എന്ന് എസ്എഫ്ഐ അടുത്ത ബാനർ കെട്ടി. 'വർഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഇസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്ന് കെഎസ്‌യു മറുപടി ബാനർ കെട്ടി. സാമൂഹ്യ മാധ്യമങ്ങളിൽ ഈ ബാനർ യുദ്ധം വലിയ ചർച്ചയായിരിക്കുകയാണ്.

ഇതാണ് ഇപ്പോൾ വിവാദങ്ങൾക്ക് തുടക്കമിട്ട ക്യാമ്പസിലേക്ക് തന്നെ എത്തിയിരിക്കുന്നത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു ഹൈബി ഈഡന് കേന്ദ്രമന്ത്രി കിരൺ റിജ്ജുവിന്റെ മറുപടി. ഹൈബിയുടെ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ നിർദേശിച്ചതായും നിയമമന്ത്രി അറിയിച്ചു.