സൗദി അറേബ്യ: സൗദി അറബ്യയിലും മറ്റു അറബ് രാജ്യങ്ങളിലും ഓൺ ലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നതിന് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഓൺലൈൻ പെയ്‌മെന്റ് സംവിധാനമാ 'കാഷു' പ്രീപെയ്ഡ് കാർഡുകൾക്ക് രാജ്യത്ത് നിരോധനം. രാജ്യത്തെ ബാങ്കിങ് മോണിട്ടറി സംവിധാനവും കേന്ദ്ര ബാങ്കായ സാമയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

ഭീകര പ്രവർത്തനങ്ങൾക്ക് സഹായകമാകും എന്ന കാരണം മുൻ നിർത്തിയാണ് കാഷു നിരോധിചിട്ടുള്ളത്. കൂടാതെ രാജ്യത്തെ ബാങ്കിങ് പ്രവർത്തനങ്ങളിൽ മറ്റൊരു ഏജൻസി കടന്നു പ്രവർത്തിക്കുന്നതും നിരോധനത്തിന് കാരണമായി. ബാങ്കിങ് രംഗത്ത് രാജ്യത്തിന് പുറമെയുള്ള ശക്തികൾ കടന്നു കയറുന്നത് നിരോധിക്കാൻ രാജകീയ ഉത്തരവ് സാമക്ക് ലഭിച്ചിരുന്നു.കള്ളപ്പണ വെട്ടിപ്പിനു സഹായകമാകും എന്നതും കാഷു നിരോധിക്കാൻ മറ്റൊരു കാരണമായി. കാഷു കാർഡ് വഴിയുള്ള പണമിടപാടുകൾ നിയന്തിക്കാനോ നിരീക്ഷിക്കാനോ നിലവിലുള്ള സംവിധാനങ്ങൾക്ക് സാധിച്ചിരുന്നില്ല. ഇത്തരം കാർഡുകൾ പുറത്തിറക്കാൻ രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി ബാങ്കിങ് സംവിധാനങ്ങൾക്ക് മാത്രമേ അനുമതി നൽകൂ എന്നാണു സാമയുടെ നിലപാട്.

കാഷു കാർഡ് സ്വീകരിക്കുന്നതിൽ നിന്നും അവ വിറ്റഴിക്കുന്നതിൽ നിന്നും വ്യാപാര സ്ഥാപനങ്ങളെ വിലക്കണമെന്ന് വാണിജ്യ മന്ത്രാലയത്തിനു സാമ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശ ഏജന്റുമാർ വഴിയാണ് കൂടുതലും രാജ്യത്ത് വിറ്റഴിക്കുന്നത്. ഓൺലൈൻ വഴിയും കാർഡ് പർച്ചേസ് ചെയ്യാൻ സാധിക്കും.സാമ നിർദ്ദേശത്തെ തുടർന്ന് കാഷു കാർഡുകൾ വിട്ടഴിക്കുന്നതിനെതിരെ രാജ്യത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് വാണിജ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവ വിറ്റഴിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾ നടത്താനുള്ള ഒരു സംവിധാനം എന്ന നിലക്ക് ലക്ഷക്കണക്കിന് ആളുകളാണ് കാഷു കാർഡുകൾ ഉപയോഗിച്ച് വന്നിരുന്നു. ഇവർക്കെല്ലാം പുതിയ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്.