തിരുവനന്തപുരം: വീണ്ടും ബാറുടമകൾ സജീവമാവുകയാണ്. ഉമ്മൻ ചാണ്ടി സർക്കാരിനെ വെട്ടിലാക്കിയത് ബാർ കോഴയായിരുന്നു. ധനമന്ത്രിയായിരുന്ന കെ എം മാണിക്ക് രാജിവയ്‌ക്കേണ്ടിയും വന്നു. ബാറിലെ സമരങ്ങളാണ് ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചത്. എന്നാൽ അധികാരത്തിലെത്തിയ ഇടത് സർക്കാർ ബാറുടമകളുടെ ആഗ്രഹമെല്ലാം നടപ്പിലാക്കാനുള്ള നീക്കത്തിലാണ്. വേണ്ടതു പോലെ വേണ്ടപ്പെട്ടവരെ കണ്ടാൽ എല്ലാം ശരിയാകുമെന്ന അവസ്ഥ.

കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചതോടെ, ഇനി സംസ്ഥാനത്ത് എവിടെയും മദ്യശാല ആരംഭിക്കാമെന്ന അവസ്ഥയാണുള്ളത്. ചില്ലറ വിൽപനശാല, ബീയർ പാർലർ, ബാർ എന്നിവയ്ക്ക് ഇനി സംസ്ഥാന സർക്കാരിന്റെ മദ്യനയം മാത്രമേ ബാധകമാകുകയുള്ളൂ. ത്രീ സ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകൾക്കുമാത്രം ബാർ ലൈസൻസ് നൽകുകയുള്ളൂവെന്ന നയമാണു നിയന്ത്രണമായി അവശേഷിക്കുന്നത്. ഇത് മാറ്റാനുള്ള അധികാരം സർക്കാരിന് സുപ്രീംകോടതി നൽകിയിട്ടുണ്ട്. ഇത് ഏത് സമയവും ബാർ ഉടമകൾക്ക് അനുകൂലമാകുന്ന തരത്തിലേക്ക് മാറ്റും. നയം മാറ്റത്തിനുള്ള സാധ്യതയിൽ ഇടതു മുന്നണി ചർച്ച തുടങ്ങിയിട്ടുണ്ട്.

ദേശീയപാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ച സുപ്രീംകോടതി പിന്നീട് കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിന്മേൽ വീണ്ടും അപ്പീൽ ഉണ്ടായപ്പോഴാണു പ്രദേശത്തിന്റെ പ്രത്യേകതകൾ പരിശോധിച്ചു മദ്യശാലയ്ക്ക് അനുമതി നൽകണോയെന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നു കഴിഞ്ഞദിവസം വിധി പുറപ്പെടുവിച്ചത്. ഇതാണ് ബാറുടമകൾക്ക് അനുകൂലമായി മാറുന്നത്. ത്രീ സ്റ്റാറുകൾക്ക് കൂടി ബാർ അനുവദിക്കാമെന്ന തീരുമാനം എടുത്താൽ കേരളത്തിന്റെ മുക്കിനും മൂലയിലും ബാറുകൾ വരും. ക്രൈസ്തവ സഭകൾ ഇതിനെ എതിർക്കാനിടയുണ്ട്. എന്നാൽ ഇത് അവഗണിച്ചും ബാറുടമകളുടെ ആവശ്യം സർക്കാർ നടത്തിക്കൊടുക്കുമെന്നാണ് സൂചന.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളമാകെ ഒരു നഗരമെന്ന രീതിയിൽ കണക്കാക്കണമെന്നാണു കോടതിയെ കേരളം അറിയിച്ചത്. ഇതിനു വിരുദ്ധമായി പ്രത്യേക പ്രദേശങ്ങളെ ടൗൺഷിപ്പുകളായി പ്രഖ്യാപിച്ചുകൊണ്ടു തീരുമാനം എടുത്താൽ അതു കോടതിയിൽ ചോദ്യം ചെയ്‌തേക്കാം. അല്ലെങ്കിൽ, അതിനുവേണ്ടി നിയമനിർമ്മാണമെന്ന വഴിയുണ്ട്. ഈ കാര്യങ്ങളെല്ലാം സർക്കാർ പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് നൂറ്റമ്പതോളം ബാറുകൾ അടഞ്ഞുകിടക്കുന്നതു പഞ്ചായത്തുകളിലാണ്. ഇവിടങ്ങളിലെ ത്രീസ്റ്റാർ പദവി ഉള്ള ബാറുകൾക്ക് തുറന്നുപ്രവർത്തിക്കാനാവുന്ന സ്ഥിതിയാണ് വിധിയിലൂടെ ഉണ്ടാകുന്നത്.

സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾക്ക് 500 മീറ്റർ ദൂരപരിധി നിഷ്‌കർഷിച്ച് 2015 ഡിസംബർ 15ന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ് പുറത്തു വന്നത്. കഴിഞ്ഞ ജൂലൈയിൽ നഗരപരിധിയിലുള്ള മദ്യശാലകളെ പാതയോര നിയന്ത്രണത്തിൽനിന്ന് സുപ്രീം കോടതി ഒഴിവാക്കിയിരുന്നു.