തിരുവനന്തപുരം: ബാർകോഴയിടപാടിൽ കോൺഗ്രസ് മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്ന പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദന്റെ രണ്ടാമത്തെ കത്ത് വിജിലൻസ് അന്വേഷണ സംഘത്തിന് കൈമാറിയില്ല. ബാർകോഴയിൽ മാണിക്ക് എതിരെ ശക്തമായ നിലപാട് എടുത്ത പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് മന്ത്രിമാർക്ക് എതിരായ ആരോപണങ്ങളിൽ പഴയ ആത്മാർത്ഥതയില്ല. മാദ്ധ്യമങ്ങളോട് കത്ത് നൽകിയെന്ന് പറയുമ്പോഴും അത് വിജിലൻസിന് കിട്ടിയില്ലെന്ന വസ്തുത അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ബാർ കോഴയിൽ കോൺഗ്രസ് മന്ത്രിമാർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി എസ് നൽകിയ ആദ്യത്തെ കത്തിന് നാലാം ദിവസം തന്നെ വിജിലൻസ് മറുപടി നൽകിയിരുന്നു. ബിജു രമേശ് കോൺഗ്രസ് മന്ത്രിമാർക്കെതിരെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ കോടതിയിൽ നൽകിയ മൊഴിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിൽ അന്വേഷിക്കണമെന്നാണ് വി എസ്.അച്യുതാനന്ദന്റെ ആവശ്യം. ഭരണസ്വാധീനത്തിന് വിജിലൻസ് ഡയറക്ടർ വഴങ്ങരുതെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു. ആദ്യ കത്ത് തള്ളിയ സാഹചര്യത്തിലായിരുന്നു ഇത്. പുതിയ കത്ത് വിജിലൻസിന് നൽകുമെന്നും പറഞ്ഞു. എന്നാൽ ഈ കത്ത് ഇന്നലെ വൈകിട്ടുവരെ അന്വേഷണസംഘത്തിന് കൈമാറിയിട്ടില്ല. കെ.ബാബു, രമേശ് ചെന്നിത്തല, വി എസ്. ശിവകുമാർ എന്നിവർക്കെതിരേ കേസെടുക്കണമെന്നാണ് വിഎസിന്റെ ആവശ്യം.

ഇതിനൊപ്പം വി എസ് നടത്തുന്ന പ്രസ്താവനകളിലും ചെന്നിത്തലയെ ലക്ഷ്യം വയ്ക്കുന്നില്ല. മാണിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മാത്രമാണ് വില്ലന്മാർ. ധനമന്ത്രി കെ.എം. മാണിയെ രക്ഷിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വയം ജഡ്ജി ചമയുകയാണെന്നാണ് വി എസ്. അച്യുതാനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയും കേരള ജനതയോടുള്ള കൊഞ്ഞനം കുത്തലുമാണ്. ഉമ്മൻ ചാണ്ടി കള്ളന് കഞ്ഞിവയ്ക്കുക മാത്രമല്ല. പായസം കൂട്ടി സദ്യ ഒരുക്കുകയാണെന്നും വി എസ് പരിഹസിച്ചു. ഇതിനപ്പുറം രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഒന്നും പറയുന്നില്ല. മാണിക്ക് എതിരെ കേസെടുത്തതിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സിപിഐ(എം) നിറയുമ്പോഴാണ് ഇതിൽ.

വിഎസിന്റെ മകൻ അരുൺ കുമാർ പ്രതിയായ കേസ് വിജിലൻസിന്റെ പരിഗണനയിലാണ്. ഈ കേസ് ഒത്തു തീർപ്പാക്കാനുള്ള വിഎസിന്റെ നീക്കമാണ് ഇതെന്നും ആക്ഷേപമുണ്ട്. ആഭ്യന്തര മന്ത്രിക്ക് എതിരെ ഗുരുതരമായ ആരോപണം ഉയർന്നിട്ടും അതിനെ തണുപ്പിക്കാൻ വി എസ് ശ്രമിക്കുന്നു. ആക്രമണങ്ങൾ എല്ലാം മാണിക്കും ഉമ്മൻ ചാണ്ടിക്കും മാത്രം എതിരെയാകുന്നു. ഐ ഗ്രൂപ്പിന്റെ തിരക്കഥയ്‌ക്കൊപ്പം വി എസ് നീങ്ങുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തുന്നു. എല്ലാ വിഷയത്തിലും കരുത്തോടെ സംസാരിക്കുന്ന വി എസ് തന്ത്രപരമായ നീക്കമാണ് നടത്തുന്നതെന്നും വിമർശനം സജീവമാണ്.

മാണിയേയും ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും ഒരു പോലെ വിമർശിക്കണമെന്നാണ് ഭരണത്തെ എതിർക്കുന്നവർ പറയുന്നത്. എന്നാൽ അതിന് വേണ്ടത്ര പ്രധാന്യം വി എസ് നൽകുന്നില്ല. ഇത് ചെന്നിത്തലയെ രക്ഷിക്കാനെന്നാണ് വിമർശനം. ഇതിനൊപ്പം മാണിയെ ഇടതു പക്ഷവുമായി അകറ്റാനുള്ള തന്ത്രമാണെന്നും സൂചനയുണ്ട്. കോൺഗ്രസ് ഗൂഡാലോചനയാണ് ബാർ കോഴയെന്ന വരുത്തി മാണിയെ ഇടതു പക്ഷത്തേക്ക് അടുപ്പിക്കാനുള്ള സിപിഐ(എം) തന്ത്രം കൂടിയാണ് വിഎസിന്റെ ഈ നീക്കം പൊളിക്കുന്നത്.