- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന സമ്മർദ്ദ തന്ത്രവുമായി ചെന്നിത്തല; മാണിക്കെതിരെ കുറ്റപത്രം ഉടനെന്ന വാർത്ത നൽകിയേക്കുമെന്ന് ചാനലുകൾക്ക് ഐ ഗ്രൂപ്പ് നേതാക്കളുടെ ക്ലൂകൾ; ജോർജ്ജിനെ രക്ഷിക്കാൻ ആർക്ക് കഴിയും?
തിരുവനന്തപുരം: ബാർ കോഴയിൽ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കൻ സർവ്വ അടവും പയറ്റി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചീഫ് വിപ്പ് പിസി ജോർജ്ജിനെ സംരക്ഷിക്കാനായുള്ള നീക്കങ്ങളിൽ കെഎം മാണി വീഴുന്നില്ലെന്ന് മനസ്സിലായതോടെ ഭീഷണിയെന്ന സമ്മർദ്ദ തന്ത്രത്തിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ചെന്നിത്തല. ബാർ കോഴയിൽ മാണിക്കെതിരെ വി
തിരുവനന്തപുരം: ബാർ കോഴയിൽ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കൻ സർവ്വ അടവും പയറ്റി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചീഫ് വിപ്പ് പിസി ജോർജ്ജിനെ സംരക്ഷിക്കാനായുള്ള നീക്കങ്ങളിൽ കെഎം മാണി വീഴുന്നില്ലെന്ന് മനസ്സിലായതോടെ ഭീഷണിയെന്ന സമ്മർദ്ദ തന്ത്രത്തിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ചെന്നിത്തല. ബാർ കോഴയിൽ മാണിക്കെതിരെ വിജിലൻസിനെ കൊണ്ട് കുറ്റപത്രം നൽകിക്കുമെന്നാണ് പുതിയ ഭീഷണി. തനിക്ക് വഴങ്ങി ജോർജ് വിഷയത്തിൽ അനുകൂല നിലപാട് എടുക്കണമെന്നാണ് ആവശ്യം. കേരളാ കോൺഗ്രസ് സെക്യുലറുമായി ജോർജിനെ മുന്നണിയിൽ തുടങ്ങി തുടരാൻ അനുവദിക്കണമെന്നാണ് മാണിയോട് ചെന്നിത്തലയുടെ ആവശ്യം.
ചാനൽ ചർച്ചകളിലും ബാർ കോഴയിൽ കുറ്റപത്രം ഉടനെന്ന സൂചന തന്നെയാണ് ഐ ഗ്രൂപ്പിന്റെ വക്താക്കൾ നൽകുന്നത്. മാണി യുഡിഎഫിൽ നിന്ന് പിണങ്ങിപോയി മന്ത്രിസഭ വീണാലും കുഴപ്പമില്ല ജോർജിനെ കൈവിടാൻ പറ്റില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. മുന്നണിയിൽ നിന്ന് പുറത്തായാൽ ബാർ കോഴയ്ക്ക് പിന്നിലെ യഥാർത്ഥ ഗൂഡാലോചന ജോർജ് പുറത്തു പറയുമെന്ന ഭയം ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും ഉണ്ട്. ഈ സാഹചര്യത്തിലാണ് അവസാന വട്ട കരുനീക്കങ്ങളുമായി ഐ ഗ്രൂപ്പ് രംഗത്ത് വരുന്നത്.
ബാർ കോഴക്കേസിൽ മെയ് ആദ്യം കുറ്റപത്രം സമർപ്പിക്കുമെന്നാണ് കോൺഗ്രസിലെ ഐ വിഭാഗം പ്രചരിപ്പിക്കുന്നത്. ഇതിന്റെ മുന്നോടിയായാണ് വിജിലൻസിന്റെ ആവശ്യപ്രകാരം ബിജു രമേശിന്റെ മൊഴി മജിസ്‌ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണം ഉണ്ടാകുമെന്നും പറയുന്നു. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ തന്നെ സർക്കാരിന്റെ അബ്കാരി നയവുമായി ബന്ധപ്പെട്ട് കോഴക്ക് സ്ഥിരീകരണമുണ്ട്. പണം നൽകിയതിനും വാങ്ങിയതിനുമുള്ള തെളിവ് പ്രാഥമികാന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ബാറുടമകളുടെ മിനിറ്റ്‌സിലെ തെളിവുകൾക്ക് പുറമെ പണം നൽകുന്നതിന് ദൃക്‌സാക്ഷിയുണ്ടെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെന്നും ഇവർ പ്രചരിപ്പിക്കുന്നു.
എന്നാൽ സിഡികളിൽ ചെന്നിത്തലയ്ക്കും മന്ത്രിമാരായ ബാബുവിനും ശിവകുമാറിനും എതിരെയുള്ള പരാമർശങ്ങളെ കുറിച്ച് ആർക്കും മിണ്ടാട്ടമില്ല. ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള മാണിയുടെ നീക്കമാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിക്കുന്നത്. ബജറ്റ് അവതരണത്തിന് ശേഷം മാണി രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ ആഞ്ഞടിച്ചു.. പിസി ജോർജിനെതിരെ നിലപാട് ശക്തമാക്കി. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ കത്തും നൽകി. ഇതോടെയാണ് ബാർ കോഴയിലെ ഗൂഡാലോചനയുടെ യാഥാർത്ഥ ഉറവിടം യുഡിഎഫാണെന്ന് വ്യക്തമായത്. നിലപാടിൽ ഉറച്ച് മാണി നിന്നതോടെ ജോർജ്ജിനെ രക്ഷിക്കാനുള്ള ചെന്നിത്തലയുടെ ശ്രമവും പരാജയമായി. ഇതോടെയാണ് കുറ്റപത്രമെന്ന ഭീഷണി സജീവമാക്കുന്നത്.
മാണിക്കെതിരെ ഒരു തെളിവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ എല്ലാം കിട്ടയെന്നാണ് ഐ ഗ്രൂപ്പിന്റെ പ്രചരണം. 2014 ഏപ്രിൽ രണ്ടാം തീയതി മന്ത്രിക്ക് കോഴ നൽകിയതിന് ദൃക്‌സാക്ഷിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയെന്നാണ് പ്രചരണം. കഴിഞ്ഞ വർഷം മാർച്ച് 20 നും, ഏപ്രിൽ മൂന്നിനുമിടക്കായി മൂന്ന് ഗഡുക്കളായി കോഴ നൽകിയെന്നതിനും തെളിവുകൾ ശേഖരിച്ചിരുന്നു. ബാറുടമകൾ മൊഴിമാറ്റിയതുകൊണ്ട് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ അപ്രസക്തമായെന്ന് ചൂണ്ടിക്കാട്ടി കേസവസാനിപ്പിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർ തീരാത്ത നിയമക്കുരുക്കുകളിൽ പെടും. ഇക്കാര്യത്തിൽ ലളിതാകുമാരി കേസിൽ സുപ്രീംകോടതിയുടെ കർശനമായ മാർഗനിർദേശങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ കുറ്റപ്ത്രം ഉടൻ നൽകുമെന്നാണ് പ്രചരണം.
ഇതിനായി കെ.എം.മാണിക്കെതിരായ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് നൽകിയ ശബ്ദരേഖ തെളിവായി സ്വീകരിക്കുന്ന കാര്യത്തിൽ വിജിലൻസ് നിയമോപദേശം തേടുമെന്നും സൂചനയുണ്ട്. മാണിക്കെതിരെ കേസെടുക്കാമെന്ന നിലപാടിലായിരുന്നു നേരത്തെ വിജിലൻസിനുണ്ടായിരുന്നത്. എന്നാൽ നേരിട്ട് തെളിവില്ലെന്ന നിലപാടാണ് ഇപ്പോൾ വിജിലൻസിനുള്ളത്. മാണി കോഴ വാങ്ങിയെന്ന് പരാതിക്കാരനായ ബിജു രമേശ് മാത്രമാണ് മൊഴി നൽകിയിട്ടുള്ളത്. ഈ സത്യങ്ങളെല്ലാം മറച്ചുവച്ചാണ് മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കുമെന്ന പ്രചരണം. യഥാർത്ഥത്തിൽ കേസിൽ പ്രാഥമിക റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് വിജിലൻസിന്റെ പദ്ധതി.
അതിനിടെ സമ്മർദ്ദത്തിന്റെ ഭാഗമായി ആന്റണിയുമായി രമേശ് ചെന്നിത്തല സംസാരിച്ചു. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെങ്കിൽ ഞാൻ മന്ത്രിസ്ഥാനത്ത് തുടരേണ്ടതില്ലല്ലോ, ഒഴിഞ്ഞേയ്ക്കാം'' ആഭ്യന്തരമന്ത്രി രാമേശ് ചെന്നിത്തല എ.കെ.ആന്റണിയോട് പറഞ്ഞു. എന്നാൽ ജോർജിനെ മുന്നണിയിൽ നിലനിർത്തുന്ന കാര്യത്തിൽ ആന്റണി അനുകൂല നിലപാടിൽ അല്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മാണിയുടെ തീരുമാനം അംഗീകരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് കുറ്റപത്രമെന്ന ഭീഷണിയുമായി മാണിയെ വരുതിയിലാക്കാനുള്ള നീക്കം. എന്നാൽ ഭീഷണികൾക്ക് വഴങ്ങാതെ ജോർജ് വിഷയത്തിൽ നിലപാട് ശക്തമാക്കാൻ തന്നെയാണ് മാണിയുടെ തീരുമാനം.