തിരുവനന്തപുരം: ബാർ കോഴക്കേസിൽ മന്ത്രി കെ.എം. മാണിക്കെതിരായ വിജിലൻസ് അന്വേഷണം വഴിമുട്ടിയതായി സൂചന. ബാറുടമാ അസോസിയേഷൻ നേതാക്കളിലുണ്ടായ ഭിന്നത തന്നെയാണ് ഇതിന് കാരണം. ആരോപണം ഉന്നയിച്ച ബിജു രമേശിനെ മറ്റ് ബാറുടമകൾ തള്ളിപ്പറയുമ്പോൾ രക്ഷപ്പെടുന്നത് കെഎം മാണിയാമ്. ബാർ കോഴ ആരോപണം ശരിയെന്നോ തെറ്റെന്നോ തെളിയിക്കാനാവാതെ വിജിലൻസ് അന്വേഷണ സംഘം കുഴയുകയാണ്. കോഴപ്പണവുമായി ബാർ ഉടമകൾ മന്ത്രിയുടെ ഔദ്യോഗികവസതിയിൽ എത്തിയതിനു തെളിവുണ്ടെങ്കിലും അദ്ദേഹമതു കൈപ്പറ്റിയതായി കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസ് എസ്‌പി: ആർ. സുകേശന്റെ നിലപാട്.

ഈ സാഹചര്യത്തിൽ, മാണിയെ പ്രോസിക്യൂട്ട് ചെയ്യാനാകുമോയെന്ന നിയമോപദേശത്തിനായി സുകേഷിന്റെ അന്വേഷണ റിപ്പോർട്ട് അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണിക്കു കൈമാറും. നിഷ്പക്ഷമായ നിയമോപദേശത്തിനായി മുൻ അഡ്വക്കേറ്റ് ജനറൽ എം.കെ. ദാമോദരനെ സമീപിക്കാനാണു വിജിലൻസ് ആദ്യം തീരുമാനിച്ചത്. എന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐ(എം) നേതാക്കളുടെ അഭിഭാഷകനും അറിയപ്പെടുന്ന ഇടതു പക്ഷക്കാരനുമായി ദാമോദരനെ ഫൽ ഏൽപ്പിക്കുന്നതിൽ മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവുണ്ടായിരുന്നു. ഇതോടെയാണ് എജിക്ക ്തീരുമാനം എടുക്കാനുള്ള അവസരം ഉണ്ടാകുന്നത്. വ്യക്തമായ തെളിവ് ഇല്ലാത്തതിനാൽ അന്വേഷണം തുടരാൻ മാത്രമാകും നിയമോപദേശം. അല്ലാതെ മാണിയെ പ്രതിചേർത്ത് കുറ്റപത്രം നൽകാൻ ശുപാർശ ചെയ്യില്ല.

കേസിൽ നുണപരിശോധനയ്ക്കു തയാറാകാൻ ചില ബാർ ഉടമകൾ സമ്മതം നൽകിയിരുന്നില്ല. അവർ മാണിയെ സമീപിച്ചെന്നതിനുള്ള സാഹചര്യത്തെളിവായാണു വിജിലൻസ് ഇതിനെ വിലയിരുത്തുന്നത്. ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ്, അദ്ദേഹത്തിന്റെ ഡ്രൈവർ അമ്പിളി, ഹോട്ടൽ മാനേജർ ശ്യാം മോഹൻ എന്നിവരടക്കം അറുനൂറോളം പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. മാണിക്കു പണം നൽകിയവർ തന്റെ ഹോട്ടലിലാണു തങ്ങിയതെന്നും തന്റെ കാറിലാണു പോയതെന്നും ബിജു വെളിപ്പെടുത്തിയിരുന്നു.

പരാതിക്കാരനായ പ്രതിപക്ഷനേതാവ്, മന്ത്രി മാണി, ബിജു രമേശ്, സർക്കാർ ചീഫ് വിപ്പായിരുന്ന പി.സി. ജോർജ് എന്നിവരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. ബാർ ഉടമകൾ തന്നെ വന്നുകാണുകയോ അവരിൽനിന്നു താൻ പണമോ പാരിതോഷികമോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നായിരുന്നു മാണിയുടെ മൊഴി. ബാർ ഉടമകളിലാരും മാണിക്കു നേരിട്ടു പണം നൽകിയതായി മൊഴി നൽകിയില്ല. ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി, ജനറൽ സെക്രട്ടറി കെ.ഡി. ധനേഷ് എന്നിവരുൾപ്പെടെ നാലുപേർ ചേർന്നു മാണിക്ക് ഒരുകോടി രൂപ നൽകിയെന്നായിരുന്നു ബിജുവിന്റെ മൊഴി. പണം കൊണ്ടുപോയതിനും നൽകിയതിനും സാക്ഷികളായ 22 പേരുടെ വിവരങ്ങളും അദ്ദേഹം അന്വേഷണസംഘത്തിനു നൽകി.

ഇതേ കേസിൽ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരേ 10 കോടിയുടെ കോഴയാരോപണവും ബിജു കോടതിക്കു നൽകിയ രഹസ്യമൊഴിയിൽ ഉന്നയിച്ചു. ഈ ആരോപണത്തിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് വിജിലൻസിന് നിയമോപദേശം കിട്ടിയിട്ടുണ്ട്. ഇതോടെ ബാബുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യില്ലെന്നും ഉറപ്പായി., നിലവിലെ അന്വേഷണത്തിന്റെ ഭാഗമായി ഇതും പരിശോധിക്കും. അതിനപ്പുറം ഒന്നും സംഭവിക്കില്ല. മാണിക്കെതിരായ ആരോപണത്തിൽ തെളിവില്ലെന്ന നിലപാടിൽ വിജിലൻസ് എത്തുമ്പോൾ ബാർ കോഴ വെറും ആരോപണമായി ചുരുങ്ങും.

മാണിക്കെതിരായ ആരോപണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദന്റെ ആവശ്യപ്രകാരമാണു ത്വരിതപരിശോധനയ്ക്ക് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. കേസെടുക്കാൻ സാഹചര്യമുണ്ടെന്നു ത്വരിതപരിശോധനയിൽ കണ്ടെത്തിയതിനേത്തുടർന്നാണു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്.