തിരുവനന്തപുരം: ബാർ കോഴക്കേസിലെ കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മയേയും മകൻ ജോസ് കെ മാണി എംപിയേയും വിജിലൻസ് ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. കേസിൽ മാണിയെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്. മാണിക്ക് പണം നൽകിയെന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചെന്ന ബിജു രമേശിന്റെ വെളിപെടുത്തലുമായി ബന്ധപെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൊഴിയെടുക്കാനും വിജിലൻസ് ആലോചിക്കുന്നുണ്ട്. ഈ മൊഴിയെടുക്കലുകൾക്ക് ശേഷം മാത്രമേ ബാർ കോഴയിൽ മാണിക്കെതിരായ ആരോപണത്തിൽ വിജിലൻസ് കുറ്റപത്രം നൽകൂ.

ഇന്നലെ കോവളം ഗസ്റ്റ് ഹൗസിൽ വച്ച് വിജിലൻസ് മാണിയ ചോദ്യം ചെയ്തിരുന്നു. കോവളം ഗസ്റ്റ്ഹൗസിൽവച്ച് വിജിലൻസ് എസ്‌പി ആർ സുകേശനാണ് ചോദ്യംചെയ്തത്. ബാറുടമ ബിജു രമേശിന്റെ കാർ ഡ്രൈവർ അമ്പിളിയുടെ മൊഴി പ്രകാരം പാലായിലെ മാണിയുടെ വീട്ടിൽ പോയി മാണിക്ക് പണം കൈമാറിയെന്ന് പറഞ്ഞിരുന്നു. ഈ പണം മാണി ഭാര്യ കുട്ടിയമ്മയുടെ പക്കൽ ഏൽപ്പിചെന്നാണ് അമ്പിളി മൊഴി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുട്ടിയമ്മയുടേയും ആ സമയം വീട്ടിലുണ്ടായിരുന്ന മകൻ ജോസ് കെ മാണിയേയും വിജിലൻസ് ചോദ്യം ചെയ്യാൻ ആലോചിക്കുന്നത്. എന്നാൽ ഭാര്യയെ വിജിലൻസ് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ മാണി കരുനീക്കങ്ങൾ തുടങ്ങിയതായി സൂചനയുണ്ട്. അങ്ങനെ വന്നാൽ കേരളാ കോൺഗ്രസ് ശക്തമായ നിലപാടിലേക്ക് പോകും. അതിനിടെ വിജിലൻസിനെ സമ്മർദ്ദത്തിലാക്കാൻ ആരും വരേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കെപിസിസി യോഗത്തിൽ ആരുടേയും പേര് പറയാതെയായിരുന്നു പരാമർശം. പക്ഷേ അത് ചെന്ന് കൊള്ളുന്നത് കേരളാ കോൺഗ്രസിനും കെഎം മാണിക്കുമാണ്.

മാണിയുടെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിനാലാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് ആലോചിക്കുന്നത്. ബാർ ഉടമകൾ കോഴ നൽകിയത് സംബന്ധിച്ച വിവരങ്ങൾ തന്റെ പക്കലുണ്ടെന്ന് കാണിച്ച് മുൻ ചീഫ് വിപ്പ് പി.സി ജോർജ്ജ് വിജിലൻസിന് കത്തെഴുതിയിരുന്നു. പി.സി ജോർജ്ജിനിൽ നിന്നും മൊഴിയെടുക്കാനും വിജിലൻസ് തയ്യാറെടുക്കുകയാണ്. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന കാര്യത്തിൽ വിജിലൻസ് ഇതുവരെ കൃത്യമായി തീരുമാനത്തിലെത്തിയിട്ടില്ല. എന്നാൽ ചോദ്യം ചെയ്തത് സ്വാഭാവിക നടപടി മാത്രമാണെന്ന് മന്ത്രി മാണി കോട്ടയത്ത് പ്രതികരിച്ചു. വിജിലൻസ് അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രതികരിച്ചു.

ബാർ കോഴയിൽ അന്വേഷണം വേഗത്തിലാക്കണമെന്ന മാണിയുടെ നിർദ്ദേശം പരിഗണിച്ചാണ് തീരുമാനങ്ങളെന്നാണ് ആഭ്യന്തര വകുപ്പ് നൽകുന്ന സൂചന. എന്നാൽ തന്നെ കുടുക്കി മന്ത്രിസഭയെ അട്ടമറിക്കാനുള്ള കോൺഗ്രസിലെ ഐ വിഭാഗത്തിന്റെ നീക്കമായി തന്നെയാണ് ഇതിനെ മാണി കാണുന്നത്. അതുകൊണ്ട് കൂടി ഭാര്യയെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ കടുത്ത നടപടികളിലേക്ക് കടക്കും. ഇതൊഴിവാക്കാനാണ് തന്നെ ചോദ്യം ചെയ്തതിൽ വിജിലൻസിനെ കടന്നാക്രമിക്കാത്ത നിലപാട് മാണി എടുക്കാത്തത്. സ്വാഭാവിക നടപടിയെന്നാണ് ഇന്നലെത്തെ സംഭവത്തെ മാണി വിശേഷിപ്പിച്ചത്.

കോവളത്ത് ധനമന്ത്രിമാരുടെ എംപവേർഡ് കമ്മിറ്റി യോഗത്തിനുശേഷം വെള്ളിയാഴ്ച വൈകിട്ട് ഏഴിന് തുടങ്ങിയ ചോദ്യംചെയ്യൽ ഒരുമണിക്കൂറോളം നീണ്ടിരുന്നു. ഇത് രണ്ടാംതവണയാണ് വിജിലൻസ് മാണിയെ ചോദ്യംചെയ്യുന്നത്. ആരോപണം ഉയർന്നഘട്ടത്തിൽ ക്വിക് വെരിഫിക്കേഷന്റെ ഭാഗമായിട്ടാണ് ആദ്യം ചോദ്യംചെയ്തത്. അധികാരത്തിലിരിക്കുന്ന മന്ത്രിയെ അഴിമതിക്കേസിൽ പൊലീസ് ചോദ്യംചെയ്യുന്നത് കേരള രാഷ്ട്രീയചരിത്രത്തിൽതന്നെ അപൂർവമാണ്. എന്നാൽ ചോദ്യം ചെയ്യലിൽ അപൂർണ്ണതയുണ്ടെന്നാണ് വിജിലൻസിന്റെ നിഗമനം. മറുപടികൾ പൂർണ്ണമല്ല. ഇനിയും വ്യക്തത വരുത്തണം. ഈ സാഹചര്യത്തിലാണ് ഭാര്യയേയും മകനേയും ചോദ്യം ചെയ്യേണ്ടി വരുന്നതെന്നാണ് വിജിലൻസിന്റെ നിലപാട്.

പൂട്ടിയ ബാറുകൾ തുറക്കാൻ ബാർ ഉടമകളിൽനിന്ന് മാണി കോടികൾ കൈപ്പറ്റിയ കേസിൽ അന്വേഷണം മെയ് മുപ്പതിനകം പൂർത്തിയാക്കുമെന്ന് കഴിഞ്ഞദിവസം വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. അന്തിമറിപ്പോർട്ട് തയ്യാറാക്കുന്നതിനായാണ് മാണിയെ ചോദ്യംചെയ്തത്. ബാർ ഉടമകളിൽനിന്ന് ഒരുകോടി കോഴവാങ്ങിയെന്ന പരാതിയിലാണ് മാണിയെ ഒന്നാംപ്രതിയാക്കി വിജിലൻസ് കേസെടുത്തത്. അടച്ചുപൂട്ടിയ 418 ബാർ തുറക്കാൻ സഹായിക്കാമെന്ന് വാഗ്ദാനംചെയ്ത് കെ എം മാണി കൈക്കൂലി വാങ്ങിയെന്ന ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയതിനെതുടർന്നാണ് തിരുവനന്തപുരത്തെ വിജിലൻസ് പ്രത്യേക കോടതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ക്വിക് വെരിഫിക്കേഷൻ നടത്തിയത്. തുടർന്ന് ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി അഴിമതിനിരോധന നിയമം ഏഴും പതിമൂന്നും (എ) വകുപ്പുകൾപ്രകാരം കേസെടുത്തു. അധികാരദുർവിനിയോഗം, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. മാണിക്കെതിരെ വ്യക്തമായ ചില തെളിവുകൾ വിജിലൻസിന് ലഭിച്ചിരുന്നു. ബിജു രമേശിന്റെ മൊഴിക്കുപുറമെ ഡ്രൈവർ അമ്പിളി എന്ന വിജയകുമാർ, അക്കൗണ്ടന്റ്, ബാർ ഉടമകൾ എന്നിവരുടെ മൊഴികളും കേസിൽ നിർണായകമാണ്.

മൊബൈൽഫോൺ രേഖകൾ, ബാർ ഉടമകൾ ബാങ്കിൽനിന്ന് പണം പിൻവലിച്ചതിന്റെ രേഖകൾ എന്നിവയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. മാണി കൈക്കൂലി വാങ്ങിയെന്ന് ബിജു രമേശും ഡ്രൈവർ അമ്പിളിയും പറഞ്ഞ സമയത്ത്, അവർ പറഞ്ഞ സ്ഥലത്ത് മാണി ഉണ്ടായിരുന്നുവെന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാണിക്ക് വ്യക്തമായ ഉത്തരം നൽകാനിയില്ലെന്ന് വിജിലൻസ് പറയുന്നു.