കോട്ടയം: യു.ഡിഎഫിന്റെ നെടും കോട്ടയാണ് കോട്ടയമെങ്കിലും സൗഹൃദമത്സരവും റിബൽപ്പടയും ചേർന്നപ്പോൾ വലത് രാഷ്ട്രീയം അങ്കലാപ്പിലായി. ഇതിനിടെയാണ് ബാർ കോഴയിൽ കെഎം മാണിക്കെതിരായ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് എത്തുന്നത്. മാണിയുടെ കടുംപിടിത്തമായിരുന്നു കോട്ടയത്തെ യുഡിഎഫിൽ പ്രശ്‌നമുണ്ടാക്കിയത്. റിബലുകളെ മാണി പ്രോത്സാഹിപ്പിച്ചു. പാലയിൽ പോലും കോൺഗ്രസിന് അർഹിക്കുന്ന സീറ്റ് നൽകിയില്ല. ഇതോടെ കോട്ടയിൽ വിള്ളൽ വീഴ്‌ത്തുമോ എന്ന ഭീതിയിൽ യു.ഡിഎഫ് എത്തി.

റിബൽ പ്രശ്‌നത്തിൽ കുരുങ്ങി കിടക്കുന്ന യു.ഡി.എഫിന് പ്രകടന പത്രിക പോലും ഇനിയും ഇറക്കാനായില്ല. ഈ സാഹചര്യമാണ് ഇപ്പോൾ മാറുന്നത്. ബാർ കോഴയിലെ വിധി വന്നതോടെ സൗഹൃദ മത്സരത്തോട് മാണിക്ക് താൽപ്പര്യം കുറഞ്ഞു. ബാർ കോഴ വിധിയിൽ അപ്പീൽ പോകാനും മന്ത്രിയായി തുടരാനും കോൺഗ്രസിന്റെ പിന്തുണ കൂടിയേ തീരൂ. അതുകൊണ്ട് തന്നെ സ്വന്തം റിബലുകളെ പിൻവലിക്കാനാണ് നീക്കം. ഇത് മനസ്സിലാക്കി കോൺഗ്രസും സൗഹൃദ മത്സരത്തിൽ നിന്നും പിന്മാറുകയാണ്. പല വാർഡുകളിലും പിന്മാറാതെ ഉറച്ചു നില്ക്കുന്ന റെബലുകളെ പുറത്താക്കുന്നതിന്റെ പത്രക്കുറിപ്പ് ഡി.സി.സി പ്രസിഡന്റിന്റെയും മാണിഗ്രൂപ്പ് ജില്ലാ പ്രസിഡന്റിന്റെയും പേരിൽ ഇറങ്ങി തുടങ്ങി. പിസി ജോർജ്ജുയർത്തുന്ന വെല്ലുവിളികൾ കൂടി തിരിച്ചറിഞ്ഞാണ് തീരുമാനം

38 റിബലുകളെ ഇതിനകം പുറത്താക്കിയതിൽ 31 പേർ മാണിഗ്രൂപ്പുകാരും ഏഴു പേർ കോൺഗ്രസുകാരുമാണ്. ജില്ലയിൽ 70ലേറെ യു.ഡി.എഫ് റിബലുകൾ ഇനിയും പിന്മാറാതെ മത്സരരംഗത്തുള്ളപ്പോൾ അരഡസനിൽ താഴെയാണ് ഇടതു റിബലുകളുടെ കണക്ക്. അവരേയും പിൻവലിക്കാൻ പരമാവധി ശ്രമിക്കും. കെ എം മാണി നേരിട്ടാണ് ഇതിനുള്ള നീക്കം തുടരുന്നത്. കോട്ടയത്ത് തിരിച്ചടിയുണ്ടായാൽ അത് ഇടതു പക്ഷം മാണിക്കെതിരെ ആയുധമാക്കും. ഇത് മനസ്സിലാക്കിയാണ് പാലയിൽ ഉൾപ്പെടെ വിമതരെ പിൻവലിക്കാനുള്ള നീക്കം സജീവമാകുന്നത്. അതായത് ബാർ കോഴയിലെ കോടതി വിധി മാണിയെ വീണ്ടും കോൺഗ്രസുമായി അടുപ്പിച്ചു.

തദ്ദേശത്തിൽ തോൽവിയുണ്ടായാൽ എല്ലാം ബാർ കോഴയുടെ പേരിൽ തന്റെ തലയിൽ വരുമെന്ന് മാണിക്ക് അറിയാം. ഈ സാഹചര്യത്തിൽ ശക്തി കേന്ദ്രങ്ങളിൽ സൗഹൃദ മത്സരത്തിന്റെ പേരിൽ തോൽക്കരുതെന്നാണ് മാണിയുടെ നിലപാട്. ബാർ കോഴയിൽ പ്രതിരോധം ശക്തമാക്കാൻ യുഡിഎഫിന്റെ വിജയം അനിവാര്യമാണെന്ന് കേരളാ കോൺഗ്രസും തിരിച്ചറിയുന്നു. ഈ സാഹചര്യമാണ് കോട്ടയത്ത് യുഡിഎഫിന് തുണയാകുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകളും ഇതിന് കാരണമായി. സിപിഎമ്മിൻഫേയും ബിജെപിയുടേയും എതിർപ്പ് അവഗണിക്കാൻ ഇത്തരം ഒത്തൊരുമ കൂടിയേ തീരുവെന്നാണ് മുഖ്യമന്ത്രിയുടേയും നിലപാട്.

റിബൽ ശല്യമില്ലാതെ ഇടതുമുന്നണിയും ബിജെപിയും കോട്ടയത്ത് പ്രചാരണത്തിൽ മുന്നിലാണ്. മൂന്നു മുന്നണിയുടെയും പ്രധാന നേതാക്കൾ പ്രചാരണത്തിനിറങ്ങി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പിറകേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്തി. എ.കെ.ആന്റണി പ്രചാരണം അവസാന ഘട്ടത്തിൽ എത്തുന്ന നവംബർ ഒന്നിനാണ് മണ്ഡലം ഇളക്കിമറിക്കാൻ എത്തുക. ഈ സാഹചര്യത്തിൽ റിബലുകളെ ഒഴിവാക്കി കളം പിടിക്കാനാണ് കോൺഗ്രസിന്റേയും മാണിയുടേയും തീരുമാനം.