തിരുവനന്തപുരം: ബാർ കോഴക്കേസിൽ കുറ്റപത്രമില്ല. വിജിലൻസ് ഡയറക്ടർ വിൻസൻ എം പോൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തതായാണ് സൂചന. തീരുമാനം കോടതിയെ അറിയിക്കാൻ എസ്‌പി സുകേശനു നിർദ്ദേശം നൽകിയിട്ടുണ്ട്.

കേസിൽ നിയമോപദേശം തേടി അറ്റോർണി ജനറലിനെയും സോളിസിറ്റർ ജനറലിനെയും സമീപിച്ചു എങ്കിലും ഇവർ നിയമോപദേശം നൽകിയില്ല. തുടർന്ന് സുപ്രീം കോടതിയിലെ മറ്റു മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം തേടുകയായിരുന്നു. ഇതിനു ശേഷമാണ് കുറ്റപത്രം വേണ്ടെന്നുള്ള തീരുമാനം വന്നത്.

വിജിലൻസ് ഡയറക്ടറുടെ തീരുമാനം സർക്കാരിനറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ആര് കോടതിയിൽ പോയാലും സങ്കോചമില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പിനു പിന്നാലെയാണ് സർക്കാരിന് ആശ്വാസമായി ബാർ കോഴക്കേസിൽ കുറ്റപത്രമില്ലെന്ന വാർത്ത പുറത്തുവന്നത്. സംസ്ഥാന സർക്കാറിനെ പിടിച്ചുലച്ച ബാർ കോഴക്കേസിന് പുതിയ വഴിത്തിരിവ് നൽകിക്കൊണ്ടാണ് വിജിലൻസ് ഡയറക്ടർ കേന്ദ്രസർക്കാരിന്റെ സഹായം തേടി കത്തയച്ചത്. ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് വിൻസൻ എം. പോൾ അറ്റോർണി ജനറലിന്റെയും സോളിസിറ്റർ ജനറലിന്റെയും നിയമോപദേശം തേടിയത്. രണ്ടുതവണയാണ് ഇത്തരത്തിൽ നിയമോപദേശം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ കത്തെഴുതിയത്.

അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13 വകുപ്പുകൾ പ്രകാരം മന്ത്രി മാണിക്കെതിരെയുള്ള ആരോപണം നിലനിൽക്കുമോയെന്ന വിഷയത്തിലാണ് വിജിലൻസ് ഡയറക്ടർ ഉപദേശം തേടിയത്. നിയമോപദേശം ലഭിച്ചാൽ സർക്കാർ പ്രതിസന്ധിയിലാകുമെന്ന റിപ്പോർട്ടുകൾക്ക് അടിസ്ഥാനമില്ലാതാക്കിയാണ് വിജിലൻസ് ഡയറക്ടറുടെ തീരുമാനം വന്നിരിക്കുന്നത്.

കെ.എം. മാണിക്കെതിരെയുള്ള ആരോപണം അന്വേഷിച്ച വിജിലൻസ് എസ്‌പി. സുകേശൻ സമർപ്പിച്ച വസ്തുതാവിവര റിപ്പോർട്ട് പരിശോധിച്ച വിജിലൻസ് നിയമോപദേഷ്ടാവ് കുറ്റപത്രം നിലനിൽക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിയമോപദേശം അടങ്ങുന്ന ഫയലാണ് വിജിലൻസ് ഡയറക്ടർ ഡി.ജി.പി. വിൻസൻ എം. പോളിന്റെ മുമ്പിലെത്തിയത്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കേന്ദ്ര നിയമ വിദഗ്ധരിൽനിന്ന് ഉപദേശം തേടിയത്.

കോഴപ്പണം കൈവശം വെക്കുകയോ പണം കൈമാറുന്നത് കാണുകയോ ചെയ്താൽ മാത്രം പോരാ, പ്രതി കോഴ ചോദിച്ചു വാങ്ങിയതാണെന്ന് സംശയാതീതമായി തെളിയിച്ചാൽ മാത്രമെ അഴിമിതി നിരോധന നിയമത്തിലെ ഏഴും 13ഉം വകുപ്പുകൾ പ്രകാരമുള്ള ആരോപണം നിലനിൽക്കൂവെന്ന് സുപ്രീം കോടതിയുടെ വിധികൾ നിലവിലുണ്ട്. ബാറുകൾ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി കോഴ ആവശ്യപ്പെട്ടതിന് വാക്കാലോ രേഖാമൂലമോ ഉള്ള തെളിവില്ലെന്ന റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥർ വിജിലൻസിലെ ഉന്നതർക്ക് നൽകിയത്. അറ്റോർണി ജനറൽ നിയമോപദേശം നൽകിയില്ലെങ്കിലും മുതിർന്ന അഭിഭാഷകരിൽ നിന്ന് അനുകൂല അഭിപ്രായം വന്നശേഷം കുറ്റപത്രം ഇല്ലെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത് ധനമന്ത്രി കെ എം മാണിക്കും യുഡിഎഫിനും ആശ്വാസമായിരിക്കുകയാണ്.