തിരുവനന്തപുരം: ബാർ കോഴ കേസ് അന്വേഷണത്തിൽ വിജിലൻസ് എഡിജിപിയായിരുന്ന ജേക്കബ് തോമസിന് ഒരു ചുമതലയുമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് മേധാവ് ടിപി സെൻകുമാർ ആവർത്തിക്കുന്നത്. ബാർ കോഴയിൽ ധനമന്ത്രിയായിരുന്ന കെഎം മാണിക്ക് എതിരായ തെളിവുകൾ ശേഖരിച്ചതും സമ്മർദ്ദത്തിന് അടിമപ്പെടാതെ പ്രവർത്തിച്ചതുമാണ് പൊലീസിൽ നിന്ന് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ തലപ്പത്ത് തന്നെ എത്തിച്ചതെന്ന ജേക്കബ് തോമസിന്റെ പരോക്ഷ വിമർശനമാണ് സെൻകുമാറിനെ കൊണ്ട് ഇങ്ങനെ പറയിച്ചത്. എന്നാൽ സെൻകുമാറിന്റെ ഈ വാദം പല സംശയങ്ങളും സജീവമാക്കുകയാണ്. എസ്‌പി സുകേശനിൽ നിന്ന് ബാർ കോഴയിലെ കെ ബാബുവിനെതിരായ അന്വേഷണ ചുമതല ഒഴിവാക്കാൻ ഇടപെടൽ നടന്നുവെന്ന ആരോപണമാണ് സെൻകുമാറിന്റെ വാദം സജീവമാക്കുന്നത്.

മന്ത്രി കെ ബാബു ബാർ ഉടമകളിൽ നിന്നും 10 കോടിരൂപ കോഴ വാങ്ങിയെന്ന ബാർ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരുന്നു. എന്നാൽ വലിയ കള്ളക്കളികൾ ഇവിടെ നടന്നു. ബാബുവിനെ രക്ഷിക്കാനായി വിചിത്രമായ വാദങ്ങൾ സർക്കാർ തന്നെ കണ്ടെത്തി. ബാർ കോഴയിൽ ധനമന്ത്രിയായിരുന്ന മാണിക്ക് പാലായിലെ വീട്ടിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും കോഴ കൈമാറിയെന്നായിരുന്നു ആരോപണം. ഇതിൽ അന്വേഷണം നടത്തിയത് തിരുവനന്തപുരം യൂണിറ്റ് എസ് പി സുകേശൻ. അന്വേഷണത്തിൽ സുകേശനെ സ്വാധീനിക്കാൻ ആർക്കുമായില്ല. അതുകൊണ്ട് തന്നെ ബാബുവിനെതിരായ ക്വക്ക് വെരിഫിക്കേഷൻ അനേഷണം സുകേശൻ നൽകരുതെന്ന തീരുമാനിക്കപ്പെട്ടു. അതിനായി ഉയർത്തിയ ന്യായമാണ് ഇപ്പോൾ വിവാദമാകുന്നത്.

വിജിലൻസിന് രണ്ട് എഡിജിപി മാർ ഉണ്ടായിരുന്നു. ജേക്കബ് തോമസും പിന്നെ ഷെയ്ഖ് ദർവേസ് സാഹിബും. ദക്ഷിണ മേഖലയുടെ ചുമതല ജേക്കബ് തോമസിനും ഉത്തരമേഖലയ ഷെയ്ഖ ദർവേസിനും. ബാബുവിനെതിരായ അന്വേഷണം തിരുവനന്തപുരം യൂണിറ്റിന് കിട്ടാതിരിക്കാൻ തന്ത്രപരമായ നീക്കമാണ് ആഭ്യന്തര വകുപ്പ് നടത്തിയത്. ബാബുവിന് കോഴ കൈമാറിയത് സെക്രട്ടറിയേറ്റിൽ വച്ചാണ്. അതുകൊണ്ട് തന്നെ കുറ്റം നടന്നത് തിരുവനന്തപുരത്ത്. കൈക്കൂലി കൊടുത്ത വ്യക്തി തന്നെ തുറന്നു പറയുന്നു. ഈ സാഹചര്യത്തിൽ ക്വിക്ക് വെരിഫിക്കേഷന് ശേഷം എഫ്‌ഐആർ അനിവാര്യതയായിരുന്നു. സുകേശൻ അന്വേഷിച്ചാൽ ഇത് തന്നെ നടക്കുമെന്ന് തിരിച്ചറിഞ്ഞതോടെ ബാബുവിന്റെ കേസ് എറണാകുളം യൂണിറ്റിലേക്ക് മാറ്റി. ഇതിന് പറഞ്ഞ ന്യായമാണ് ഡിജിപി സെൻകുമാറിന്റെ ഇപ്പോഴത്തെ പ്രസ്താവനയെ വിവാദമാക്കുന്നതും.

ദക്ഷിണമേഖലയുടെ ചുമതലള്ള വിജിലൻസ് എഡിജിപിയാണ് ജേക്കബ് തോമസ്. എന്നാൽ ബാർകോഴക്കേസിൽ കെ ബാബുവിനെതിരായ അന്വേഷണത്തിൽ നിന്നും എഡിജിപി ജേക്കബ് തോമസ് സ്വയം ഒഴിവായി എന്നായിരുന്നു വിശദീകരണം. കെ ബാബുവിന്റെ കീഴിൽ പ്രവർത്തിച്ചതുകൊണ്ടാണ് ജേക്കബ് തോമസ് ഒഴിവായത്. ജേക്കബ് തോമസ് നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് വിൻസൻ എം പോളിന് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല നൽകി. വിജിലൻസ് മധ്യമേഖല എസ്‌പി കെ എം ആന്റണി, ഡിവൈഎസ്‌പി എം എൻ രമേശ് എന്നിവരും ബാബുവിനെതിരായ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. അന്ന് ആഭ്യന്തര വകുപ്പിന്റെ ഈ വിശദീകരണം ശരിയാണെങ്കിൽ ബാർ കോഴയിൽ മാണിക്കെതിരെ ജേക്കബ് തോമസ് അന്വേഷണ മേൽനോട്ടം വഹിച്ചിരുന്നുവെന്ന് വ്യക്തം. ഇനി ഡിജിപി സെൻകുമാർ പറയുന്നതാണ് ശരിയെങ്കിൽ ബാബുവിന്റെ അന്വേഷണം സുകേശന്റെ കൈയിലെത്താതിരിക്കാൻ ബോധപൂർവ്വമുള്ള ഇടപെടൽ നടന്നുവെന്ന ആരോപണത്തിനും ശക്തിയേറെയാണ്.

ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിയെ തുടർന്ന് മന്ത്രി ബാബുവിനെതിരെ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വിജിലൻസ് ഡയറക്ടറെ അറിയിച്ചിരുന്നു. കെ എം മാണിക്കെതിരെ നടക്കുന്ന അന്വേഷണത്തിനൊപ്പം ബാബുവിനെതിരെയും അന്വേഷിക്കാമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, നിയമോപദേശം മറികടന്ന് ബാബുവിനെതിരെ അന്വേഷണം നടത്താൻ രമേശ് ചെന്നിത്തല നിർദ്ദേശിക്കുകയായിരുന്നു. മാണിയ്‌ക്കെതിരായ ആരോപണത്തോടൊപ്പം ഈ കേസ് അന്വേഷിച്ചാൽ സുകേശൻ തന്നെ എല്ലാം പിരിശോധിക്കും. അപ്പോൾ ഇടപെടലും സമ്മർദ്ദവും നടക്കില്ല. അതിനായിരുന്നു ഈ നീക്കമെന്നാണ് വ്യക്തമാക്കുന്നത്. എറണാകുളത്തുവച്ചാണ് കോഴ ഇടപാട് നടന്നത് എന്ന് മൊഴിയിൽ പറഞ്ഞിരിക്കുന്നതിനാൽ വിജിലൻസിന്റെ എറണാകുളം യൂണിറ്റാകും അന്വേഷണം നടത്തുകയെന്നാണ് റിപ്പോർട്ട്. എന്നാൽ സെക്രട്ടറിയേറ്റിലാണ് എല്ലാം നടന്നതെന്ന് ഇപ്പോഴും ബിജു രമേശ് ആരോപിക്കുന്നുണ്ട്.

ബിജു രമേശിന്റെ ആരോപണങ്ങളെ വിശ്വാസ്യത്തിലെടുക്കാൻ കഴിയില്ലെന്നാണ് ബാബുവിനെതിരായ ക്വക്ക് വെരിഫിക്കേഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ആരോപണമുയർന്ന് ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി. ഇതിനായി ബാർ ഉടമകളുടേയും അസോസിയേഷൻ ഭാരവാഹികളുടേയും മൊഴികൾ വിജിലൻസ് ശേഖരിച്ചിരുന്നു. അമ്പതോളം പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മന്ത്രി ബാബുവിന്റേയും മൊഴി രേഖപ്പെടുത്തി. കോഴ നൽകിയെന്ന് ബിജു രമേശ് പറയുന്ന സാഹചര്യങ്ങളും തെളിവുകളും തമ്മിൽ യോജിക്കുന്നില്ലെന്നാണ് റിപ്പോർട്ടിൽ പ്രധാനമായും പറയുന്നത്. കേസിൽ പ്രധാന സാക്ഷികളായ ബാറുടമകൾ മന്ത്രി ബാബുവിന് അനുകൂലമായി മൊഴി നൽകിയതാണ് നിർണായകമായത്. ഇത് വിശ്വാസത്തിലെടുത്ത് കേസ് അവസാനിപ്പിച്ചു.

നിർണ്ണായക സാക്ഷിമൊഴികളെല്ലാം ഒഴിവാക്കിയാണ് ഈ കള്ളക്കള്ളി നടന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇതിനായി ജേക്കബ് തോമസിനെ മേൽനോട്ട ചുമതലയിൽനിന്ന് ഒഴിവാക്കി. സുകേശന് ചുമതല നൽകിയതുമില്ല. ഈ ഒത്തുകളിക്കായി ജേക്കബ് തോമസും കെ ബാബുവും തമ്മിലുള്ള ബന്ധമാണ് സർക്കാർ ഉപയോഗിച്ചത്. അതിൽ നിന്ന് തന്നെ ബാർ കോഴയിൽ ജേക്കബ് തോമസിന് ചില ചുമതലകളുണ്ടായിരുന്നുവെന്നും വ്യക്തം. എന്നിട്ടും ഡിജിപി സെൻകുമാർ പറയുന്നത് മറിച്ചാണെന്നതാണ് അത്ഭുതപ്പെടുത്തുന്നത്.