തിരുവനന്തപുരം: ബാർകോഴ കേസിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഉന്നയിക്കുന്നത് ആരോപണം ഉന്നയിച്ച ബാറുടമകളുടെ വിശ്വാസ്യതയെ. വിജിലൻസ് എസ് പി സുകേശൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് ആരോപണങ്ങൾക്ക് പിന്നിൽ ബാറുടകൾ പൂട്ടിയതു കൊണ്ടുള്ള നഷ്ടമാണെന്നാണ്. മദ്യവ്യവസായം തകർത്തതിന്റെ പ്രതികാരമായാണ് മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതെന്ന രാഷ്ട്രീയവാദം ഏറ്റുപിടിക്കുകയാണ് വിജിലൻസും ചെയ്തിരിക്കുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെയുള്ള ബാറുകൾ സർക്കാർ അടച്ചുപൂട്ടിയതിനാൽ ഉടമകൾക്കു പ്രതിവർഷം 509.59 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നു വിജിലൻസ് എസ്‌പി സുകേശന്റെ റിപ്പോർട്ടിൽ പറയുന്നു. അഞ്ചു വർഷത്തേക്ക് ഇതു 2547.95 കോടി രൂപ വരുമെന്നു എസ്‌പി: ആർ. സുകേശൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ച വ്യക്തമാക്കി. 76 പേജുള്ള റിപ്പോർട്ടിൽ മാണിക്കെതിരെ മുഖ്യ ആരോപണം ഉന്നയിച്ച ബിജുരമേശിനെതിരെയും പരാമർശമുണ്ട്. ബാറുകൾ പൂട്ടിയതുകൊണ്ട് ഏറ്റവും അധികം നഷ്ടമുണ്ടായ ഒരു വ്യവസാസിയാണ് ബിജു രമേശെന്ന് സുകേശൻ തന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബിജു രമേശിനു മാത്രം 7.44 കോടി രൂപയാണ് ഒരു വർഷം മദ്യക്കച്ചവടത്തിൽ നഷ്ടം ഉണ്ടായത്. ഇതു കാരണമാണു ബിജു മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചതെന്നാണ് സുകേശന്റെ കണ്ടെത്തിൽ. മാണിയെ കുറ്റവിമുക്തനാക്കുന്ന തുടരന്വേഷണ റിപ്പോർട്ട് വിജിലൻസ് പ്രത്യേക കോടതി ഇന്നു പരിഗണിക്കാനിരിക്കേയാണ് കൂടുതൽ വിശദാംശങ്ങൽ പുറത്തുവന്നത്.

ബാർ ഉടമകൾ 201314ൽ ബവ്‌റിജസ് കോർപറേഷനിൽ നിന്ന് 1872.72 കോടി രൂപയുടെ മദ്യവും ബീയറുമാണു വാങ്ങിയത്. പകുതി ലാഭമെടുത്തു വിറ്റതായി കണക്കാക്കിയാൽ 936.36 കോടി രൂപ ലാഭമുണ്ട്. 201516ൽ ഏപ്രിൽ മുതൽ നവംബർ വരെ എട്ടു മാസം 569 കോടിയുടെ ബീയറും വൈനും ബാർ ഉടമകൾ വാങ്ങി. 12 മാസത്തേക്ക് 853 കോടിയുടെ മദ്യം വാങ്ങിയെന്നു കണക്കാക്കിയാൽ 426.77 കോടി ലാഭം. ഫോർ സ്റ്റാർ വരെയുള്ള ബാറുകൾ സർക്കാർ അടച്ചുപൂട്ടിയതു വഴി ഇവർക്കുണ്ടായ വരുമാനനഷ്ടം 509.09 കോടി. അഞ്ചു വർഷത്തേക്കു നഷ്ടം 2548 കോടി .

ബിജു രമേശിന് ഒൻപതു ബാർ ലൈസൻസ് ഉണ്ടായിരുന്നു. 2015 ഏപ്രിൽ മുതൽ എട്ടു മാസം 5.97 കോടിയുടെ ബീയറും വൈനും ഇവിടെ വാങ്ങി. 12 മാസത്തേക്ക് 8.95 കോടിയുടെ ബീയറും വൈനും വാങ്ങും. ലാഭം 4.48 കോടി. ബാർ ലൈസൻസ് ഉണ്ടായിരുന്നപ്പോൾ 201314ൽ 23.85 കോടിയുടെ മദ്യവും ബീയറും വാങ്ങി. ലാഭം 11.92 കോടി രൂപ. ഒൻപതു ബാറുകൾ പൂട്ടിയതോടെ ഒരു വർഷം മാത്രമുണ്ടായ വരുമാനനഷ്ടം 7.44 കോടി. അഞ്ചു വർഷത്തെ നഷ്ടം 37.22 കോടി രൂപ.

സർക്കാരിന്റെ അബ്കാരി നയം തുടർന്നാൽ കനത്ത നഷ്ടം തുടരുമെന്നതിനാലാണു ബിജു ആരോപണവുമായി എത്തിയത്. മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിക്കുക എന്നതാണു സർക്കാരിനെ ഭീഷണിപ്പെടുത്താനുള്ള ഏക വഴി. മാണിക്കെതിരെ ആരോപണം ഉന്നയിച്ചത് ഇതുകൊണ്ടാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിജു രമേശ് നൽകിയ സിഡിയിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിഡിയിൽ തിരുത്തൽ വരുത്തിയെന്നു ഫോറൻസിക് ലാബ് പരിശോധനയിൽ കണ്ടെത്തിയെന്നു വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 2014 ഡിസംബറിലെ കോർ കമ്മിറ്റി യോഗത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികൾ നടത്തിയ സംഭാഷണം എന്ന പേരിലാണു ബിജു സിഡി ഹാജരാക്കിയത്.

മൊബൈൽ ഫോൺ മെമ്മറി കാർഡിൽ നാലു ഫയൽ ഉണ്ടായിരുന്നു. അതിൽ മൂന്നു മണിക്കൂറിലേറെ ദൈർഘ്യമുള്ള ഫയൽ മായ്ച്ചുകളഞ്ഞു. മറ്റു മൂന്നെണ്ണം 2010ലേതാണ്. മാത്രമല്ല ഒരിക്കൽ മായ്ച്ചുകളഞ്ഞ ഫയൽ 2015ൽ വീണ്ടും തിരിച്ചെടുത്തു മാറ്റം വരുത്തി. മജിസ്‌ട്രേട്ടിന് ഇതു കൈമാറുന്നതിനു മൂന്നു ദിവസം മുൻപ്, 2015 മാർച്ച് 27ന് ഈ ഫയൽ പരിശോധിച്ചിട്ടുണ്ട്. ജിയോണി മോഡൽ മൊബൈൽ ഹാൻഡ്‌സെറ്റാണു ബിജു കോടതിക്കു നൽകിയത്. എംപി3, എംപി4 ഫോർമാറ്റിലാണ് ഇതിൽ ശബ്ദം രേഖപ്പെടുത്തുന്നത്. എന്നാൽ ഫോറൻസിക് പരിശോധനയിൽ വോർബിസ് എന്ന മറ്റൊരു ഫോർമാറ്റിലാണ് ഇതു റിക്കോർഡ് ചെയ്തത് എന്നു കണ്ടെത്തി. മറ്റേതോ ഉപകരണത്തിലാണു സംഭാഷണം റിക്കോർഡ് ചെയ്!തതെന്ന് ഇതിൽ നിന്നു വ്യക്തം. അതിനാൽ ഈ ഫോൺ തെളിവായി സ്വീകരിക്കാനാകില്ലെന്ന നിഗമനത്തിലുമെത്തി.

മാത്രമല്ല, ഈ മൊബൈൽ ഫോൺ ജഗതിയിലെ ആരതി സ്റ്റുഡിയോവിൽ കൊണ്ടുപോയി ഒരു കംപ്യൂട്ടറിൽ പകർത്തി. രണ്ടു സിഡിയിൽ പകർപ്പെടുത്തു. അതിനിടെ സംഭാഷണത്തിന്റെ ഒറിജിനൽ നീക്കംചെയ്തു ശബ്ദത്തിനു കൂടുതൽ വ്യക്തത വരുത്തി. ഈ സംഭാഷണം തെളിവായി എടുക്കാനാകില്ല. ബിജു രമേശ് ഒരു കോടി രൂപ മാണിക്കു നൽകിയെന്നും വിജിലൻസിനു തെളിവു നൽകാൻ ആവശ്യമായ രേഖകൾ ശേഖരിക്കണമെന്നുമാണു സംഭാഷണത്തിലെ ഉള്ളടക്കം.

സംഭാഷണങ്ങളുടെയും സിഡിയുടെയും ആധികാരികത തന്നെ സംശത്തിലായതോടെ അഡ്വക്കറ്റ് ജനറലിന്റെയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെയും വിജിലൻസ് നിയമോപദേഷ്ടാവിന്റെയും ഉപദേശം തേടി. തിരുത്തലുകൾ വരുത്തിയതിനാൽ ഇതൊന്നും നിയമപ്രകാരം തെളിവാകില്ലെന്നും ശബ്ദപരിശോധന ആവശ്യമില്ലെന്നും അവർ അറിയിച്ചു. ഒരു ഫയൽ മായ്ച്ചുകളഞ്ഞതടക്കം മറച്ചുവച്ചു ബിജു കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.