തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം. മാണിയ്‌ക്കെതിരായ തുടരന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ട് മേൽനോട്ടം വഹിക്കും. പിഴവുകളില്ലാതെ അന്വേഷണം പൂർത്തിയാക്കും. പരമാവധി തെളിവ് ശേഖരണവും നടത്തും. ബാർ ഉടമകളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അങ്ങനെ മാണിയെ അഴിമതിക്കേസിൽ കുടുക്കാനാണ് തീരുമാനം. ഇതിനിടെയിൽ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ ഇടപെടലും പരിശോധിക്കും. മാണിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയത് വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർറെഡ്ഡിയുടെ സമ്മർദ്ദം കാരണമായിരുന്നുവെന്നും അന്വേഷണ വിവരങ്ങളടങ്ങിയ കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയതായും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി ആർ. സുകേശൻ സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് ജഡ്ജിയുടെ പുനരന്വേഷണ ഉത്തരവ്.

'സൂക്ഷ്മ പരിശോധന' എന്നപേരിൽ ശാസ്ത്രീയസാഹചര്യത്തെളിവുകൾ നിരാകരിച്ച് റെഡ്ഡി നടത്തിയ ഇടപെടലിൽ കെ.എം. മാണി പ്രതിയല്ലാതായി മാറുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ പോലും തോന്നുവെന്ന് ഈ ഘട്ടത്തിൽ സുകേശന്റെ വെളിപ്പെടുത്തലുമെത്തി. ആഭ്യന്തരവകുപ്പിന്റെ കുറ്റാരോപണ മെമോയും ശാസനയുമേറ്റതിനു പിന്നാലെ 2015ലെ ഒഴിവിൽ ലഭിക്കേണ്ട ഐ.പി.എസ് സ്ഥാനക്കയറ്റം ഇല്ലാതാക്കുമെന്ന ഭീഷണിയും കൂടിയായതോടെ സുകേശൻ നിശബ്ദനായി. മുഖ്യമന്ത്രി പിണറായി വിജയനോടും വിജിലൻസ് മേധാവി ജേക്കബ് തോമസിനോടും അട്ടിമറികളെക്കുറിച്ച് കുമ്പസരിച്ചതോടെ ശങ്കർ റെഡ്ഡിക്കെതിരേ കോടതിയിൽ ഹർജി നൽകാൻ സുകേശന് അനുമതി ലഭിക്കുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. മാണിയോട് രാഷ്ട്രീയമായി അടുക്കേണ്ടതില്ലെന്ന സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശവും ഇതിന് കൂടുതൽ സഹായകമായി. മാണിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ട് കോടതിയിലെത്തിയതിന് പിന്നാലെ ബാറുടമകളുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിന് സുകേശനെതിരെ നടപടിവേണമെന്ന് ശങ്കർറെഡ്ഡി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനും ഇക്കാര്യങ്ങൾ മൊഴിയായി നൽകിയിട്ടുണ്ടെന്നും സുകേശൻ ചൂണ്ടിക്കാട്ടിയിരുന്നു.

ബാർ കോഴക്കേസിൽ മൂടിവയ്ക്കപ്പെട്ട സത്യങ്ങളും നശിപ്പിക്കപ്പെട്ട തെളിവുകളും പുറത്ത് വരണമെന്ന് വിജിലൻസ് ജഡ്ജി എ. ബദറുദ്ദീൻ പുനരന്വേഷണ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. എങ്കിലേ പരാതിക്കാർക്ക് നീതി ലഭിക്കൂ. തുടരന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ നിരാകരിക്കാനാവില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കേസിലെ ജേക്കബ് തോമസിന്റെ ഇടപെടലുകൾ. എത്രയും വേഗം പുനരന്വേഷണം പൂർത്തിയാക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് ശങ്കർ റെഡ്ഡിയുടെ നീക്കവും പരിശോധിക്കപ്പെടുന്ന്. കഴിഞ്ഞ 23നാണ് ശങ്കർറെഡ്ഡിയുടെ അട്ടിമറിശ്രമങ്ങൾ എണ്ണമിട്ട് നിരത്തി സുകേശൻ നേരിട്ടെത്തി കോടതിയിൽ ഹർജി സമർപ്പിച്ചത്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ അറുപതുശതമാനം തെളിവുണ്ടെന്നാണ് കോടതി നിർദ്ദേശപ്രകാരമുള്ള ആദ്യ തുടരന്വേഷണത്തിൽ സുകേശൻ കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടാം വസ്തുതാവിവര റിപ്പോർട്ട് നൽകിയപ്പോഴായിരുന്നു ശങ്കർറെഡ്ഡിയുടെ അട്ടിമറി.

വിജിലൻസ് ഡയറക്ടറുടെ അധികാരം ഉപയോഗിച്ച് അന്വേഷണ വിവരങ്ങളിൽ നിർണായകമായ തിരുത്തലുകൾ നടത്താൻ ശങ്കർറെഡ്ഡി ആവശ്യപ്പെടുകയായിരുന്നു. കേസ് ഡയറിയിൽ ബാറുടമകളുടെ മൊഴികളെക്കുറിച്ചും തെളിവുകളെക്കുറിച്ചും പരാമർശിക്കുന്ന ഭാഗത്ത് മാറ്റം വരുത്തണമെന്ന് ശങ്കർറെഡ്ഡി കർശന നിർദ്ദേശം നൽകി. തെളിവായി ബിജുരമേശ് മജിസ്‌ട്രേട്ടിന് സമർപ്പിച്ചിരുന്ന ശബ്ദരേഖയടങ്ങിയ മൂന്നരമണിക്കൂർ സി.ഡി പൂർണമായി തള്ളിക്കളയണമെന്നും റെഡ്ഡി നിർദ്ദേശിച്ചു. ശങ്കർറെഡ്ഡിയുടെ നിർദ്ദേശപ്രകാരം സുകേശന് കേസ് ഡയറിയിൽ തിരുത്തൽ വരുത്തേണ്ടിവന്നു. പക്ഷേ ഡയറക്ടറുടെ നിർദ്ദേശമനുസരിച്ച് മാറ്റം വരുത്തിയ ഭാഗങ്ങൾ ഏതൊക്കെയാണെന്ന് കേസ് ഡയറിയുടെ അവസാനഭാഗത്ത് സുകേശൻ രേഖപ്പെടുത്തി. മാണിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന തുടരന്വേഷണ റിപ്പോർട്ടിനോടൊപ്പം കേസ്ഡയറിയും കോടതിക്ക് സമർപ്പിച്ചിരുന്നു. ശങ്കർറെഡ്ഡിയുടെ ഇടപെടലുകളെക്കുറിച്ച് പിന്നീട് എഴുതിച്ചേർത്തതാണെന്ന ആക്ഷേപം വരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. കേസ്ഡയറി കോടതി തന്നെ സൂക്ഷിക്കണമെന്നും സുകേശൻ ആവശ്യപ്പെട്ടിരുന്നു. മാണിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്നും സുകേശൻ ചൂണ്ടിക്കാട്ടുന്നു.

സുകേശന്റെ ആദ്യ റിപ്പോർട്ടിൽ ശങ്കർറെഡ്ഡിയുടെ എട്ടുവെട്ടുകളാണ് വരുത്തിയത്. മാണി പാലായിൽ15 ലക്ഷവും തിരുവനന്തപുരത്ത് 10 ലക്ഷവും വാങ്ങിയതിന് തെളിവുണ്ടെന്ന് ആദ്യ റിപ്പോർട്ടിൽ. ഒരിടത്തും പണമിടപാട് നടന്നിട്ടില്ലെന്നും മാണി കോഴ ആവശ്യപ്പെട്ടിട്ടില്ലെന്നും തിരുത്തി. ബാർലൈസൻസ് പുതുക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ രണ്ടുവട്ടം നിയമോപദേശം നൽകിയിട്ടും തീരുമാനമെടുക്കുന്നത് മാണി ബോധപൂർവം തടഞ്ഞെന്ന് ആദ്യറിപ്പോർട്ടിൽ. കോഴയ്ക്ക് സാഹചര്യം ഒരുക്കാനായിരുന്നു ഈ നീക്കമെന്നാണ് സുകേശന്റെ റിപ്പോർട്ടിൽ. മന്ത്രിസഭയുടെ റൂൾസ് ഒഫ് ബിസിനസ് പ്രകാരം എല്ലാം ശരിയായിരുന്നുവെന്നാണ് ശങ്കർറെഡ്ഡിയുടെ തിരുത്തൽ. പാലായിൽ പണം കൈമാറിയത് 2014 മാർച്ച് 30നോ 31നോ ആണെന്നായിരുന്നു ആദ്യനിഗമനം. മാർച്ച് 22നായിരുന്നു ഇടപാടെന്ന് കണ്ടെത്തിയ സുകേശൻ ബാറുടമകളെല്ലാം ഒരേ ടവറിനു കീഴിലായിരുന്നുവെന്നും കണ്ടെത്തി. ബാറുടമകൾ മാണിയുടെ വീട്ടിലെത്തിയിട്ടില്ലെന്നും പണമിടപാട് നടന്നിട്ടില്ലെന്നും ശങ്കർറെഡ്ഡിയുടെ തിരുത്തൽ.

ഔദ്യോഗിക വസതിയിൽ നൽകാനുള്ള ബിജുവിന്റെ വിഹിതമായ 10ലക്ഷം താനാണ് രാജ്കുമാർ ഉണ്ണിക്ക് കൈമാറിയതെന്ന അക്കൗണ്ടന്റ് അജേഷിന്റെ മൊഴിയും പാർക്ക് രാജധാനി ഹോട്ടലിൽ 35ലക്ഷംരൂപ എണ്ണി തിട്ടപ്പെടുത്തിയത് താൻകൂടി ചേർന്നാണെന്ന അമ്പിളിയുടെ മൊഴിയും കളവാണെന്ന് ശങ്കർറെഡ്ഡി കൂട്ടിച്ചേർത്തു. ബാർ അസോസിയേഷന്റെ കോട്ടയം ജില്ലാകമ്മിറ്റി പിരിച്ചെടുത്ത പണം സംഘടനയുടെയോ ഭാരവാഹികളുടെയോ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലാത്തതിനാൽ കോഴ നൽകിയെന്ന ആരോപണം ശക്തിപ്പെടുത്തുന്നുവെന്ന് സുകേശന്റെ റിപ്പോർട്ടിൽ. പാലായിലെ മഹാറാണി ഹോട്ടലിൽ വച്ച് രാജ്കുമാർ ഉണ്ണിക്ക് 15ലക്ഷം കൈമാറിയത് മാണിയെ കണ്ട് മടങ്ങിയെത്തിയ ശേഷമെന്ന് റെഡ്ഡിയുടെ തിരുത്തൽ. 2014മാർച്ച് 26ന്റെ മന്ത്രിസഭാ യോഗത്തിൽ കൂടുതൽ സമയമാവശ്യപ്പെട്ട് മാണി ഫയൽമാറ്റിവച്ചതിനുശേഷം തൃശൂർ, എറണാകുളം ജില്ലകളിലെ ബാറുടമകളിൽനിന്ന് 60 ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തതായാണ് സുകേശന്റെ റിപ്പോർട്ടിൽ. ഈകാലയളവിൽ ബാറുടമകൾ പണം പിൻവലിച്ചതിനുള്ള രേഖകളും കിട്ടി. കോഴയല്ലെന്നും ലീഗൽ ഫണ്ടായാണ് പണം സമാഹരിച്ചതെന്നും തുക എത്രയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ശങ്കർറെഡ്ഡി എഴുതി.

2014 ഏപ്രിൽ രണ്ടിന് ഔദ്യോഗിക വസതിയിൽ കോഴ കൈമാറിയതിന് ശക്തമായ സാഹചര്യത്തെളിവുകളും സാക്ഷിമൊഴിയുമുണ്ടെന്ന് സുകേശന്റെ റിപ്പോർട്ടിൽ. രാജ്കുമാർ ഉണ്ണി മാണിയെ ഔദ്യോഗിക വസതിയിലെത്തി കണ്ടെങ്കിലും കോഴയിടപാട് കെട്ടുകഥയാണെന്നാണ് ശങ്കർറെഡ്ഡി. രാജ്കുമാർ ഉണ്ണി പണമടങ്ങിയ ബാഗ് മാണിക്ക് കൈമാറിയെങ്കിൽ തന്നെ വീടിനു പുറത്തുനിന്ന അമ്പിളിക്ക് കാണാനാവുമായിരുന്നില്ലെന്ന് റെഡ്ഡിയുടെ കണ്ടെത്തൽ. ബിജു രമേശ് മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ മൂന്നു മണിക്കൂർ ശബ്ദരേഖകളും ബാറുടമകളുടെ ശബ്ദവുമായി താരതമ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് ആദ്യ റിപ്പോർട്ടിൽ. സി.ഡിയിൽ എഡിറ്റിങ് വരുത്തിയതിനാൽ ശബ്ദമാരുടേതെന്ന് പരിശോധിക്കേണ്ട ആവശ്യമില്ലെന്നാണ് ശങ്കർ റെഡ്ഡിയുടെ തിരുത്തൽ. ചൈനാ സുനിൽ, യമഹാ സുരേന്ദ്രൻ, ബിജു രമേശ് എന്നിവരിൽനിന്ന് 35 ലക്ഷംശേഖരിച്ചതിന് തെളിവില്ലെന്നും റെഡ്ഡി

വിജിലൻസ് മേധാവിയായി ജേക്കബ് തോമസ് എത്തിയശേഷം ബാർ കോഴക്കേസിൽ നിയമോപദേശകരുടെ സംയുക്ത ഉപദേശം തേടിയിരുന്നു. ബാറുകൾ തുറക്കുന്നതിന് സർക്കാർ വഴങ്ങുമെന്ന വിശ്വാസത്തിൽ മൊഴി മാറ്റിപ്പറയാൻ ബാർ ഉടമകൾ തീരുമാനിച്ചത് ശബ്ദരേഖയിൽ നിന്ന് വ്യക്തമാണെന്നത് ഉൾപ്പെടെ കണക്കിലെടുത്ത് അന്വേഷണം തുടരണമെന്നായിരുന്നു നിയമോപദേശം. മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ ആദ്യറിപ്പോർട്ട് തള്ളിക്കളഞ്ഞ കോടതി, രണ്ടുതവണയായി കെ.എം. മാണി 25ലക്ഷം രൂപ ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്നത്തെ വിജിലൻസ് മേധാവി വിൻസൺ .എം. പോളിനെയും കോടതി വിമർശിച്ചിരുന്നു. ബാറുടമകളുടെ പണപ്പിരിവിനെക്കുറിച്ചടക്കം തുടരന്വേഷണം നടത്താനാണ് കോടതി നിർദ്ദേശിച്ചത്.