- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർകോഴയിൽ വിജിലൻസിന്റേത് ഇരട്ട നീതി തന്നെ; ബാബുവിന്റെ കോഴയിലെ ശബ്ദരേഖ അന്വേഷണ ഉദ്യോഗസ്ഥർ കേട്ടില്ലെന്ന് നടിച്ചു; തെളിവ് മുക്കുകയും ചെയ്തു; എക്‌സൈസ് മന്ത്രിക്ക് എതിരായ കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: ബാർ കോഴയിൽ ധനമന്ത്രിയായിരുന്ന കെഎം മാണിക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനും വിജിലൻസിൽ നിന്ന് ഇരട്ട നീതിയുണ്ടായെന്ന ആരോപണം ശരിവയ്ക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ബാറുടമകളിൽനിന്ന് പത്തുകോടിരൂപ കോഴവാങ്ങിയെന്ന പരാതിയിൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണം അട്ടിമറിക്കാൻ ബാറുടമകളുടെ സംഭാഷണമടങ്ങിയ ശബ്ദരേഖയുട
തിരുവനന്തപുരം: ബാർ കോഴയിൽ ധനമന്ത്രിയായിരുന്ന കെഎം മാണിക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനും വിജിലൻസിൽ നിന്ന് ഇരട്ട നീതിയുണ്ടായെന്ന ആരോപണം ശരിവയ്ക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.
ബാറുടമകളിൽനിന്ന് പത്തുകോടിരൂപ കോഴവാങ്ങിയെന്ന പരാതിയിൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണം അട്ടിമറിക്കാൻ ബാറുടമകളുടെ സംഭാഷണമടങ്ങിയ ശബ്ദരേഖയുടെ സിഡി വിജിലൻസ് മുക്കി. കോഴവാങ്ങിയെന്ന ബാറുടമകളുടെ സംഭാഷണമടങ്ങിയ ശബ്ദരേഖ വിജിലൻസിന്റെ കൈവശമുണ്ടായിട്ടും അന്വേഷണോദ്യോഗസ്ഥൻ പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് മാണിയ്‌ക്കെതിരെ എഫ്‌ഐആർ ഇട്ട് കേസ് എടുത്തതിലെ പ്രശ്‌നങ്ങൾ ചർച്ചയാകുന്നത്. ബാബുവിനെ രക്ഷിക്കാനുള്ള കള്ളക്കളിയാണ് ഇതിലൂടെ പുറത്തുവരുന്നത്.
അതിനിടെ, ബാർ ലൈസൻസുകൾക്ക് 25 ലക്ഷവും ബിയർവൈൻ പാർലർ ലൈസൻസുകൾക്ക് 15 ലക്ഷം രൂപയും പിരിച്ച് മന്ത്രി ബാബുവിന് കൈമാറിയെന്ന് ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ യോഗത്തിൽ എലഗൻസ് ബാറുടമ ബിനോയിതന്നെ വെളിപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നു. ഇതോടെ ബാബുവിനെതിരായി കുരുക്ക് മുറുകുകയാണ്. ഇതുമായി ബന്ധപ്പെട്ട ഹർജികളുമായി വി എസ് അച്യൂതാനന്ദനും ബിജു രമേശും അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കും. ഈ തെളിവുകളെല്ലാം അതിൽ വിശദമായി പ്രതിപാദിക്കുകയും ചെയ്യും.
കെ എം മാണിക്കെതിരായ ബാർ കോഴക്കേസന്വേഷിക്കുന്ന വിജിലൻസിന്റെ കൈവശം ബാറുടമകളുടെ ശബ്ദരേഖയുടെ ഒരു ഡിവിഡിയും റെക്കോഡിന് ഉപയോഗിച്ച മൊബൈൽ ഫോണുമാണുള്ളത്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള സംഭാഷണമടങ്ങിയ ഡിവിഡി ബിജു രമേശ് തെളിവെടുപ്പിനിടെ വിജിലൻസിന് കൈമാറിയതാണ്. ഇതിൽ കെ ബാബുവിന് പണം കൊടുത്തുവെന്ന് വ്യക്തമായി പറയുന്നുണ്ട്. കോടതിയിൽ നൽകിയ രഹസ്യമൊഴിക്കൊപ്പമാണ് തെളിവായി ബാറുടമകളുടെ സംഭാഷണം റെക്കോഡ് ചെയ്ത മൊബൈൽ ഫോൺ കൈമാറിയത്. ഇതിൽ വിവിധ സമയങ്ങളിലായി രഹസ്യമായി റെക്കോഡ് ചെയ്ത 12 മണിക്കൂർ ദൈർഘ്യമുള്ള ശബ്ദരേഖയാണുള്ളത്.
ഈ ഫോണും അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ഇതിലും ബാബുവിന് പണം കൊടുത്തത് പറയുന്നുണ്ട്. എന്നാൽ ബാബുവിനെതിരെ പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ്, ശബ്ദരേഖ കണക്കിലെടുത്തില്ല. ശബ്ദരേഖ പരിഗണിച്ചാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടിവരുമായിരുന്നു. അതുകൊണ്ട് തന്നെ മനപ്പൂർവ്വം ഒഴിവാക്കി. പണം പരിച്ച് ബാബുവിന് നൽകിയതായി ബിജു രമേശ് കോടതിക്കും പിന്നീട് വിജിലൻസിനും നൽകിയ മൊഴിയിൽ പറയുന്നുണ്ട്. എലഗൻസ് ബാറുടമ ബിനോയിയെ ഏജന്റാക്കിയാണ് പണം പരിച്ചത്. 2014 നവംബർ ആറിന് എറണാകുളത്തെ ഹോട്ടൽ യുവറാണിയിൽ നടന്ന ബാർഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗത്തിൽ ബിനോയിതന്നെ ഇക്കാര്യം പറഞ്ഞെന്നും ബിജു വെളിപ്പെടുത്തി.
2012-13 പ്രീ ബജറ്റ് ചർച്ചയ്ക്കുശേഷം ഉദ്യോഗസ്ഥരെ ഒഴിവാക്കി മന്ത്രി ബാബു ബാറുടമകളുമായി ചർച്ച നടത്തി. ഈ യോഗത്തിലാണ് പത്തുകോടിരൂപയുടെ കച്ചവടമുറപ്പിച്ചതെന്നാണ് ബിജുവിന്റെ മൊഴി. ലൈസൻസ് ഫീസ്‌കൂട്ടാൻ ഉദ്യോഗസ്ഥരിൽനിന്ന് വൻ സമ്മർദമുണ്ടെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ ബാറുകളുടെ പ്രവൃത്തിസമയം കുറച്ചതിനാൽ കച്ചവടം കുറവാണെന്നും ഫീസ് 23 ലക്ഷമായി കുറയ്ക്കണമെന്നും അസോസിയേഷൻ വൈസ് പ്രസിഡന്റ് കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇതോടെയാണ് 'പത്തുകോടിരൂപ റെഡിയാക്കി വരൂ, എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ പറയാമെന്ന്' മന്ത്രി പറഞ്ഞത്. തുടർന്ന് അന്നുതന്നെ ബാറുടമകൾ ഹോട്ടൽ മൗര്യയിൽ യോഗം ചേർന്ന് പത്തുകോടി നൽകാൻ തീരുമാനിച്ചു.
ഇതിനായി സംഘടനയുടെ അടിയന്തരയോഗം ചേരുകയും ഓരോ ബാറുടമയിൽനിന്നും പൊളിറ്റിക്കൽഫണ്ട് എന്നപേരിൽ ഒരുലക്ഷംരൂപയും നിയമഫണ്ടായി അരലക്ഷംരൂപയും പിരിക്കാൻ തീരുമാനിക്കുകയും ചെയ്തു. മിനിസ്റ്റർക്ക് നൽകാനാണ് പണമെന്ന പരാമർശം ആ യോഗത്തിലുണ്ടായെന്ന ഗുരുതര ആരോപണവും ബിജു രമേശ് ഉന്നയിക്കുന്നുണ്ട്.