- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർകോഴക്കേസ്; എഡിറ്റ് ചെയ്ത ശബ്ദരേഖ ഹാജരാക്കിയതിൽ ബിജു രമേശിനെതിരെ തുടർനടപടിക്ക് ഹൈക്കോടതി ഉത്തരവ്; നിയമ നടപടിക്കുള്ള അനുമതി, ബിജുവിന്റെ വെളിപ്പെടുത്തലിൽ ചെന്നിത്തലയെ അടക്കം വിജിലൻസ് അന്വേഷണത്തിൽ കുരുക്കാനൊരുങ്ങവെ
കൊച്ചി: ബാർ കോഴക്കേസിൽ എഡിറ്റ് ചെയ്ത ശബ്ദരേഖ ഹാജരാക്കിയതിൽ ബിജു രമേശിനെതിരെ തുടർനടപടിക്ക് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ബിജു രമേശ്, കേസിലെ തെളിവായി സമർപ്പിച്ച സിഡി എഡിറ്റ് ചെയ്തതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
രമേശ് ചെന്നിത്തല അടക്കമുള്ളവർക്കെതിരായ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജു രമേശിനെതിരെ നിയമനടപടിക്കുള്ള പച്ചക്കൊടി ഹൈക്കോടതിയിൽനിന്ന് ലഭിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം.
കൃത്രിമ രേഖകൾ നൽകിയതിന് ബിജു രമേശിനെതിരെ നടപടി എടുക്കാനാവില്ലെന്ന മജിസ്ട്രേട്ട് കോടതി ഉത്തരവ് ഹൈക്കോടതി തള്ളി. ഇത് കോടതിയെ കബളിപ്പിക്കലാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മജിസ്‌ട്രേറ്റ് കോടതി തുടർ നടപടിക്കായി വിജിലൻസ് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട് ഉത്തരവിട്ടു. ഇതിനെതിരെയായിരുന്നു പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ബാർ കോഴക്കേസിൽ ബിജു രമേശ് വിജിലൻസിനു മുന്നിൽ ഹാജരാക്കിയ സി.ഡി. ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബാർ ഉടമകളുടെ യോഗസ്ഥലത്തുവെച്ച് റെക്കോഡ് ചെയ്ത ശബ്ദരേഖ നേരത്തെ ബിജു രമേശ് കോടതിയിൽ ഹാജരാക്കിയിരുന്നു. ബിജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ വേളയിലായിരുന്നു സി.ഡി. ഹാജരാക്കിയത്. ഈ സി.ഡി. പിന്നീട് വിജിലൻസ് പരിശോധിക്കുകയും അതിൽ കൃത്രിമം നടന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് സമർപ്പിച്ചതെന്നാണ് കണ്ടെത്തിയത്.
വ്യാജ തെളിവുകൾ കോടതിയിൽ ഹാജരാക്കി എന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശി ശ്രീജിത്താണ് ബിജുവിനെതിരേ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. ഈയടുത്ത് ബാർക്കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജു നടത്തിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ ആയിരുന്നു ഇത്. എന്നാൽ കഴിഞ്ഞ നവംബറിൽ മജിസ്ട്രേട്ട് കോടതി ശ്രീജിത്തിന്റെ ഹർജി തള്ളി. ഇത്തരത്തിൽ ഒരു നിയമനടപടി ഇപ്പോൾ സാധ്യമല്ല എന്നായിരുന്നു കോടതി പറഞ്ഞത്. ഇതിനെതിരെ ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ജസ്റ്റിസ് നാരായണ പിഷാരടിയുടെ ബെഞ്ചിൽനിന്ന് അനുകൂല വിധി നേടുകയുമായിരുന്നു.
ബാർ കോഴക്കസുമായി ബന്ധപ്പെട്ട് ബിജു രമേശ് ഹാജരാക്കിയ സി.ഡി. കോടതിയെ കബളിപ്പിക്കുന്നതാണെങ്കിൽ, കള്ളസാക്ഷി പറഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബിജു രമേശിന് എതിരെ തുടർ നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഇതിനായി ശ്രീജിത്തിന് മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയുമാകാം. മജിസ്ട്രേട്ട് കോടതിയാകും തുടർനടപടികൾ സ്വീകരിക്കുക.
ഐ.പി.സി. 193 വകുപ്പ് പ്രകാരമാണ് ശ്രീജിത്ത് ഹർജി സമർപ്പിച്ചിരിക്കുന്നത്. കോടതി മുൻപാകെ കള്ളസാക്ഷി പറഞ്ഞതിന് അല്ലെങ്കിൽ കള്ളത്തെളിവ് ഹാജരാക്കിയതിന് നടപടി ആവശ്യപ്പെടുന്നതാണ് ബിജു രമേശിന് എതിരായ ഹർജി.
ന്യൂസ് ഡെസ്ക്