തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ നിലനിൽപ്പിന് പോലും ഭീഷണി ഉയർത്തി വളർന്ന ബാർകോഴ കേസിൽ കെ എം മാണിയായിരുന്നു ആദ്യം എല്ലാവരുടെയും നോട്ടപ്പുള്ളി. ബിജു രമേശ് ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയ ഇക്കാര്യം പിന്നീട് രാഷ്ട്രീയ കേരളം കാര്യമായി തന്നെ ചർച്ച ചെയ്തു. ഇതിനിടെ ഗൂഢാലോചനയ്ക്ക് പിന്നിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ നടത്തിയ ശ്രമങ്ങളാണെന്ന വിധത്തിലുള്ള ആരോപണങ്ങളും പുറത്തുവന്നിരുന്നു. മാണിക്കെതിരെ ഗൂഢാലോചന നടന്നെന്നും ബാബുവിനും മാണിക്കും ഇരട്ടനീതിയാണെന്നുമുള്ള ആരോപണങ്ങൾ ഇതിനിടെയിൽ സജീവ ചർച്ചയാകുകയും ചെയ്തു. കേരളാ കോൺഗ്രസ് നേതാക്കൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അന്വേഷണം ഉദ്യോഗസ്ഥനായ സുകേശൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ച രണ്ട് റിപ്പോർട്ടുകളും സംശയങ്ങൾക്ക് ഇടയാക്കുന്നതായി. എന്തായാലും ബാർകോഴ ഗൂഢാലോചനയ്ക്ക് പിന്നിൽ രമേശ് ചെന്നിത്തലയാണെന്ന വിമർശനത്തെ സാധൂകരിക്കുന്ന വിധത്തിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നത്.

ബാർ കോഴക്കേസിലെ അന്വേഷണവിവരങ്ങൾ എസ്‌പി: ആർ. സുകേശൻ ബാർ ഉടമ ബിജു രമേശ് മുഖേന ചോർത്തിക്കൊടുത്തെന്ന രഹസ്യ റിപ്പോർട്ട് ഒരുവർഷത്തിലേറെ സർക്കാർ പൂഴ്‌ത്തിവച്ചുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. മുന്മന്ത്രി കെ.എം. മാണി പ്രതിയായ കേസിൽ അന്വേഷണവിവരങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി ഇത്തരമൊരു രഹസ്യ റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്ന് യാതൊരു നടപടിയും കൈക്കൊള്ളാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്ന് തയ്യാറായില്ല. അതിന്‌ശേഷം വിവാദം കൊടുമ്പിരി കൊള്ളുകയും മാണി രാജിവച്ച് ഒഴിയുകയും കഴിഞ്ഞ ശേഷം മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ്. ശിവകുമാർ എന്നിവർക്കെതിരേ ആരോപണമുയർന്നപ്പോൾ മാത്രമാണ് ഇതിന്മേൽ സുകേശനെതിരേ നടപടിയെടുക്കാൻ സർക്കാർ തയാറായത്.

വിജിലൻസ് ഡയറക്ടറുടേതു പുതിയ കണ്ടെത്തലാണെന്ന മട്ടിലാണു സുകേശനെതിരേ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, എസ്‌പിക്കെതിരേ നടപടിയാവശ്യപ്പെട്ട് ഒരുവർഷം മുമ്പു ലഭിച്ച റിപ്പോർട്ട് ഇതുവരെ പൂഴ്‌ത്തിയതാണെന്നതാണ് വ്യക്തമാകുന്നത്. ഇതോടെ കേരളാ കോൺഗ്രസ് ഉന്നയിച്ച രാഷ്ട്രീയ ഗൂഢാലോചന ആലോപണത്തിന് പുതുശക്തി പകരുമെന്ന കാര്യം ഉറപ്പാണ്. ബാർകോഴയുടെ ആദ്യഘട്ടത്തിൽ സുകേശന്റെ നീക്കങ്ങളിൽ സംശയം തോന്നിയ കേരളാ കോൺഗ്രസ് മുൻ എംഎ‍ൽഎ. ജോസഫ് എം. പുതുശേരി നൽകിയ പരാതിയിലാണു ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണം നടത്തിയത്.

2015 ഫെബ്രുവരി ആറിന് എ.ഡി.ജി.പി: എസ്. ആനന്ദകൃഷ്ണന് എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി. റിപ്പോർട്ട് കൈമാറി. ബിജു രമേശും സുകേശനുമായി വഴിവിട്ടബന്ധമുണ്ടെന്നായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. ഇതിന്മേൽ നടപടി ശിപാർശചെയ്ത് എ.ഡി.ജി.പി: ആനന്ദകൃഷ്ണൻ ഫയൽ കൈമാറി. അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും ബിജു രമേശിനു സുകേശൻ വിവരങ്ങൾ ചോർത്തിനൽകിയെന്ന് എസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നു. സുകേശൻ അറിയാതെ അദ്ദേഹത്തിന്റെ നീക്കങ്ങൾ ക്രൈംബ്രാഞ്ച് നിരീക്ഷിച്ചിരുന്നു. ഇരുവരുടെയും ടെലിഫോൺ വിശദാംശങ്ങളും പരിശോധിച്ചു. ഇതേത്തുടർന്നാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് എ.ഡി.ജി.പി. റിപ്പോർട്ട് നൽകിയത്. എന്നാൽ, ഈ അന്വേഷണ റിപ്പോർട്ട് വെളിച്ചംകണ്ടില്ല. ഇപ്പോൾ മറ്റു മന്ത്രിമാരടക്കമുള്ളവർക്കെതിരേ ആരോപണങ്ങളുടെ മുന തിരിഞ്ഞതോടെ സുകേശനെതിരേ അന്വേഷണത്തിനു നടപടിയായി.

അതേസമയം ബാർ കോഴക്കേസിന്റെ അന്വേഷണം പൂർത്തിയാകുമ്പോൾ തന്റെ പേരു തങ്കലിപിയിൽ രേഖപ്പെടുത്തുമെന്ന് എസ്‌പി: ആർ. സുകേശൻ കേസിലെ പ്രധാനസാക്ഷികളോടു പറഞ്ഞതായി ക്രൈംബ്രാഞ്ച് എസ്‌പിയുടെ റിപ്പോർട്ട്. എന്നോടു സഹകരിച്ചാൽ ചരിത്രത്തിൽ നിങ്ങളുടെ പേരും തങ്കലിപിയിൽ സ്ഥാനംപിടിക്കും കെ.എം. മാണിക്കെതിരേ തെളിവുനൽകാൻ സുകേശൻ സാക്ഷികളോട് ആവശ്യപ്പെട്ട രീതി ഇങ്ങനെയായിരുന്നു. കേസിൽ ആവശ്യത്തിലേറെ തെളിവുകൾ ലഭിച്ചെന്നും കുറ്റപത്രം സമർപ്പിക്കുമെന്നും ബിജുവിനെ അറിയിച്ചു. വിജിലൻസ് കേസുകളിൽ കാട്ടേണ്ട പക്വത സുകേശൻ കാട്ടിയില്ല. വിവരങ്ങൾ ചോർന്നതിന്റെ പൂർണഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും എന്നാൽ, മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണവിവരം ചോർന്നില്ലെന്നും ക്രൈംബ്രാഞ്ച് എസ്‌പിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ വൈകിയെത്തിയ ഈ അന്വേഷണം മാണിക്കും യുഡിഎഫിനും തന്നയാണ് തലവേദന ആകുന്നത്. ഇതിന് കാരണം ഗൂഢാലോചനയിലെ തെളിവായി എടുത്തത് ഒരു ശബ്ദരേഖയാണെന്നതാണ്. ഈ സാഹചര്യത്തിൽ മറ്റ് ശബ്ദരേഖകളും തെളിവായി സ്വീകരിക്കേണ്ട അവസ്ഥ വരുമോ എന്നാണ് സർക്കാർ ഭയക്കുന്നത്. ബാർ കോഴക്കേസിൽ ഗൂഢാലോചന നടത്തുന്നതു വിജിലൻസ് എ.ഡി.ജി.പി: എൻ. ശങ്കർ റെഡ്ഡിയാണെന്നാണ് ബിജു രമേശ് പറഞ്ഞത്. മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്കും വി എസ്. ശിവകുമാറിനുമെതിരേ ആരോപണം ഉന്നയിച്ചപ്പോഴാണു പുതിയ നീക്കം. ഇതിനു ശങ്കർ റെഡ്ഡിയുടെ പിൻബലമുണ്ടെന്നും ബിജു ആരോപിച്ചു.

ഇപ്പോൾ സുകേശനെതിരെ അന്വേഷണം തുടങ്ങിയപ്പോൾ കെ എം മാണി പ്രതികരിച്ചതിൽ നിന്നു തന്നെ അദ്ദേഹത്തിന്റെ അതൃപ്തി വ്യക്തമാണ്. മദ്യലോബിയുൾപ്പെട്ട ഗൂഢാലോചനയിൽ ഏറ്റവും വലിയ വില നൽകേണ്ടിവന്നതു തനിക്കും തന്റെ പാർട്ടിക്കുമാണെന്നായിരുന്നു മാണിയുടെ പ്രതികരണം. തന്നെയും പാർട്ടിയെയും തകർക്കുകയായിരുന്നു ലക്ഷ്യം. ദൈവത്തിന്റെ അദൃശ്യകരങ്ങൾ തന്നെ രക്ഷിച്ചു. ആരോടും പരിഭവവും പരാതിയുമില്ലെന്നും പാർട്ടി ആസ്ഥാനത്ത് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ബാർകോഴ ആരോപണം ഉയർന്നപ്പോഴേ ഇതിനു പിന്നിൽ ഗൂഢാലോചനയുെണ്ടന്നു പറഞ്ഞിരുന്നു. ആദ്യം തനിക്കെതിരേ ആരോപണമുന്നയിച്ച മദ്യലോബി ഇപ്പോൾ മന്ത്രിസഭയ്‌ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. ഇതു സർക്കാരിനെതിരായ ഗൂഢാലോചനയാണ്. ഇപ്പോൾ എല്ലാത്തിന്റെയും ചുരുളഴിയുകയാണ്. ഗൂഢാലോചനയിൽ ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം. മന്ത്രിസ്ഥാനത്തേക്കു മടങ്ങിവരണമെന്ന അതിമോഹവും ധൃതിയുമില്ലെന്നും എല്ലാകാര്യങ്ങളും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജുരമേശ് തെളിവായി കോടതിയിൽ സമർപ്പിച്ച സി.ഡിയുടെ പേരിലാണ് സുകേശനെതിരെ അന്വേഷണം നടക്കുന്നത്. 2014 ഡിസംബർ 31ന് എറണാകുളത്ത് ചേർന്ന അസോസിയേഷൻ കോർകമ്മിറ്റി യോഗത്തിൽ ബിജുരമേശ് മറ്റ് അംഗങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് സി.ഡിയിലുള്ളത്. ബാർ കോഴക്കേസിൽ നാല് മന്ത്രിമാരുടെ പേരു പറയാൻ സുകേശൻ പ്രേരിപ്പിച്ചതായും കുറ്റപത്രം നൽകാമെന്ന് ഉറപ്പുനൽകിയതായും ബിജുരമേശ് പറയുന്നുണ്ട്. ഇതാണ് സുകേശന് വിനയാകുന്നത്. ഇതിൽ എങ്ങനെ സുകേശനെ പ്രതിയാക്കുമെന്നതാണ് പ്രശ്‌നം. വിഷയം സുകേശൻ നിഷേധിച്ചാലും കേസ് തള്ളിപോകും. കാരണം ബിജു രമേശ് കള്ളം പറഞ്ഞുവെന്ന് വരും. അങ്ങനെ ബിജു രമേശിനെ പ്രതിസ്ഥാനത്ത് നിർത്തി കേസ് ഒതുക്കി തീർക്കാൻ കഴിയും. അങ്ങനെ കെഎം മാണിയുടെ രാജിയിൽ മാത്രമായി ബാർ കോഴയുടെ വിവാദങ്ങൾ അവസാനിക്കും. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ത്വരിത പരിശോധനയ്ക്കുള്ള കോടതി നിർദ്ദേശത്തിലും അനുകൂല നിലപാട് എടുക്കാൻ വിജിലൻസിന് കഴിയുകയും ചെയ്യും.

സി.ഡിയിൽ ബിജുരമേശിന്റെ വാക്കുകൾ ഇങ്ങനെയാണ് ''എസ്.ഐ ആയിരുന്നപ്പോഴേ സുകേശനെ എനിക്ക് അറിയാം. സൗഹൃദപരമായാണ് മൊഴിയെടുത്തത്. മൊഴി വായിച്ചുകേൾക്കണോയെന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ടെന്നു പറഞ്ഞു. മൊഴിയുടെ അടിയിൽ ഇപ്പോൾ ഒപ്പിടേണ്ടെന്ന് എസ്‌പി പറഞ്ഞു. മൊഴികൊടുത്ത ഭാരവാഹികളെയെല്ലാം സാക്ഷികളായാണ് ചേർത്തിട്ടുള്ളത്. ആരെങ്കിലും മൊഴിമാറ്റിയാൽ അവരെയെല്ലാം പ്രതികളാക്കും. യമഹ സുരേന്ദ്രൻ മൊഴിമാറ്റിയെന്നും അയാളെ പ്രതിയാക്കുമെന്നും എസ്. പി പറഞ്ഞു. അമ്പിളിയുടെ കൈയിൽ പണം കൊടുത്തതിന് മാത്രമേ ഇതുവരെ തെളിവുള്ളൂ. ടവർലൊക്കേഷനും എടുത്തിട്ടുണ്ട്. എനിക്ക് എന്തെങ്കിലും രാഷ്ട്രീയ പ്രതിപത്തിയുണ്ടോയെന്നും അസോസിയേഷനുമായി ധാരണയിലെത്തിയിട്ടുണ്ടോയെന്നും എസ്‌പി ചോദിച്ചു. ഇല്ലെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി കടുപ്പിച്ച് മുന്നോട്ടുപോകാമെന്നും എസ്‌പി നിർദ്ദേശിച്ചു. എങ്ങനെയാണ് കടുപ്പിക്കുന്നതെന്ന് ചോദിച്ചപ്പോൾ ശക്തമായി മൊഴിനൽകണമെന്ന് ഉപദേശിച്ചു. ബാർകേസിന്റെ അന്വേഷണം ഏത് രീതിയിൽ വേണമെങ്കിലും അവസാനിപ്പിക്കാം. പക്ഷേ താൻ കുറ്റപത്രം നൽകിയിരിക്കുമെന്ന് എസ്‌പി പറഞ്ഞു''.

അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി പ്രതിയായ കൊല്ലത്തെ കേസിൽ അയാളെ അകത്തിടാമെന്ന് സുകേശൻ പറഞ്ഞതായും സി.ഡിയിലുണ്ട്. ''താങ്കൾ സർക്കാരിന് എതിരാണോയെന്ന എന്റെ ചോദ്യത്തിന് എതിരാണെന്നും ഡയറക്ടർ വിൻസൺ പോളിനെ തനിക്ക് പേടിയില്ലെന്നും എസ്‌പി സുകേശൻ പറഞ്ഞു. മൊഴി നൽകിയശേഷം, ചാനലുകൾ പുറത്തുണ്ടെന്ന് പറഞ്ഞപ്പോൾ താൻ പുറത്തിറങ്ങി കാര്യങ്ങൾ പറഞ്ഞോളൂ എന്ന് സുകേശൻ പറഞ്ഞു. എന്താണ് പറയേണ്ടതെന്ന് ചോദിച്ചപ്പോൾ നാല് മന്ത്രിമാർ കൂടിയുണ്ടെന്ന് തട്ടിക്കോ എന്നായിരുന്നു മറുപടി''.ബിജു രമേശിന്റെ ഈ വാക്കുകളാണ് വിനയാകുന്നത്. ബിജു രമേശും സുകേശനുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന തിയറി വിജിലൻസ് ഉയർത്തുന്നത്.

ബാർ കോഴക്കേസിൽ തെളിവായി ബിജുരമേശ് കോടതിയിൽ നൽകിയ മൂന്ന് സി.ഡികൾ എഡിറ്റിങ് നടത്താത്ത യഥാർത്ഥ സി.ഡികളാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തേ മാണിക്കെതിരായ കേസിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിൽ സി.ഡികളിൽ എഡിറ്റിങ് നടത്തിയിട്ടുള്ളതിനാൽ അവ പരിശോധിച്ചില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതിന് വിരുദ്ധമായാണ് പുതിയ വാദം.