തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ കോളിളക്കം സൃഷ്ടിച്ച ബാർകോഴ കേസിലെ അന്വേഷണത്തിന്റെ വിശദംശങ്ങൾ പുറത്തുവന്നു. ധനമന്ത്രി കെ എം മാണി കോഴി വാങ്ങിയതിന് തെളിവില്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നത്. പൂട്ടിയ 418 ബാറുകൾ തുറക്കാൻ മാണി യാതൊരു പ്രത്യേക താൽപ്പര്യവും എടുത്തില്ലെന്ന ചൂണ്ടിക്കാട്ടിയാണ് മാണിക്കെതിരെ കുറ്റപത്രം ആവശ്യമില്ലെന്ന നിലപാട് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. മാണിക്ക് കോഴ നൽകിയതിനും ആവശ്യപ്പെട്ടതിനും തെളിവില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

മാണി തന്റെ പദവി ദുരുപയോഗം ചെയ്തിട്ടില്ല. മാണിയുടെ പാലായിലെ വീട്ടിൽ ബാറുടമകൾ 15 ലക്ഷം രൂപയുമായി പോയിരുന്നു. എന്നാൽ ബാറുടമകൾ പണം മാണിക്ക് കൈമാറിയെന്നതിന് തെളിവില്ല. പണം അന്നേദിവസം കൊച്ചിയിലെ ഓഫിസിൽ ലീഗൽ എയ്ഡ് ഫണ്ടായി വകയിരുത്തി. ബാർ ലൈസൻസുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങൾ കൂട്ടായെടുത്തതാണ്. ബിജു രമേശിന്റെ െ്രെഡവർ അമ്പിളിയുടെ നുണപരിശോധനാഫലം വിശ്വാസയോഗ്യമല്ല.

ബിജു രമേശിന്റെ മൊഴിയും വിശ്വാസ യോഗ്യമല്ല. മാണി ഒരു കോടി രൂപ വാങ്ങി എന്ന ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ മൊഴിയെ അനുകൂലിച്ച് ബാറുടമകൾ ആരും തന്നെ മൊഴി നൽകിയിട്ടില്ല. ബിജു രമേശ് കോടതിയിൽ രഹസ്യമൊഴിയോടൊപ്പം നൽകിയ ശബ്ദരേഖയടങ്ങിയ സിഡി ആധികാരികമല്ലെന്നും വിജിലൻസ് കോടതിയിൽ സമർച്ച റിപ്പോർട്ടിലുണ്ട്. ബിജു രമേശ് കോടതിയിൽ നൽകിയ സി.ഡി എഡിറ്റ് ചെയ്തതാണ്. അതിനാൽ തന്നെ ഇത് മുഖവിലയ്ക്ക് എടുക്കാൻ കഴിയില്ല. ഫോറൻസിക് പരിശോധനയിൽ എഡിറ്റിങ് നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

418 ബാറുകൾക്ക് ലൈസൻസ് നൽകാനുള്ളത് സർക്കാരിന്റെ കൂട്ടായ തീരുമാനമായിരുന്നു. മന്ത്രിസഭാ യോഗത്തിൽ മാണി ബാറുടമകൾക്ക് അനുകൂലമായി നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. മാണിക്ക് ഇതിൽ എന്തെങ്കിലും പ്രത്യേക താത്പര്യമുണ്ടായിരുന്നതായും കണ്ടെത്താനായിട്ടില്ല. മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിന് അഴിമതി നടന്നുവെന്ന് അർഥമില്ല-റിപ്പോർട്ടിൽ പറയുന്നു.

ബാർകോഴക്കേസിലെ അന്വേഷണം അവസാനിപ്പിച്ച് ഇന്നലെയാണ് വിജിലൻസ് എസ്‌പി: ആർ. സുകേശൻ വിജിലൻസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ആകെ 54 പേജുകളാണുള്ളത്. കോഴ ആരോപണം ഉന്നയിച്ച ബാർ ഹോട്ടൽ ഉടമ ബിജു രമേശ് അടക്കം 337 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിജിലൻസ് റിപ്പോർട്ട് നാളെ കോടതി പരിഗണിക്കും.