തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ എം മാണിക്കെതിരായ കേസ് നിലനിൽക്കില്ലെന്നു വിജിലൻസിനു നിയമോപദേശം. ലീഗൽ അഡൈ്വസർ സി സി അഗസ്റ്റിനാണ് മുദ്രവച്ച കവറിൽ നിയമോപദേശം കൈമാറിയത്. വിജിലൻസ് എഡിജിപിക്കാണ് നിയമോപദേശം കൈമാറിയത്. അതിനിടെ, ആരാണ് അഴിമതിക്കാരെന്നു ജനങ്ങൾക്ക് അറിയാമെന്നു മന്ത്രി കെ എം മാണി ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.

ബാർ കോഴക്കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് കെ എം മാണി ആവർത്തിച്ചു. ആര് കോഴ വാങ്ങും വാങ്ങില്ല എന്നൊക്കെ ജനങ്ങൾക്ക് നന്നായിട്ടറിയാം. അന്വേഷണം അവസാനിക്കട്ടെ ബാക്കി കാര്യങ്ങൾ അപ്പോൾ പറയാമെന്നും അദ്ദേഹം പറഞ്ഞു.

തെളിവുകളുടെ അഭാവം കണക്കിലെടുത്താണ് കുറ്റപത്രം നിലനിൽക്കില്ലെന്ന വിലയിരുത്തലിൽ എത്തിച്ചേർന്നതെന്നാണ് സൂചന. ഡ്രൈവർ അമ്പിളിയുടെ നുണപരിശോധന റിപ്പോർട്ടും ബിജു രമേശിന്റെ രഹസ്യമൊഴിയുമെന്നും തെളിവുകളായി സ്വീകരിക്കാൻ ആകില്ലെന്ന വിലയിരുത്തൽ വന്നതോടെ ഏറെനാളായി രൂപപ്പെടുത്തിയെടുത്ത തിരക്കഥയ്ക്കാണ് പുതിയ മാനം കൈവന്നിരിക്കുന്നത്.

ബാർകോഴക്കേസിൽ ധനമന്ത്രി കെ എം മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കുമെന്നു നേരത്തെ തന്നെ മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തിരുന്നു. കെ എം മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കണമെന്ന ആഗ്രഹത്തോടെ രണ്ട് വിജിലൻസ് ഉദ്യോഗസ്ഥർ പരമാവധി ശ്രമിച്ചിട്ടും വിശ്വസനീയമായ രേഖകൾ ഒന്നും ലഭിച്ചിരുന്നില്ല.

മാണിയുമായി മുൻ വൈരാഗ്യമുള്ള വിജിലൻസ് എഡിജിപി ജേക്കബ് തോമസ്, ബിജു രമേശുമായി അടുപ്പമുള്ള എസ് സുകേശൻ എന്നിവരാണ് അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ജേക്കബ് തോമസിനും മേൽനോട്ട ചുമതല ഉണ്ടായിരുന്നു. എന്നിട്ടും മാണിയെ കുടുക്കാൻ പറ്റിയ തെളിവുകൾ ഒന്നും ലഭിച്ചില്ല. ഇക്കാര്യം മറുനാടൻ നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. ഇതു സാധൂകരിക്കുന്ന വിവരങ്ങളാണ് ചാനലുകൾ ഇന്നു പുറത്തുവിട്ടത്.

നുണപരിശോധനാ റിപ്പോർട്ടിൽ പണം കൊടുക്കാനായി താൻ പോയി എന്ന ഭാഗം മാത്രമാണ് ശരിവയ്ക്കുന്നത്. പണം കൊടുക്കുന്നത് കണ്ടോ, ആരാണ് വാങ്ങിയത് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ ഡ്രൈവർ പറഞ്ഞ മൊഴികൾ ശരിയാണ് എന്നു നുണപരിശോധനയിൽ തെളിഞ്ഞു എന്ന വാർത്ത ചാനലുകളെ അറിയിക്കുന്നത് വിജിലൻസിൽ നിന്നു തന്നെയായിരുന്നു. തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ അതിന്റെ നാണക്കേട് ഒഴിവാക്കാനായി ഉന്നത സമ്മർദ്ദം മൂലം ഒഴിവാക്കി എന്ന വിമർശനം പ്രതീക്ഷിച്ചാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നു കേരള കോൺഗ്രസ് വൃത്തങ്ങൾ ആരോപിച്ചിരുന്നു. ആഭ്യന്തര മന്ത്രിക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ മാത്രമാണ് കേരളാ കോൺഗ്രസ് തീർപ്പിൽ എത്താത്തത്.

നിലവിൽ വിജിലൻസിന്റെ ദക്ഷിണ മേഖലാ എഡിജിപിയായ ഷെയ്ഖ ദർവേശ് സാഹിബിനാണ് കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. നിർണ്ണായക തെളിവുകൾ ഒന്നും ബാർ കോഴയിൽ കിട്ടിയിട്ടില്ലെന്ന നിഗമനമാണ് എഡിജിപിക്കുള്ളത്.

നിലവാരമില്ലാത്തതിന്റെ പേരിൽ പൂട്ടിയ ബാറുകൾ തുറക്കാൻ മന്ത്രി മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ബാർ ഉടമകളുടെ വെളിപ്പെടുത്തൽ. മാണിയുടെ ഔദ്യോഗികവസതിയിലെത്തി 35 ലക്ഷം രൂപ കൈമാറിയെന്നും മന്ത്രിയുടെ വിശ്വസ്തൻ കുഞ്ഞാപ്പ അതിനു സാക്ഷിയാണെന്നും ബാർ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതു സാധൂകരിക്കുന്ന തരത്തിൽ മൊഴി നൽകിയ, ബിജു രമേശിന്റെ ഡ്രൈവർ അമ്പിളി നുണപരിശോധനയ്ക്കു വിധേയനാകുകയും ചെയ്തു. എന്നാൽ, സുപ്രീം കോടതി ഉത്തരവുപ്രകാരം നുണപരിശോധനാ റിപ്പോർട്ട് തെളിവായി അംഗീകരിക്കാനാകില്ല. ഈ സാഹചര്യത്തിൽ ഈ മൊഴിയും കണക്കിലെടുക്കാൻ കഴിയില്ല. മാണി പണം വാങ്ങുന്നത് കണ്ടു എന്ന് വ്യക്തമായി തെളിയിക്കാനും നുണപരിശോധനയ്ക്കു കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അഴിമതിക്കുറ്റം നിലനിൽക്കില്ല എന്ന കാര്യം നേരത്തെ മറുനാടൻ ചൂണ്ടിക്കാട്ടിയിരുന്നു.

എക്‌സൈസ് ലൈസൻസുകൾ പുതുക്കാൻ മന്ത്രി ബാബു 10 കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു മറ്റൊരു ആരോപണം. ബാറുകളുടെ പ്രവൃത്തിസമയം കുറച്ചതിനാൽ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽനിന്ന് 25 ലക്ഷമാക്കണമെന്നായിരുന്നു ബാർ ഉടമകളുടെ ആവശ്യം. പിന്നീടിത് 23 ലക്ഷത്തിന് ഉറപ്പിച്ചു. മന്ത്രി ബാബുവിന്റെ ഓഫീസിൽ എത്തിച്ച കോഴപ്പണം പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈ വാങ്ങുകയും പിന്നീടു മന്ത്രിയുടെ കാറിൽ കൊണ്ടുവയ്ക്കുകയുമായിരുന്നെന്നാണു ബിജു രമേശിന്റെ മൊഴി. എന്നാൽ ഈ ആരോപണത്തിനു തെളിവില്ലെന്നു വിജിലൻസ് കണ്ടെത്തി. ഇത്തരം പ്രശ്‌നങ്ങളിൽ ധനമന്ത്രിക്ക് നയപരമായി ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ വഴിവിട്ട ഇടപെടലുകൾ മദ്യനയത്തെ സ്വാധീനിക്കുന്ന തരത്തിൽ ധനമന്ത്രി ചെയ്തതായും തെളിയിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് മാണിയെ കുറ്റവിമുക്തനാക്കാനുള്ള നീക്കം. ഗൂഢാലോചനയാണ് മാണിക്കെതിരെ നടന്നതെന്നും അതുകൊണ്ടാണ് കേസ് എഴുതി തള്ളുന്നതെന്നുമാണ് വിജിലൻസ് നേരത്തെ തന്നെ നൽകുന്ന സൂചന. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തുമെന്നതു മുന്നിൽ കണ്ടാണ് നിയമോപദേശം തേടിയത്.