തിരുവനന്തപുരം: ബാർകോഴ കേസിന്റെ മെറിറ്റ് പരിശോധിക്കുകയാണ് ബിജു രമേശ് ഏറ്റവും അധികം പണം നൽകി എന്ന ആരോപണം ഉന്നയിച്ചത് എക്‌സൈസ് മന്ത്രി കെ ബാബുവിന് എതിരെയാണ്. സെക്രട്ടറിയേറ്റിൽ എത്തി പണം കൈമാറിയെന്നും അത് കണ്ടതിന് ഒരു സാക്ഷിയും ഉണ്ടായിരുന്നു. എന്നിട്ടും വിജിലൻസ് അന്വേഷണം കാര്യമായി നടന്നില്ല. ബിജു ആരോപണം ഉന്നയിച്ച വേളയിൽ മാണിയെ സംരക്ഷിക്കാതെ ബാബുവിന് വേണ്ടി രക്ഷയൊരുക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടതും ചെയ്തത്. ഇതിന്് വിജിലൻസിനെ കൂട്ടുപിടിച്ചതോടെയാണ് വിജിലൻസും ബാബുവും കുരുങ്ങിയത്.

ശാസ്ത്രീയ അന്വേഷണം നടത്താതെയും ദുർബലമായ അനുമാനങ്ങളോടെയും തയ്യാറാക്കിയ ത്വരിത അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ പോലും വിജിലൻസിന് കഴിഞ്ഞില്ലെന്നതാണ് കോടതിയുടെ രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയ സംഭവം. സെക്രട്ടേറിയറ്റിലെ ഓഫീസിൽ കെ. ബാബുവിന് 50 ലക്ഷം രൂപ കോഴനൽകിയെന്ന ബിജു രമേശിന്റെ ആരോപണം ഏറെ വൈകിയവേളയിലുള്ളതാണെന്ന അനുമാനത്തിലാണ് കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഡിവൈ.എസ്‌പി എം.എൻ. രമേശ് റിപ്പോർട്ട് നൽകിയത്.

കെ ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈ പണം കൈപ്പറ്റുന്നത് നേരിൽകണ്ടെന്ന ദൃക്‌സാക്ഷി മൊഴികൾ പോലും വിജിലൻസ് കണക്കിലെടുത്തതേയില്ല. ബാബുവിന്റെ എട്ടാം നമ്പർ സ്റ്റേറ്റ് കാറിനുള്ളിലേക്ക് സുരേഷ് ബാഗ് വയ്ക്കുന്നത് കണ്ടെന്നുള്ള വ്യവസായി മുഹമ്മദ് റസീഫിന്റെ മൊഴിയും വിജിലൻസ് അവഗണിച്ചു. ഗുരുതരമായ ആരോപണങ്ങളായിരുന്നു ഇതെങ്കിലും ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു വിജിലൻസ്.

ബാബുവിന്റെ നിർദ്ദേശപ്രകാരം സുരേഷ് പൈയ്ക്ക് തന്റെ മാനേജർ രാധാകൃഷ്ണനാണ് പണംകൈമാറിയതെന്നും താനും വ്യവസായി മുഹമ്മദ് റസീഫും സാക്ഷികളാണെന്നുമാണ് ബിജു രമേശിന്റെ മൊഴി. ബിജുവിന്റെ നിർദ്ദേശപ്രകാരം മുറിയിലുണ്ടായിരുന്ന മൂന്നു പേരിൽ ഒരാൾക്ക് ബാഗ് കൈമാറിയെന്നാണ് രാധാകൃഷ്ണന്റെ മൊഴി. ഈ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. എന്നാൽ വൈരുദ്ധ്യം കണ്ടെത്താൻ നുണപരിശോധന നടത്താൻ വിജിലൻസ് തയ്യാറായില്ല.

ബാർലൈസൻസ് ഫീസുയർത്തുന്നത് തടയാൻ തൃശൂരിലെ ബാറുടമകളിൽ നിന്ന് പത്തുലക്ഷം രൂപ പിരിച്ചെന്ന ജില്ലാസെക്രട്ടറി സി.ഡി. ജോഷിയുടെ മൊഴിയും ബാബുവിന് പണം കൊടുത്തതായി അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ സമ്മതിക്കുന്ന ശബ്ദരേഖയും വിജിലൻസ് പരിശോധിച്ചില്ല. കെ എം മാണിക്കെതിരായ കേസിൽ അറ്റോർണി ജനറലിൽ നിന്നടക്കം രണ്ടുവട്ടം നിയമോപദേശം തേടിയെങ്കിൽ ബാബു കേസിൽ നിയമോപദേശം തേടിയതേയില്ല. വിജിലൻസ് മാനുവൽ പ്രകാരം അന്വേഷണഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ നിയമോപദേശം തേടിയ ശേഷമേ കേസുകൾ അവസാനിപ്പിക്കാനാവൂ. ഇങ്ങനെ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് വിജിലൻസ് ബാബുവിന് വേണ്ടി കളിച്ചത്. ഇത് തിരിച്ചടിയാകുകയും ചെയ്തു.

അന്വേഷണത്തിന്റെ നിർണായകഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ മദ്ധ്യമേഖലാ വിജിലൻസ് എസ്‌പി കെ.എം. ആന്റണിയെ സ്ഥലംമാറ്റി കെ.എം. ടോമിയെ നിയമിച്ചു. പക്ഷേ ടോമിക്ക് ചുമതല നൽകാതെ ആർ. നിശാന്തിനിയെയാണ് ത്വരിത പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയത്. കെ.എം. ആന്റണിയെ ഉത്തരമേഖലയിലേക്ക് തെറിപ്പിച്ചു. ബാർകോഴക്കേസന്വേഷിക്കുന്ന എസ്‌പി ആർ. നിശാന്തിനി കെ. ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈയെ ചോദ്യംചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച സുരേഷിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ടവർലൊക്കേഷൻ വിവരങ്ങൾ ബിഎസ്എൻഎല്ലിനോട് നിശാന്തിനി തേടിയിട്ടുണ്ട്.

ഇന്നലെ കോടതി വാദം കേൾക്കവേ ബാബുവിനെതിരായ ദ്രുതപരിശോധന പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് വിജിലൻസ് അധികൃതർ കോടതിയെ അറിയിച്ചപ്പോളായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. വിജിലൻസിന്റെ സത്യസന്ധതയും ആത്മാർത്ഥയും നഷ്ടമായിരിക്കുന്നുവെന്നും പറഞ്ഞ കോടതി ലോകായുക്തയുണ്ടെന്ന് കരുതി വിജിലൻസ് കോടതി അടച്ച് പൂട്ടാൻ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു. വിജിലൻസിന് ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോർട്ട് സമർപ്പിക്കാനോ വിജിലൻസ് തയ്യാറായിട്ടില്ല.

പരാതി തെളിയിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. അതിനാൽ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാകണം. വിജിലൻസ് എസ്‌പിയെ മാറ്റിയത് എന്തിനാണ്. കെ ബാബുവിന്റെ വീടും ആസ്തിയും പരിശോധിച്ചോയെന്നും കോടതി ചോദിച്ചു. കോടതി മണ്ടനാണന്ന് കരുതരുതെന്നും കോടതി പറഞ്ഞു. ഇത്ര ദിവസം കിട്ടിയിട്ട് എന്തു ചെയ്തു? നൽകിയെന്നു പറഞ്ഞയാളെ ചോദ്യം ചെയ്‌തോ? പണം കിട്ടിയെന്നു പറയുന്നയാളെ ചോദ്യം ചെയ്‌തോ? ബാബുവിന്റെ ആസ്തി പരിശോധിച്ചോ? കാര്യങ്ങൾ നേരാംവഴിക്കല്ലെങ്കിൽ എനിക്കു മറ്റു മാർഗങ്ങളറിയാം, കോടതിക്ക് ഞഞ്ഞാപിഞ്ഞാ കേൾക്കാൻ താൽപര്യമില്ല, മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളെക്കുറിച്ചു ഞാൻ പഠിപ്പിച്ചു തരാമെന്നും കോടതി പറഞ്ഞു. ലോകായുക്തയിൽ തെളിവുകൊടുത്തെന്നു കരുതി വിജിലൻസ് കോടതി അടച്ചുപൂട്ടണമെന്നാണോ പറയുന്നത്.

പത്തുദിവസം മതിയായിരുന്നു അന്വേഷണം നടത്താൻ. ആത്മാർഥതയും ഇച്ഛാശക്തിയുമില്ലെങ്കിൽ ഇതൊക്കെ സംഭവിക്കും. നിങ്ങൾക്കിനി നൂറുകൊല്ലം വേണ്ടി വന്നേക്കുമെന്ന വിമർശനവും ഉന്നയിച്ചു. ചുരുക്കത്തിൽ വിജിലൻസ് കൂട്ടിലടച്ച തത്തയാണെന്ന ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിലേക്ക് കൂടിയാണ് കോടതി പരാമർശങ്ങളിലൂടെയും ഉണ്ടായിരകിക്ുന്നത്.