ന്യൂഡൽഹി: സംസ്ഥാന സർക്കാറിനെ പിടിച്ചുലച്ച ബാർകോഴ കേസിന് പുതിയ വഴിത്തിരിവ് നൽകിക്കൊണ്ട് വിജിലൻസ് ഡയറക്ടർ കേന്ദ്രസർക്കാരിന്റെ സഹായം വീണ്ടും തേടി. ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് വിൻസൻ എം. പോൾ വീണ്ടും അറ്റോർണി ജനറലിന്റെയും സോളിസിറ്റർ ജനറലിന്റെയും നിയമോപദേശം തേടിയത്. ഇത് രണ്ടാം പ്രാവശ്യമാണ് നിയമോപദേശം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ കത്തെഴുതുന്നത്. ഒരാഴ്ച മുമ്പാണ് സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിൽ നിന്നും അറ്റോർണി ജനറൽ മുകുൾ റോത്തഗിയിൽ നിന്നും വിജിലൻസ് ഡയറക്ടർ നിയമോപദേശം തേടിയത്.

നേരത്തെ അയച്ച കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഇന്ന് വീമ്ടും കത്തെഴുതിയത്. ആവശ്യമെങ്കിൽ രേഖകളുമായി നേരിൽ വരാമെന്നും വിൻസൻ എം.പോൾ കത്തിൽ പറയുന്നു. അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13 വകുപ്പുകൾ പ്രകാരം മന്ത്രി മാണിക്കെതിരെയുള്ള ആരോപണം നിലനിൽക്കുമോയെന്ന വിഷയത്തിലാണ് വിജിലൻസ് ഡയറക്ടർ ഉപദേശം തേടിയിട്ടുള്ളത്.

കെ.എം. മാണിക്കെതിരെയുള്ള ആരോപണം അന്വേഷിച്ച വിജിലൻസ് എസ്‌പി. സുകേശൻ സമർപ്പിച്ച വസ്തുതാവിവര റിപ്പോർട്ട് പരിശോധിച്ച വിജിലൻസ് നിയമോപദേഷ്ടാവ് കുറ്റപത്രം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിയമോപദേശം അടങ്ങുന്ന ഫയൽ വിജിലൻസ് ഡയറക്ടർ ഡി.ജി.പി. വിൻസൻ എം. പോളിന്റെ പരിശോധനയിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കേന്ദ്ര നിയമ വിദഗ്ധരിൽനിന്ന് ഉപദേശം തേടിയത്.

കോഴപ്പണം കൈവശം വെക്കുകയോ പണം കൈമാറുന്നത് കാണുകയോ ചെയ്താൽ മാത്രം പോരാ, പ്രതി കോഴ ചോദിച്ചു വാങ്ങിയതാണെന്ന് സംശയാതീതമായി തെളിയിച്ചാൽ മാത്രമെ അഴിമിതി നിരോധന നിയമത്തിലെ ഏഴും 13ഉം വകുപ്പുകൾ പ്രകാരമുള്ള ആരോപണം നിലനിൽക്കൂവെന്ന് സുപ്രീം കോടതിയുടെ വിധികൾ നിലവിലുണ്ട്. ബാറുകൾ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി കോഴ ആവശ്യപ്പെട്ടതിന് വാക്കാലോ രേഖാമൂലമോ ഉള്ള തെളിവില്ലെന്ന റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥർ വിജിലൻസിലെ ഉന്നതർക്ക് നൽകിയിരിക്കുന്നത് എന്നാണ് അറിയുന്നത്.

അതേസമയം കേന്ദ്രസർക്കാറിന്റെ അറ്റോർണി ജനറലിലിന്റെ സഹായം തേടി അനുകൂല തീരുമാനം ഉണ്ടായാൽ മാണിക്കും യുഡിഎഫിനും പേടിക്കേണ്ട. എന്നാൽ, കാര്യങ്ങൾ മറിച്ചാലാൽ ഇവർക്ക് ഏറെ പേടിക്കേണ്ടി വരികയും ചെയ്യും. അതിനിടെ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴ കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ്, ലോകായുക്തയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. മുദ്ര വച്ചകവറിലാണ് റിപ്പോർട്ട് കൈമാറിയത്. കൊച്ചിയിൽ ലോകായുക്തയുടെ സിറ്റിംഗിലാണ് വിജിലൻസ് എ.ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചത്. ഈ മാസം 30ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് പരിഗണിക്കുമെന്ന് ലോകായുക്ത വ്യക്തമാക്കി.