- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ബാബു പത്ത് കോടി വാങ്ങിയെന്ന ബിജുവിന്റെ രഹസ്യമൊഴി പുറത്തുവന്നത് അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനക്ക് ശേഷം; കേസെടുക്കണോ എന്ന് വിജിലൻസ് ഡയറക്ടർ തീരുമാനിക്കും: ചെന്നിത്തലയുടെ നീക്കങ്ങളിൽ നെഞ്ചിടിക്കുന്നത് എ ഗ്രൂപ്പിന്
തിരുവനന്തപുരം: ഏതാനും മാസങ്ങളായി സംസ്ഥാന സർക്കാറിനെ പിടിച്ചുകുലുക്കുന്ന ബാർകോഴ വിവാദം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴി പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കും കൂനിന്മേൽ കുരുവായി ആരോപണം വീണ്ടും വളർന്നത്. ഒരു കോടി രൂപ കോഴ വാ
തിരുവനന്തപുരം: ഏതാനും മാസങ്ങളായി സംസ്ഥാന സർക്കാറിനെ പിടിച്ചുകുലുക്കുന്ന ബാർകോഴ വിവാദം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴി പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കും കൂനിന്മേൽ കുരുവായി ആരോപണം വീണ്ടും വളർന്നത്. ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ പേരിൽ കെ എം മാണിക്കെതിരെ കേസെടുത്ത വിജിലൻസ് പുതിയ സാഹചര്യത്തിൽ പത്ത് കോടി വാങ്ങിയെന്ന ആരോപണമുള്ള മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ വിജിലൻസ് ഡയറക്ടർക്ക് വിടാനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നീക്കം. കെ എം മാണിയുടെ കാര്യത്തിലും ഇതേ നയം തന്നെയാണ് ചെന്നിത്തല കൈക്കൊണ്ടത് എന്നതിനാൽ അദ്ദേഹത്തിന്റെ നീക്കത്തിൽ ആശങ്കപ്പെട്ടിരിക്കയാണ് എ ഗ്രൂപ്പും കെ ബാബുവും.
നേരത്തെ ചാനലുകൾക്ക് മുമ്പിൽ ബിജു രമേശ് പറഞ്ഞപ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേര് ഉണ്ടായിരുന്നെങ്കിൽ രഹസ്യമൊഴിയിൽ ചെന്നിത്തലയുടെ പേര് ഉണ്ടായിരുന്നില്ല. മാത്രമല്ല, രഹസ്യമൊഴി എങ്ങനെ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു എന്നതും പലരെയും ആശങ്കപ്പെടുന്നുണ്ട്. കോടതിയിൽ നൽകിയ രഹസ്യമൊഴി ലഭിക്കാൻ വേണ്ടി അപേക്ഷ നൽകിയത് ബാർകോഴ കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘമായിരുന്നു. അതുകൊണ്ട് വിജിലൻസിൽ നിന്നാണ് മൊഴിപകർപ്പ് ചോർന്നതെന്നാണ് പലരും കരുതുന്നത്.
അഴിമതിക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിന്റെ അടുത്ത ദിവസം തന്നെയാണ് രഹസ്യമൊഴിയുടെ പകർപ്പ് പുറത്തുവന്നത്. ഇത് ചെന്നിത്തല അറിഞ്ഞുതന്നെയാണോ എന്ന സംശയം കോൺഗ്രസിലെ എ ഗ്രൂപ്പിനുമുണ്ട്. എന്നാൽ, ഐ ഗ്രൂപ്പുകാരനായ ശിവകുമാറിനെതിരെയും മൊഴി ഉണ്ട് എന്നതുകൊണ്ട് ഈ ആരോപണത്തെ ഐ ഗ്രൂപ്പ് തന്നെ തള്ളിക്കളയുന്നുണ്ട്. അഴിമതിക്കെതിരെ വിജിലൻസ് കേരളാ പ്രോഗ്രാം എന്ന പദ്ധതിയായിരുന്നു രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ഇതേക്കുറിച്ച് വിശദമായി തന്നെ അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ വിശദീകരിക്കുകയും ചെയ്തു.
അർബുദം പോലെ പടരുന്ന അഴിമതി, കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമാണ്. ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്ന സർക്കാർ സംവിധാനങ്ങളെയാണ് ഈ ദുരന്തം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഈ വിഷവൃക്ഷത്തിന്റെ തായ് വേരറുക്കുവാനുള്ള ഭഗീരഥ പ്രയ്‌നത്തിന് ആഭ്യന്തര വകുപ്പ് തുടക്കം കുറിച്ചിരിക്കുകയാണ്. സേ നോ റ്റു കറപ്ഷൻ എന്ന ആശയമുയർത്തിപ്പിടിച്ച് കൊണ്ട് ജനങ്ങളുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിജിലന്റെ കേരള എന്ന പേരിൽ ബഹൃത്തായ അഴിമതി നിർമ്മാർജ്ജന പരിപാടിക്ക് ആഭ്യന്തരവിജിലൻസ് വകുപ്പ് തുടക്കം കുറിച്ചിരിക്കുകയാണ്. - ഫേസ്‌ബുക്ക് പേജിൽ രമേശ് വിശദീകരിച്ചുകൊണ്ട് നൽകിയ കുറിപ്പ് ഇങ്ങനെയായിരുന്നു.
അർബുദം പോലെ പടരുന്ന അഴിമതി, കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമാണ്. ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കി...
Posted by Ramesh Chennithala on Tuesday, April 21, 2015
ഇത് കൂടാതെ വിജിലൻസ് ഡയറക്ടർക്കൊപ്പ് മന്ത്രി വിശദമായ വാർത്താസമ്മേളനം നടത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ മന്ത്രിയുടെ കുറിപ്പ് കണ്ട് ബാർകോഴ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ബിആർപി ഭാസ്‌ക്കർ അടക്കമുള്ളവർ പ്രതികരിച്ചത്. മന്ത്രിയുടെ ഭാഗത്തു നിന്നും അഴിമതി നിർമ്മാർജ്ജനത്തിന് ആത്മാർത്ഥമായ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് മന്ത്രിമാർക്കെതിരെ ബിജുരമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കണോ എന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക വിജിലൻസ് ഡയറക്ടറാകും. ഈ നിലപാട് തന്നെയാണ് ചെന്നിത്തല സ്വീകരിച്ചിരിക്കുന്നത്.
അഴിമതി നിരോധനനിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കൈക്കൂലി ചോദിക്കുന്നത് അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി കെ ബാബു ചെയ്തിരിക്കുന്നത്. മന്ത്രി മാണിക്കെതിരായ കേസിലാണ് ബിജു മൊഴി നൽകിയതെങ്കിലും അതിൽ മറ്റൊരു അഴിമതി കൂടി വെളിപ്പെടുത്തിയാൽ കേസെടുക്കാവുന്നതാണ്. അഴിമതി നിരോധന നിയമപ്രകാരം മജിസ്‌ട്രേറ്റിന് കേസെടുക്കാനാകില്ലെങ്കിലും കേസ് പരിഗണിക്കുന്ന വിജിലൻസ് ജഡ്ജിക്കോ വിജിലൻസിനോ കേസെടുക്കാവുന്നതാണ്.
2012-13 വർഷത്തെ എക്‌സൈസിന്റെ പ്രീ ബജറ്റ് യോഗത്തിൽ ബാറുകളുടെ ലൈസൻസ് ഫീ 22 ലക്ഷത്തിൽ നിന്നും 30 ലക്ഷമായി ഉയർത്തുമെന്ന് ബിജു കൂടി പങ്കെടുത്ത യോഗത്തിലാണ് മന്ത്രി ബാബു പറഞ്ഞത്. 30 ലക്ഷമായി ഉയർത്താതിരിക്കാൻ 10 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ബിജുവിന്റെ മൊഴി. ബിജുവിനെ കൂടാതെ ബാർ ഉടമകളുടെ സംഘടനാ ഭാരവാഹികളായ രാജ്കുമാർ ഉണ്ണി, സെക്രട്ടറി എം.ഡി. ധനേഷ്, വൈസ് പ്രസിഡന്റ് കൃഷ്ണദാസ്, ബിനോയ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
പൊലീസിന് നൽകുന്ന മൊഴിയെക്കാൾ നിയമസാധുതയുണ്ട് മജിസ്‌ട്രേറ്റിന് നൽകുന്ന മൊഴിക്ക്. എല്ലാ കേസുകളും രജസ്റ്റർ ചെയ്യുന്നത് മൊഴികളുടെ അടിസ്ഥാനത്തിലാണ്. മന്ത്രി ബാബുവിനൊപ്പം പണം ചോദിക്കുമ്പോൾ ബിജുവിനൊപ്പമുണ്ടായിരുന്ന ബാർ ഉടമകളെ കൂടി പ്രതി ചേർത്ത് കേസെടുക്കേണ്ടിവരുമെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ബാറുമടകളുടെ യോഗത്തിന്റെ ശബ്ദരേഖ പുറത്തുവന്നശേഷം മന്ത്രിമാരായ കെ.ബാബു, വി എസ് ശിവകുമാർ,രമേശ് ചെന്നിത്തല എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ശബ്ദരേഖ വ്യക്തമല്ലെന്ന കാരണം പറഞ്ഞ് വി.എസിന്റെ ആവശ്യം തള്ളുകയായിരുന്നു.
ഇതിന് പിന്നാലെയാണ് രഹസ്യമൊഴി പുറത്തുവരുന്നത്. കെ.ബാബു പത്തു കോടി രൂപ വാങ്ങിയെന്ന ആരോപിക്കുന്നെങ്കിലും എവിടെ വച്ച് എപ്പോൾ നൽകിയെന്ന് പറയുന്നില്ല. ശിവകുമാറിനെതിരായ പണം നൽകിയെന്ന പറയുന്നെങ്കിലും കൂടുതൽ വിശദാംശങ്ങൾ മൊഴിയിൽ ഇല്ല. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണ്ടിവരുമെന്നാണ് വിജിലൻസ് നിലപാട്. ബാർ കോഴ അന്വേഷണം വിപുലപ്പെടുത്തണമോയെന്ന് വിജിലൻസ് ഡയറക്ടർ തീരുമാനമെടുക്കും. മൊഴിപ്പകർപ്പടക്കം അന്വേഷണ ഉദ്യോഗസ്ഥൻ ഡയറക്ടർക്ക് കൈമാറും. ബിജുരമേശ് തെളിവായി സമർപ്പിച്ചത് ശബ്ദരേഖയടങ്ങിയ ഹാർഡ് ഡിസ്‌കാണ്. ഇതു നേരിട്ട് സ്വീകരിക്കണമോയെന്ന കാര്യത്തിൽ വിജിലൻസ് നിയമോപദേശം തേടിയിരുന്നു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ഹാർഡ് ഡിസ്‌ക് സ്വീകരിച്ചാൽ മതിയെന്നാണ് വിജിലൻസ് തീരുമാനം. അതേസമയം എ ഗ്രൂപ്പിലെ പ്രമുഖനായ മന്ത്രിക്കെതിരെ കേസെടുത്താൽ അത് കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് യുദ്ധത്തിനും വഴിവെക്കുമെന്ന കാര്യം ഉറപ്പാണ്.