തിരുവനന്തപുരം: ബാർ കോഴ കേസിൽ ധനമന്ത്രി കെ.എം.മാണിയ്‌ക്കെതിരെ കുറ്റപത്രം വരും. വിജിലൻസ് ഡയറക്ടർ വിൻസന്റ് എം പോൾ ഇക്കാര്യത്തിൽ ഉറച്ച നിലപാടിലാണ്. നിയമം പോലെ കാര്യങ്ങൾ ചെയ്യാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സമ്മതം മൂളിയതോടെയാണ് ബാർ കോഴയിൽ കുറ്റപത്രം തയ്യറാക്കാൻ വിജിലൻസ് തയ്യാറാകുന്നത്. ബാർ ഉടമകളിൽ നിന്ന് കോഴ വാങ്ങിയെന്ന് കേസ് അന്വേഷിക്കുന്ന വിജിലൻസിന് ബോദ്ധ്യപ്പെട്ടു. ഇതോടെ കേസിൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ വിജിലൻസ് തീരുമാനിച്ചു.

അതിനിടെ ബാർകോഴ കേസിൽ അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ തനിക്ക് ആഗ്രഹമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. സർക്കാർ അന്വേഷണത്തിൽ ഒരുസമയത്തും ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ല. വിജിലൻസ് മേധാവി വിൻസൻ എം പോളുൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ വളരെ ഉന്നതനിലവാരം പുലർത്തുന്നവരാണ്. നിഷ്പക്ഷമായ അന്വേഷണമാണ് അവർ നടത്തുന്നത്. അന്വേഷണ വിവരങ്ങൾ ചോർന്നെന്ന കേരളകോൺഗ്രസ്സിന്റെ ആരോപണം ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രി വിശദീകരിച്ചു.

നുണപരിശോധനാ ഫലം ചോർന്നതെങ്ങനെ എന്നറിയില്ല. പരിശോധനാ ഫലത്തിന്റെ റിപ്പോർട്ട് നൽകുന്നത് കോടതിയിലാണ്. കോടതിയും വിജിലൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തരവകുപ്പ് അറിയാറില്ല. ഫോറൻസിക് ഫലം സീലുവച്ച കവറിലാണ് കോടതിയിൽ കൈമാറുന്നത്. ഇത് എങ്ങനെ മാദ്ധ്യമങ്ങൾക്ക് ലഭിച്ചുവെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. ചോർന്ന രഹസ്യമൊഴി ശരിയാണോ അല്ലയോയെന്ന് വ്യക്തമല്ല. കേസിൽ വിജിലൻസ് സ്വതന്ത്രമായ അന്വേഷണമാണ് നടത്തുന്നത്. ഉന്നത നിലവാരമുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം നീണ്ടുപോകുന്നതിൽ തനിക്കും അതൃപ്തിയുണ്ട്. അന്വേഷണം നീട്ടികൊണ്ടുപോവാൻ ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇതുവരെ കിട്ടിയ മൊഴികളുടേയും ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണപരിശോധാ ഫലത്തിന്റേയും അടിസ്ഥാനത്തിലാണ് വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കുന്നത്. വീട്ടിൽ ബാർ അസോസിയേഷൻ ഭാരവാഹികൾ മാണിയുടെ വീട്ടിൽ എത്തിയെന്ന് മൊഴികളിൽ പ്രകടമാണെങ്കിലും പണം കൊടുത്തോ എന്ന കാര്യത്തിലായിരുന്നു ഇതുവരെ വിജിലൻസിന് സംശയം. എന്നാൽ, അമ്പിളിയുടെ നുണപരിശോധനയിൽ വൈരുദ്ധ്യം ഇല്ലാതെ വന്നതോടെ ഈ സംശയം മാറിയിട്ടുണ്ട്.

ബാറുടമകളിൽ നിന്ന് സംഘടന വൻ തോതിൽ പണം പിരിച്ചു. കേസ് നടത്താൻ ചെലവായത് ചുരുങ്ങിയ പണം മാത്രം. ബാക്കി പണം മുഴുവൻ കോഴയായി നൽകിയെന്നാണ് കണ്ടെത്തൽ. കുറ്റപത്രം നൽകിയാൽ കേരളാ കോൺഗ്രസ് കടുത്ത നടപടികളിലേക്ക് കടക്കില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഇതു കൂടി കണക്കിലെടുത്താണ് കുറ്റപത്രവുമായി മുന്നോട്ട് പോകാൻ വിജിലൻസിന് പരോക്ഷ സമ്മതം രമേശ് ചെന്നിത്തല നൽകിയത്. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തിലും ബാഹ്യ ഇടപെടിൽ ഉണ്ടാകില്ലെന്നാണ് സൂചന. ബാർ കോഴയിൽ കുറ്റപത്രം നൽകിയാൽ മാണി രാജിവയ്ക്കുമെന്നാണ് വിലയിരുത്തൽ. എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ പോലും രാജിവയ്ക്കുമെന്ന് ബാബു വ്യക്തമാക്കിയിട്ടുണ്ട്. ബാബുവിന്റേ കാര്യത്തിൽ ക്വിക് വെരിഫിക്കേഷനാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

അതിനിടെ ബാർ കോഴ കേസ് വിജിലൻസിന്റെ അന്വേഷണ പരിധിയിൽ ഇരിക്കുന്ന കാര്യമാണെന്നും ഇതേക്കുറിച്ച് ഇപ്പോൾ ഒന്നും പ്രതികരിക്കുന്നില്ലെന്നും ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ഏതാനും ദിവസം കൂടി കാത്തിരിക്കൂ, മാദ്ധ്യമങ്ങളോട് എല്ലാം പറയാമെന്നും മാണി പറഞ്ഞു. ബാർ കോഴ കേസിൽ ബിജു രമേശിന്റെ ഡ്രൈവർ അന്പിളിയുടെ നുണപരിശോധനാ ഫലം പുറത്ത് വന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മാണി. ബാർ കോഴ കേസിൽ വിജിലൻസ് നുണപരിശോധനാ ഫലം മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത് ഗുരുതര പ്രശ്‌നമാണ്. അവ പിന്നീട് സങ്കൽപ കഥകളായും അഭ്യൂഹങ്ങളായും മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത് ശരിയാണോയെന്ന് ആഭ്യന്തര വകുപ്പ് നോക്കണംമാണി പറഞ്ഞു. റിപ്പോർട്ട് പുറത്ത് വന്നതിൽ ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചുവോ എന്ന ചോദ്യത്തോട് മാണി പ്രതികരിച്ചില്ല.

എന്തായാലും വാർത്തകൾ ചോരുന്നതിൽ കേരളാ കോൺഗ്രസ് അതൃപ്തരാണ്. മാണിയെ കുടുക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ഇതാണ് വരുന്ന വാർത്തകളും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ വിജിലൻസിനെതിരെ ആഭ്യന്തരമന്ത്രിക്ക് കേരളാ കോൺഗ്രസ് പരാതി നൽകും. മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും കാര്യങ്ങൾ കൊണ്ടുവരും. ഭരണം അട്ടിമറിക്കനുള്ള കോൺഗ്രസിലെ ഐ ഗ്രൂപ്പ് ഗൂഡോലോചനയാണ് എല്ലാത്തിനും പിന്നിലെന്ന് ഉറച്ച് വിശ്വസിക്കുകയാണ് മാണി ഗ്രൂപ്പ്.