- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂട്ടിയ 418 എണ്ണം തുറക്കാനുള്ള കള്ളക്കളി തിരിച്ചടിയായി; സൂധീരനെ വെട്ടാൻ എല്ലാം പൂട്ടാമെന്ന പ്രഖ്യാപനമെത്തി; കോടതിയിലെ ഒളിച്ചുകളി കെപിസിസി നിരീക്ഷച്ചപ്പോൾ കോഴ ആരോപണവും; സുപ്രീംകോടതിയുടെ ഇടപടെൽ അനിവാര്യമാക്കിയ ബാർ പൂട്ടലിന്റെ കഥ
കൊച്ചി: സർക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവച്ചു. ഇനി കേരളത്തിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമേ ബാർ ലൈസൻസ് നൽകൂ എന്ന സർക്കാരിന്റെ നയമാണ് കോടതി ശരിവച്ചത്. ഇതോടെ കേരളത്തിൽ ഇനി 24 ബാറുകൾ മാത്രമേ പ്രവർത്തിക്കൂ. 2015 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ മദ്യനയത്തെ ചോദ്യം ചെയ്യുന്നതാണ് ബാറുടമകൾ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പ
കൊച്ചി: സർക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവച്ചു. ഇനി കേരളത്തിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമേ ബാർ ലൈസൻസ് നൽകൂ എന്ന സർക്കാരിന്റെ നയമാണ് കോടതി ശരിവച്ചത്. ഇതോടെ കേരളത്തിൽ ഇനി 24 ബാറുകൾ മാത്രമേ പ്രവർത്തിക്കൂ. 2015 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ മദ്യനയത്തെ ചോദ്യം ചെയ്യുന്നതാണ് ബാറുടമകൾ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നത്. ഫൈവ് സ്റ്റാർ പദവിയുള്ളവയ്ക്ക് മാത്രം ബാറിന് അനുമതിക്ക് വ്യവസ്ഥ ചെയ്യുന്ന കേരള വിദേശമദ്യ ചട്ടത്തിലെ ഭേദഗതിയേയും ബാറുടമകൾ ചോദ്യം ചെയ്യ്തിരുന്നു. ഇതാണ് കോടതി തള്ളിക്കളഞ്ഞത്.
മദ്യോപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബാർ ഫൈവ് സ്റ്റാറിന് മാത്രമായി പരിമിതപ്പെടുത്തിയതെന്നും അത് നയ തീരുമാനമാണെന്നും സർക്കാർ ബോധിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഇനി നാലും അഞ്ചും നക്ഷത്രങ്ങളുള്ള ബാറുകളേ പ്രവർത്തിക്കേണ്ടതുള്ളൂ എന്നാണ്, യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന് ഭാഗിക അംഗീകാരം നൽകിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. ഇതനുസരിച്ച് 21 ഫൈവ് സ്റ്റാർ ബാറുകളും 33 ഫോർ സ്റ്റാർ ബാറുകളും 8 ഹെറിറ്റേജ് ബാറുകളുമാണ് കേരളത്തിൽ പ്രവർത്തിച്ചിരുന്നത്. അവയും ബെവ്‌കോ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളും മദ്യം വിളമ്പാൻ ലൈസൻസുള്ള ക്ലബ്ബുകളും പട്ടാള ക്യാന്റീനുകളും ബിയർവൈൻ പാർലറുകളും കള്ളുഷാപ്പുകളുമാണ് ഹൈക്കോടതിവിധിയനുസരിച്ച് ഇനി സംസ്ഥാനത്ത് നിയമവിധേയമായി മദ്യവിൽപ്പന നടത്തിയിരുന്നത്. സുപ്രീംകോടതി വിധിയോടെ 33 ഫോർ സ്റ്റാർ ബാറുകളും പൂട്ടും. ബാക്കിയുള്ളവയിൽ നയപരമായ തീരുമാനത്തിന് സംസ്ഥാന സർക്കാരിന് അവകാശവുമുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിന് ആശ്വാസമാണ് വിധി. എന്നാൽ ബാർ പൂട്ടൽ തുറന്നുവെട്ട കോഴ ഭൂതം സർക്കാരിനെ ഇപ്പോഴും അലട്ടുന്നുണ്ട്.
2014 ഏപ്രിൽ മാസത്തോടെയാണ് ബാർ വിഷയത്തിന്റെ ആരംഭം. സർക്കാർ ലൈസൻസ് പുതുക്കിനൽകാത്തതിനെ തുടർന്ന് കേരളത്തിലെ 418 ബാറുകൾ അടച്ചുപൂട്ടി. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമെന്ന സർക്കാർ നയത്തെ ഒക്ടോബർ 30ന് ഹൈക്കോടതിയും ശരിവച്ചു. ആദ്യ പടിയായി ഫോർ സ്റ്റാറിൽ താഴെയുള്ള ബാറുകളുടെ അനുമതിയാണ് റദ്ദാക്കിയത്. പിന്നീട് ഫൈവ്സ്റ്റാർ ഹോട്ടലുകൾക്കു മാത്രം ലൈസൻസ് എന്ന നിലയിലേയ്ക്ക് എത്തിച്ചേർന്നു. ഇതോടെ സംസ്ഥാനത്തെ 700ലധികം ബാറുകളുടെ പ്രവർത്തനം നിലച്ചു. പൂട്ടിയ പല ബാറുകൾക്കും പകരം ബിയർ വൈൻ ലൈസൻസ് നൽകുകയും ചെയ്തു. നിലവിൽ 27 പഞ്ചനക്ഷത്ര ബാറുകളും 33 ബാറുള്ള ക്ലബ്ബുകളുമാണ് സംസ്ഥാനത്തുള്ളത്. 806 ബിയർവൈൻ പാർലറുകളും. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രം ബാർലൈസൻസ് നൽകിയ സർക്കാർ തീരുമാനം വിവേചനപരമാണെന്ന ആരോപണവുമായാണ് ബാർ ഉടമകൾ രംഗത്തുവന്നത്. സമ്പന്നർക്ക് മാത്രം മദ്യം ലഭ്യമാകുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുക. സംസ്ഥാനസർക്കാരിന്റെ മദ്യനയം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ബാർ ഹോട്ടൽ ഉടമകൾ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലാണ് തള്ളിയത്.
കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ നീക്കങ്ങളാണ് ഇതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. നിലവാരമില്ലാത്തതിന്റെ പേരിൽ അടച്ചു പൂട്ടേണ്ടി വന്ന 418 ബാറുകൾ തുറന്നു കൊടുക്കാൻ സർക്കാരിന് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ സുധീരൻ ഇതിനെ എതിർത്തു. കള്ളക്കളി അനുവദിക്കില്ലെന്ന് തുറന്ന് പറഞ്ഞു. ഇതിനിടെയിലാണ് യുഡിഎഫ് യോഗം നടന്നത്. നാടകീയമായി എല്ലാ ത്രീ സ്റ്റാർ ഹോട്ടലുകളും പൂട്ടാൻ സർക്കാർ നയമെടുത്തുവെന്ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. സുധീരന്റെ ആദർശ പരിവേഷത്തെ കീറിയെറിയാനായിരുന്നു അത്. എന്നാൽ കോടതിയിൽ കള്ളക്കളികൾ നടത്തി ബാറുകൾക്ക് തുറന്നു പ്രവർത്തിക്കാൻ അവസരമൊരുക്കുമെന്ന വിമർശനം ഉയർന്നു. ജാഗ്രതയോടെ സുധീരൻ നിലകൊണ്ടപ്പോൾ കളികളൊന്നും നടന്നില്ല. ഇതോടെ ബിജു രമേശ് ബാർ കോഴയെന്ന ആരോപണ ഭൂതം തുടർന്നുവിട്ടു. ബാർ ഉടമകളെ പോലും പലതട്ടിലാക്കി. അപ്പോഴും സുപ്രീംകോടതി വിധിയിലായിരുന്നു പ്രതീക്ഷ. അതു പൊലിഞ്ഞതോടെ ബാർ ഉടമകളുടെ അടുത്ത നീക്കമാകും നിർണ്ണായകം.
ഭരണഘടനയുടെ 47ാം അനുഛേദം ഹാനികരമായ ലഹരിപദാർത്ഥങ്ങളുടെയും മരുന്നുകളുടെയും ഉപയോഗം തടയാൻ നിർദ്ദേശിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിച്ച മദ്യത്തിനെതിരായിട്ടുള്ള നിലപാടിന്റെ അന്തസ്സത്തയാണ് ഭരണഘടനാ വിധാതാക്കൾ ഈ അനുഛേദത്തിലൂടെ വിഭാവനം ചെയ്തത്. 1925ൽ 'യങ്ങ് ഇന്ത്യ'യിൽ ഗാന്ധിജി ഇപ്രകാരം എഴുതിയിരുന്നു. ''അയിത്തം പോലെ ഏറ്റവും പരിതാപകരമായ മറ്റൊരു ശാപമാണ് മദ്യം''. 1927ൽ ഗാന്ധിജി വീണ്ടും തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ''പൂർണ്ണമായ മദ്യനിരോധനം സാധ്യമാക്കുന്നതിന് എന്തുവില കൊടുക്കേണ്ടി വന്നാലും അത് അധികമാവുകയില്ല.''-സുധീരന്റെ ഈ നിലപാട് തന്നെയാണ് ബാറുകളുടെ അടച്ചു പൂട്ടലിന് ഇടവയ്ക്കുന്ന സുപ്രീംകോടതിയുടെ തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കോൺഗ്രസ് ഹൈക്കമാണ്ടിനെ കൊണ്ട് സുധീരനെ സ്വാധീനിക്കാനുള്ള ശ്രമവും നടന്നിരുന്നില്ല. ബാർ കോഴ ആരോപണങ്ങളുമായപ്പോൾ എല്ലാം ബാറുടമകൾക്ക് എതിരായി.
കേരളത്തിന്റെ സാമൂഹിക സ്ഥിതിയിൽ ബാറുകൾ വേണ്ടെന്നായിരുന്നു സുധീരന്റെ നിലപാട്. പ്രതിശീർഷ മദ്യ ഉപയോഗത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ആത്മഹത്യയുടെയും വിഷാദരോഗങ്ങളുടെയും കാര്യത്തിലും ഒന്നാമതുതന്നെ. അനുദിനം വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ, ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന ലഹരിജന്യരോഗികളുടെ ആധിക്യം, കിട്ടുന്നതിലേറെയും മദ്യശാലയിൽ കൊടുത്ത് വെറും കൈയുമായി വീടുകളിലേക്ക് എത്തുന്ന ഗൃഹനാഥന്മാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്, അതുമൂലം കുടുംബങ്ങളിൽ ഉണ്ടാകുന്ന സാമ്പത്തികത്തകർച്ച, ദാരിദ്ര്യം, കുടുംബബന്ധങ്ങളിലെ ശൈഥില്യം, ഗാർഹികപീഡനങ്ങൾ, അഭൂതപൂർവ്വമായിട്ടുള്ള വിവാഹമോചനങ്ങൾ, മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യത്തകർച്ച, സാമൂഹ്യരംഗത്ത് വളർന്നുവരുന്ന അരാജകാവസ്ഥ, പെരുകി വരുന്ന കുറ്റകൃത്യങ്ങൾ, ക്രമസമാധാന പ്രശ്‌നങ്ങൾ തുടങ്ങിയവയിലേയ്‌ക്കൊക്കെ നയിക്കുന്നത് ലഹരി തന്നെയാണ്. ഈ സാമൂഹിക ദുരവസ്ഥ കണക്കിലെടുത്തുകൊണ്ടാണ് മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരാനും അതുവഴി ഘട്ടംഘട്ടമായ മദ്യനിരോധനത്തിലേക്ക് നീങ്ങുവാനും യു.ഡി.എഫ്. നേരത്തെതന്നെ തീരുമാനിച്ചതെന്ന് വിശദീകരിച്ച് സുധീരൻ എത്തിയത് ഉമ്മൻ ചാണ്ടിയെ വെട്ടിലാക്കി.
ബാർ കോഴയിൽ ആരോപണം എത്തിയതോടെ സർക്കാർ നിലപാട് കടുപ്പിച്ചു. ബാർ ഉടമകളുമായി ഒത്തുതീർപ്പിന് വഴങ്ങാതെയുമായി. ഇതോടെ മുതിർന്ന അഭിഭാഷനായ കപിൽ സിബൽ എത്തി കേസ് വാദിച്ചു. ഓരോ ഘട്ടവും സുധീരൻ നിരീക്ഷിച്ചു. സുധീരനെ പിന്തുണയ്ക്കുന്ന ടിഎൻ പ്രതാപനും കേസിൽ കക്ഷി ചേർന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ബാറുടമകൾക്കനുകൂലമായി സർക്കാർ അഭിഭാഷകൻ മൗനം പാലിക്കുമ്പോഴെല്ലാം തെളിവുമായി പ്രതാപൻ എത്തി. ഇതോടെ കാര്യങ്ങൾ ബാറുടമകൾക്ക് വിനയായി. കെ. കരുണാകരൻ മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി യു.ഡി.എഫ് കൺവീനറുമായിരുന്ന കാലത്ത് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ഉദയഭാനു കമ്മീഷൻ റിപ്പോർട്ടും ചർ്ച്ചകളിലെത്തി. .യുഡിഎഫിന്റെ നയം സമ്പൂർണ്ണ മദ്യനിരോധനത്തിലേക്കുള്ള യാത്രയാണെന്ന് പ്രതാപനും സുധീരനു വേണ്ടി വാദിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 1992ൽ ബാറുകൾക്ക് റ്റു സ്റ്റാർ നിബന്ധന ഏർപ്പെടുത്തി. 96 ൽ എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചാരായം നിരോധിച്ചതും യു.ഡി.എഫിന്റെ തുടർനടപടികളുടെ ഭാഗമായിരുന്നു.
ആന്റണിയെത്തുടർന്ന് 2004 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി വന്നപ്പോൾ കള്ളിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ ഷാപ്പുകളുടെ എണ്ണം ക്രമപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായി ഷാപ്പുകളുടെ എണ്ണം ഗണ്യമായി കുറച്ചു. യു.ഡി.എഫ് സർക്കാരുകൾ ഇത്തരത്തിൽ നിരവധി നടപടികൾ സ്വീകരിച്ചു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നപ്പോൾ യു.ഡി.എഫ്. പിന്തുടർന്നു വന്ന നയത്തിന്റെയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെയും അടിസ്ഥാനത്തിൽ വ്യക്തമായ മദ്യനയത്തിന് രൂപം കൊടുത്തു എന്നാണ് വിശദീകരണം. അതനുസരിച്ച് 31.3.2012 വരെ ത്രീ സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കുന്നത് തുടരുമെന്നും 1.4.2012 മുതൽ ഫോർ സ്റ്റാറും അതിനു മുകളിലും പദവിയുള്ള ഹോട്ടലുകൾക്ക് മാത്രമേ ബാർ ലൈസൻസ് അനുവദിക്കുകയുള്ളുവെന്നും, 2013-14 സാമ്പത്തിക വർഷം മുതൽ മിനിമം 25 മുറികളും ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷനും ഉള്ള ഹോട്ടലുകൾക്ക് മാത്രമേ ബാർ ലൈസൻസ് അനുവദിക്കുകയുള്ളുവെന്നും വ്യക്തമാക്കി.
ഇതനുസരിച്ച് സർക്കാർ നടപടികൾ തുടരവേ നിലവാരമില്ലാത്തതും നിയമലംഘനം നടത്തിയതുമായ 418 ബാറുകളെ സംബന്ധിച്ച് സി.എ.ജി. റിപ്പോർട്ട് പുറത്തുവന്നതും തുടർന്ന് സുപ്രീം കോടതി പരാമർശത്തിനിടയാക്കിയതും സുപ്രധാന വഴിത്തിരിവായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. പിന്നീട് ഈ വർഷത്തെ മദ്യനയം സംബന്ധിച്ച് വളരെയേറെ ചർച്ചകളും, സംവാദങ്ങളും നടന്നു.418 ബാറുകൾ അടച്ചതിനു മുമ്പുള്ള നാലുമാസത്തെയും അതിനു ശേഷമുള്ള 4 മാസത്തെയും കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ വിദേശമദ്യത്തിന്റെ അളവിൽ 21,97,232 ലിറ്ററും, ബിയറിന്റെ അളവിൽ 55,32,254 ലിറ്ററും കുറവുണ്ടായി. 2014 ജൂൺ വരെ മദ്യം മൂലമുള്ള സംഘട്ടനങ്ങളിൽ 36 ശതമാനത്തിന്റെയും ഗാർഹിക പീഡനങ്ങളിൽ 31 ശതമാനത്തിന്റെയും കുറവുണ്ടായി. വാഹനാപകടങ്ങൾ 27 ശതമാനം കുറഞ്ഞതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
അടച്ചുപൂട്ടിയ 418 ബാറുകൾ ഇനി തുറക്കരുതെന്ന ജനാഭിപ്രായം ശക്തമായി ഉയർന്നുവന്നു. ആ പൊതുവികാരം കണക്കിലെടുത്തുകൊണ്ടാണ് എന്നും ജനതാൽപര്യത്തിനു വേണ്ടി നിലകൊണ്ടിട്ടുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പൂട്ടിയ 418 ബാറുകൾക്കു പുറമേ നിലവിൽ പ്രവർത്തിക്കുന്ന 312 ബാറുകൾ കൂടി പൂട്ടാനും ഡ്രൈ ഡേകളുടെ എണ്ണം വർധിപ്പിക്കാനും പ്രതിവർഷം 10% ബെവ്‌റേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ നിർത്തലാക്കാനും നടപടി സ്വീകരിച്ചത്. കേരളത്തെ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് നയിക്കുന്നതിനുള്ള നിർണ്ണായക ചുവടുവെയ്പായി ഇതിനെ വിശേഷിപ്പിക്കാം. നയപരമായ തീരുമാനം എടുക്കാനുള്ള സർക്കാരിന്റെ അധികാരത്തെ ഹൈക്കോടതിയും അംഗീകരിച്ചു. എന്നാൽ ഫോർ സ്റ്റാറുകൾക്ക് പ്രവർത്തനാനുമതി നൽകി. നയങ്ങൾ രൂപീകരിക്കുക എന്നത് സർക്കാരിന്റെ അവകാശമാണ്. ഇത് ഹൈക്കോടതി അംഗീകരിച്ചതുമാണ്. ഇത് തന്നെയാണ് സുപ്രീംകോടതിയും അംഗീകരിച്ചത്.
തൊഴിൽ നഷ്ടമാകുമെന്നതുകൊണ്ട് മാത്രം മദ്യനയം നടപ്പക്കാതിരിക്കാനാവില്ലെന്ന് സുപ്രീംകോടതി ഇതിനിടെയിൽ പറയുകയും ചെയ്തു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് വ്യാവസായിക തൊഴിൽ നിയമങ്ങൾ പ്രകാരമാണ്. തൊഴിലാളികളുടെ അഭിവയോധികിയല്ല മദ്യം കുടിച്ച നൂറ് കണക്കിന് പേർ മരിച്ചതും പരിഗണിക്കണം. പഞ്ച നക്ഷത്ര പദവിക്ക് ബാർ ലൈസൻസ് നിർബന്ധമല്ല. കേന്ദ്ര സർക്കാരിന്റെ ടൂറിസം നയത്തിൽ ഇക്കാര്യം വ്യക്തമാണെന്ന് കോടതി പറഞ്ഞിരുന്നു. നിരോധനമുള്ള സംസ്ഥാനങ്ങളിൽ നക്ഷത്രപദവിക്ക് ബാർലൈസൻസിന്റെ ആവശ്യമില്ല. ഇതോടെ തന്നെ ബാർകോഴയിലെ വിധി എങ്ങനെയാകുമെന്ന് വ്യക്തമാവുകയും ചെയ്തു. ഇത് ശരിവയ്ക്കുന്നതാണ് ഇന്നതെ വിജയം.