തിരുവനന്തപുരം: കെ എം മാണിയാണ് ഇപ്പോൾ കേരളത്തിലെ ചൂടുള്ള രാഷ്ട്രീയ വിഷയം. ബാർകോഴ കേസ് ആയുധമാക്കി യുഡിഎഫിനെ ഭരണത്തിൽ നിന്നും താഴെയിറക്കിയ സിപിഎം തന്നെ ഇപ്പോൾ മാണിയെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുവരാൻ കച്ചകെട്ടി നിൽക്കുന്നു. ഈ തീരുമാനത്തെ എതിർത്തു കൊണ്ട് രംഗത്തുള്ളത് സിപിഐയാണ്. എന്നാൽ, സിപിഐയുടെ എതിർപ്പിനെയും മറികടന്ന് മാണിയെ മുന്നണിയിലെത്തിക്കാൻ വേണ്ടി പച്ചക്കൊടി കാട്ടാൻ തൃശ്ശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ തീരുമാനം ഉണ്ടായേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ തൃശ്ശൂർ സമ്മേളനത്തിൽ ഉണ്ടായേക്കുമെന്ന വാർത്തകൾ പുറത്തുവരുമ്പോൾ തന്നെ നിർണായക ഒരു നീക്കം ഡൽഹിയിൽ ഉണ്ടായി.

കെഎം മാണി ഉൾപ്പെട്ട ബാർ കോഴ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന കമ്മറ്റി അംഗം നോബിൾ മാത്യു നൽകിയ ഹർജി സുപ്രിം കോടതി നാളെ പരിഗണിക്കും. ബാർകോഴയിൽ നിന്നും മാണിയെ കുറ്റവിമുക്തനാക്കിയാലും കെഎം മാണിക്ക് മേൽ കുരുക്കായി സിബിഐ വരുമോ എന്ന ആശങ്ക ഇതോടെ കേരളാ കോൺഗ്രസ് കേന്ദ്രങ്ങളിലും സജീവമായി. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, ആർ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

നിലവിൽ ബാർ കോഴ കേസ് അന്വേഷിക്കുന്നത് സംസ്ഥാന വിജിലിൻസാണ്. മാണിയെ പ്രോസിക്യുട്ട് ചെയ്യാൻ വിജിലൻസിന് താത്പര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോബിൾ മാത്യു സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. കെഎം മാണി കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട നേതാവും, നാല് തവണ സംസ്ഥാനത്ത് മന്ത്രിയായിരുന്ന വ്യക്തിയുമാണ്. മാണിക്ക് എതിരെ സംസ്ഥാന ഏജൻസികൾ നടത്തുന്ന അന്വേഷണം നിഷ്പക്ഷമായിരിക്കില്ല. പൊതു ജനങ്ങൾക്കിടയിൽ അത് ഒരു വിശ്വാസ്യതയും ഉണ്ടാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാർ കോഴ കേസിൽ നടക്കുന്ന അന്വേഷണം അവസാനിക്കാൻ ഒന്നിൽ അധികം തവണ വിജിലൻസ് നീക്കം നടത്തിയതാണ്.

എന്നാൽ കോടതികളുടെ ഫലപ്രദമായ ഇടപെടലുകൾ കാരണമാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസിന് കഴിയാത്തതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ബാർ കോഴ കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് നോബിൾ മാത്യുവിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. വിജിലൻസ് റിപ്പോർട്ടിൽ എന്തങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ഹർജിക്കാരന് വിചാരണക്കോടതിയെ സമീപിക്കാമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നോബിൾ സമർപ്പിച്ച ഹർജയിൽ പൊതുതാൽപ്പര്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കെഎം മാണി ബാറുടമകളിൽനിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസാണ് വിജിലൻസ് അന്വേഷിച്ചിരുന്നത്. 148 ബാറുകൾ തുറക്കാൻ മാണി അഞ്ചു കോടി ആവശ്യപ്പെട്ടെന്നാണു ബാർ ഉടമയായ ബിജു രമേശിന്റെ ആരോപണം. എന്നാൽ ബാർ കോഴക്കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലിൻസിന്റെ കണ്ടെത്തൽ എന്നാണ് സൂചന. മാണി കോഴ വാങ്ങിയതിനും തെളിവില്ല.

കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാന വിജിലിൻസ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, മന്ത്രി വി എസ് സുനിൽകുമാർ, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി മുരളീധരൻ എന്നിവരുടെ പരാതിയിലാണു വിജിലൻസ് അന്വേഷണം നടത്തിയത്.

മാണിയുടെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച് തൃശൂരിൽ നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ചർച്ചകൾ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ബാർ കോഴ കേസ് സുപ്രിം കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നതെന്നും ശ്രദ്ധേയമാണ്. മാണിയെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുമ്പോഴേക്കും സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുകുയം ചെയ്യും.

അതേസമയം സിപിഐ ഇപ്പോഴും ശക്തമായ എതിർപ്പാണ് മാണിയുടെ കാര്യത്തിൽ നടത്തുന്നത്. കെ.എം. മാണിയെ ഒപ്പംകൂട്ടാൻ തയ്യാറെടുക്കുന്ന സിപിഎമ്മിനെ യുഡിഎഫിന്റെ ബജറ്റ് ദിനത്തിലെ കാര്യങ്ങൾ ഓർമപ്പെടുത്തി സിപിഐ. മാണിക്കെതിരെ ഇടതുമുന്നണി മുൻപ് പുറത്തിറക്കിയ ലഘുലേഖ, നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചാണ് സിപിഐയുടെ നീക്കം.

സംസ്ഥാന നിയമസഭ അന്നേവരെ കണ്ടിട്ടില്ലാത്ത രംഗങ്ങൾക്കാണ് 2015ലെ യുഡിഎഫ് സർക്കാരിന്റെ ബജറ്റ് ദിനം സാക്ഷ്യം വഹിച്ചത്. മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്നു പ്രഖ്യാപിച്ച് അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ സിപിഎം നേതാക്കൾ ഇപ്പോൾ കസേര ഒരുക്കി കാത്തിരിക്കുകയാണ്. കെ.എം.മാണിക്കെതിരെ സഭയിൽ കടുത്ത ആക്ഷേപം ഉന്നയിച്ച വി എസ്. അച്യുതാനന്ദൻ പോലും നിലപാട് മാറ്റിയെന്നും സിപിഐ ആരോപിക്കുന്നു.

അന്ന് എൽഡിഎഫ് സംസ്ഥാന കമ്മറ്റി പതിനാറു പേജുള്ള ഒരു ലഘുലേഖതന്നെ പുറത്തിറക്കിയിരുന്നു. മാണി രാജിവയ്ക്കണമെന്ന് തന്നെയായിരുന്നു പ്രധാന ആവശ്യം. മാണി ബജറ്റ് വിറ്റു എന്ന ആക്ഷേപം പോലും ഉന്നയിക്കപ്പെട്ടു. എന്നാൽ മൂന്നുവർഷങ്ങൾക്കിപ്പുറം കാര്യങ്ങൾ മാറിമറിഞ്ഞു. ചെയ്തതും പറഞ്ഞതുമെല്ലാം സിപിഎം അപ്പാടെ വിഴുങ്ങി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ സിപിഐയുടെ നേതൃത്വത്തിൽ വലിയ വിമർശനമാണുയരുന്നത്.