- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോരമ ചാനലിലൂടെ ബിജു രമേശ് പുറത്തുവിട്ട ഭൂതം കേരളക്കരയിൽ സഞ്ചരിച്ചത് ഒരു വർഷം; ബാർ കോഴ ആരോപണത്തിൽ തുടങ്ങിയ യാത്ര എത്തിനിൽക്കുന്നത് മാണിയുടെ രാജിയിൽ: നാൾവഴികൾ ഇങ്ങനെ
തിരുവനന്തപുരം:മനോരമ ചാനലിലൂടെ ബിജു രമേശ് പുറത്തുവിട്ട ഭൂതം കേരളക്കരയിലാകെ സഞ്ചരിച്ച് ഒടുവിലിതാ ധനമന്ത്രിയുടെ രാജിയിൽ വരെ എത്തിനിൽക്കുന്നു. ബാർ കോഴക്കേസ് കേരളത്തിൽ സജീവ ചർച്ചയായി മാറിയിട്ട് ഒരുവർഷം പിന്നിടുമ്പോഴാണ് ധനമന്ത്രി കെ എം മാണിയുടെ രാജിയിൽവരെ എത്തിനിൽക്കുന്നത്. സർക്കാരിന്റെ മദ്യനയം അംഗീകരിച്ച് 62 ബാറുകളൊഴികെ എല്ലാം
തിരുവനന്തപുരം:മനോരമ ചാനലിലൂടെ ബിജു രമേശ് പുറത്തുവിട്ട ഭൂതം കേരളക്കരയിലാകെ സഞ്ചരിച്ച് ഒടുവിലിതാ ധനമന്ത്രിയുടെ രാജിയിൽ വരെ എത്തിനിൽക്കുന്നു. ബാർ കോഴക്കേസ് കേരളത്തിൽ സജീവ ചർച്ചയായി മാറിയിട്ട് ഒരുവർഷം പിന്നിടുമ്പോഴാണ് ധനമന്ത്രി കെ എം മാണിയുടെ രാജിയിൽവരെ എത്തിനിൽക്കുന്നത്.
സർക്കാരിന്റെ മദ്യനയം അംഗീകരിച്ച് 62 ബാറുകളൊഴികെ എല്ലാം പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ബാർവിഷയം വൻ ചർച്ചയായത്. കോടതിയുത്തരവിന് പിന്നാലെയായിരുന്നു ചാനലിലൂടെ ബിജുവിന്റെ വെളിപ്പെടുത്തൽ.
മന്ത്രി കെ.എം. മാണി കോഴ വാങ്ങിയെന്ന ബാർ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണമാണ് പിന്നീട് വിവാദങ്ങൾക്കു പഞ്ഞമുണ്ടാക്കാത്ത ബാർ കോഴ കേസായി മാറിയത്. പൂട്ടിയ ബാറുകൾ തുറക്കാനും തുറന്നവ പൂട്ടാതിരിക്കാനും മന്ത്രി മാണി അഞ്ചുകോടി ആവശ്യപ്പെട്ടെന്നും ഒരു കോടി വാങ്ങിയെന്നുമായിരുന്നു ആരോപണം.
ബാർകോഴക്കേസിന്റെ നാൾവഴികൾ ഇങ്ങനെ:
- 2014 ഒക്ടോബർ 30: സർക്കാരിന്റെ മദ്യനയം അംഗീകരിച്ച് 62 ബാറുകളൊഴികെ എല്ലാം പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. തൊട്ടുപിന്നാലെ ബിജു രമേശിന്റെ വെളിപ്പെടുത്തലുണ്ടായി.
- 2014 നവംബർ 1: ആരോപണം സത്യമല്ലെന്നും അന്വേഷണമില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന. ഗൂഢാലോചനയെന്ന് കെ.എം.മാണി.
- 2014 നവംബർ 2: വി എസ്.അച്യുതാനന്ദന്റെ പരാതിയിൽ വിജിലൻസിന്റെ അന്വേഷണ തീരുമാനം.
- 2014 നവംബർ 4: വിജിലൻസ് അന്വേഷണം തുടങ്ങി.
- 2014 നവംബർ 5: പിന്നിൽ ഗൂഢാലോചനയെന്നും കേരള കോൺഗ്രസ്.
- 2014 നവംബർ 6: നാല് വർഷംകൊണ്ട് 20 കോടി രൂപ കോഴ നൽകിയെന്ന് ബാർ ഉടമകളുടെ യോഗം.
- 2014 നവംബർ 7: ബാറുടമകൾ മലക്കംമറിഞ്ഞു. കോഴ നൽകിയെന്നു പറഞ്ഞത് മദ്യലഹരിയിലെന്ന് ബാറുടമ.
- 2014 നവംബർ 16: മാണിയുടെ രാജിക്കായി എൽഡിഎഫ് പ്രക്ഷോഭത്തിനു തീരുമാനം.
- 2014 നവംബർ 19: കോഴയ്ക്ക് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.
- 2014 നവംബർ 22: മാണിക്ക് യു.ഡി.എഫിന്റെ പൂർണ പിന്തുണ.
- 2014 നവംബർ 25: പണം വാങ്ങിയിട്ടില്ലെന്ന് വിജിലൻസിന് മാണിയുടെ മൊഴി.
- 2014 നവംബർ 26: മാണി കോഴ വാങ്ങിയോ ഇല്ലയോ എന്നറിയില്ലെന്ന് പി.സി.ജോർജിന്റെ മൊഴി.
- 2014 ഡിസംബർ ഒന്ന്: മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം.
- 2014 ഡിസംബർ രണ്ട്: സഭയിൽ വീണ്ടും ബഹളം. വി.ശിവൻകുട്ടിക്ക് സസ്‌പെൻഷൻ. നാല് എംഎൽഎ.മാർക്ക് താക്കീത്.
- 2014 ഡിസംബർ മൂന്ന്: കേസെടുക്കുന്ന കാര്യം വിജിലൻസ് തീരുമാനിക്കണമെന്ന് ഹൈക്കോടതി.
- 2014 ഡിസംബർ ഒൻപത്: സത്വരാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു.
- 2014 ഡിസംബർ 11: മാണിയെ പ്രതിയാക്കി വിജിലൻസ് കേസെടുത്തു.
- 2014 ഡിസംബർ 18: പൂട്ടിയ ബാറുകളിൽ ബിയറും വൈനും അനുവദിക്കാൻ തീരുമാനം.
- 2015 ജനുവരി 17: മാണിക്ക് പണം നൽകിയില്ലെന്ന് ബാറുടമകളുടെ അസോസിയേഷൻ ഭാരവാഹികൾ വിജിലൻസിന് മൊഴിനൽകി. മൊഴി മാറ്റാൻ മന്ത്രി പി.ജെ.ജോസഫും ജോസ് കെ.മാണിയും നിർബന്ധിച്ചെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തൽ.
- 2015 ജനുവരി 19: ആർ.ബാലകൃഷ്ണപിള്ള, പി.സി.ജോർജ് എന്നിവരും ബിജു രമേശുമായുള്ള ഫോൺസംഭാഷണം പുറത്ത്. മാണി സ്വർണക്കടക്കാരിൽനിന്ന് 19 കോടിയും മില്ലുകാരിൽനിന്ന് രണ്ടുകോടിയും വാങ്ങിയെന്ന് ബാലകൃഷ്ണപിള്ളയുടെ ആരോപണം.
- 2015 ഫെബ്രുവരി ആറ്: പൊലീസ് സംരക്ഷണം തേടി ബിജു രമേശ് കോടതിയിൽ.
- 2015 മാർച്ച് 13: പ്രതിപക്ഷ എതിർപ്പിനിടെ മന്ത്രി മാണി ബജറ്റ് അവതരിപ്പിച്ചു. നിയമസഭയിൽ അടിപിടി. എംഎൽഎ.മാർക്ക് പരിക്ക്.
- 2015 മാർച്ച് 31: ബിജുവിന്റെ കാർ മന്ത്രി മാണിയുടെ വീട്ടിലെത്തിയതായി വിജിലൻസ്.
- 2015 ഏപ്രിൽ 18: മാണിക്കെതിരെ ആർ.ബാലകൃഷ്ണപിള്ളയുടെ പരാതി വിജിലൻസിൽ.
- 2015 മെയ് ഏഴ്: വിജിലൻസ് സംഘം മാണിയെ ചോദ്യംചെയ്തു.
- 2015 മെയ് എട്ട്: അന്വേഷണച്ചുമതല എ.ഡി.ജി.പി. ജേക്കബ് തോമസിൽനിന്ന് മാറ്റി എ.ഡി.ജി.പി. ദർവേഷ് സാഹിബിന് കൈമാറി.
- 2015 മെയ് 18: ബിജു രമേശിന്റെ ഡ്രൈവർ അമ്പിളി നൽകിയ മൊഴി ശരിവച്ച് നുണപരിശോധനാഫലം.
- 2015 ജൂൺ നാല്: മാണിക്കെതിരെ തെളിവില്ലെന്ന് നിയമോപദേശം.
- 2015 ജൂൺ എട്ട്: തെളിവുകളിൽ വൈരുധ്യം. ബിജുവിനെ വീണ്ടും വിജിലൻസ് ചോദ്യംചെയ്തു.
- 2015 ജൂൺ 12: മാണിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ് എ.ഡി.ജി.പി.
- 2015 ജൂൺ 20: അറ്റോർണി ജനറലിനോട് വിജിലൻസ് നിയമോപദേശം തേടി.
- 2015 ജൂൺ 27: മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് വിജിലൻസ് ഡയറക്ടർ വിൻസൻ എം.പോളിന്റെ തീരുമാനം.
- 2015 ജൂൺ 29: അന്വേഷണസംഘം രേഖകൾ കോടതിയിൽ ഹാജരാക്കി.
- 2015 ഓഗസ്റ്റ് എട്ട്: തുടരന്വേഷണം ആവശ്യപ്പെട്ട് സാറാ ജോസഫ്, വൈക്കം വിശ്വൻ, അഡ്വ. സണ്ണി മാത്യു എന്നിവർ ഹർജി നൽകി.
- 2015 ഓഗസ്റ്റ് 17: മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എസ്‌പി. ആർ.സുകേശന്റെ റിപ്പോർട്ട്.
- 2015 ഓഗസ്റ്റ് 23: സുപ്രിംകോടതി അഭിഭാഷകരിൽനിന്ന് നിയമോപദേശം തേടിയ നടപടിക്ക് എന്ത് സാധുതയാണുള്ളതെന്ന് കോടതി.
- 2015 സപ്തംബർ 30: മാണിക്കെതിരെ തെളിവില്ലെന്നും പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നുമുള്ള വിജിലൻസ് വാദം കോടതി തള്ളി.
- 2015 ഒക്ടോബർ രണ്ട്: എസ്‌പി. ആർ.സുകേശന്റെ നടപടികളോട് യോജിപ്പില്ലെന്ന് വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
- 2015 ഒക്ടോബർ 29: ബാർ കോഴ കേസിൽ തുടരന്വേഷണം നിർദ്ദേശിച്ചുകൊണ്ട് വിജിലൻസ് കോടതിവിധി.
- 2015 നവംബർ ആറ്: വിജിലൻസിന് ആശങ്ക എന്തിനെന്ന് കോടതി വിധിക്കെതിരെയുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി
- 2015 നവംബർ ഒമ്പത്: കെ എം മാണി രാജിവച്ചു പുറത്തുപോകാൻ ഹൈക്കോടതി.