- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു ത്രീ സ്റ്റാർ ബാറുകൾ കൂടി ഫോർ സ്റ്റാറാക്കിയ ശേഷം 110 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകും; അറ്റകുറ്റപ്പണികളുമായി ബാറുടമകൾ രംഗത്ത്; ത്രീ സ്റ്റാറുകളേയും പരിഗണിക്കാൻ നീക്കം; കമ്മീഷനെ വച്ച് ബാർ നിരോധനം പഠിച്ച ശേഷം തീരുമാനം
തിരുവനന്തപുരം: മദ്യനയത്തിൽ സമൂലമായ അഴിച്ചു പണിക്ക് ഇടത് സർക്കാർ തയ്യാറെടുക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിശോധിച്ച് തീരുമാനം എടുക്കാനാണ് നീക്കം. യുഡിഎഫ് സർക്കാരിന്റെ മദ്യ നയം സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനങ്ങളും പരിശോധിക്കും. വ്യാജ മദ്യദുരന്ത സാധ്യതയെല്ലാം കണക്കിലെടുത്ത് പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് നീക്കം. നിലവിൽ കേരളത്തിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം ബാറെന്ന നയമാണ് യുഡിഎഫ് കൊണ്ടു വന്നത്. എന്നാൽ ഇത് വേണ്ടത്ര പഠനം നടത്താതെയാണെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സിപിഎമ്മും സിപിഐയും ഇതു സംബന്ധിച്ച ധാരണയിൽ എത്തികഴിഞ്ഞു. ഇതിന്റെ ആദ്യപടിയായി ഫോർ സ്റ്റാറുകൾക്കെല്ലാം ബാർ ലൈസൻസ് നൽകും. 110 ഹോട്ടലുകളെ നവീകരിച്ച് ബാറുകളാക്കാനാണ് നീക്കം. ഏഴു ത്രീ സ്റ്റാർ ഹോട്ടലുകൾ കൂടി അറ്റകുറ്റപ്പണി നടത്തുകയാണ്. ഇതു പൂർത്തിയായ ശേഷം ഫോർ സ്റ്റാറുകൾക്ക് ബാറെന്ന നയത്തിലേക്ക് കാര്യങ്ങളെത്തിക്കും. അതിനിടെ ബാറുകൾ തുറക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ സിപിഐ(എം). പാർട്ടി തലത്തിൽ കമ്മിഷനെ നിയോഗിക്കാ
തിരുവനന്തപുരം: മദ്യനയത്തിൽ സമൂലമായ അഴിച്ചു പണിക്ക് ഇടത് സർക്കാർ തയ്യാറെടുക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിശോധിച്ച് തീരുമാനം എടുക്കാനാണ് നീക്കം. യുഡിഎഫ് സർക്കാരിന്റെ മദ്യ നയം സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനങ്ങളും പരിശോധിക്കും. വ്യാജ മദ്യദുരന്ത സാധ്യതയെല്ലാം കണക്കിലെടുത്ത് പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് നീക്കം. നിലവിൽ കേരളത്തിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം ബാറെന്ന നയമാണ് യുഡിഎഫ് കൊണ്ടു വന്നത്. എന്നാൽ ഇത് വേണ്ടത്ര പഠനം നടത്താതെയാണെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സിപിഎമ്മും സിപിഐയും ഇതു സംബന്ധിച്ച ധാരണയിൽ എത്തികഴിഞ്ഞു.
ഇതിന്റെ ആദ്യപടിയായി ഫോർ സ്റ്റാറുകൾക്കെല്ലാം ബാർ ലൈസൻസ് നൽകും. 110 ഹോട്ടലുകളെ നവീകരിച്ച് ബാറുകളാക്കാനാണ് നീക്കം. ഏഴു ത്രീ സ്റ്റാർ ഹോട്ടലുകൾ കൂടി അറ്റകുറ്റപ്പണി നടത്തുകയാണ്. ഇതു പൂർത്തിയായ ശേഷം ഫോർ സ്റ്റാറുകൾക്ക് ബാറെന്ന നയത്തിലേക്ക് കാര്യങ്ങളെത്തിക്കും. അതിനിടെ ബാറുകൾ തുറക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ സിപിഐ(എം). പാർട്ടി തലത്തിൽ കമ്മിഷനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാർവിഷയത്തിൽ പൊതുജനാഭിപ്രായം തേടുന്നതിനും വിദേശമദ്യബാറുകൾ നിർത്തലാക്കിയശേഷമുള്ള മദ്യ ഉപയോഗത്തിന്റെ തോതിനെപ്പറ്റി പഠിക്കുന്നതിനുമാണു കമ്മിഷനെ നിയോഗിക്കുന്നത്.
കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മദ്യനയത്തിൽ മാറ്റം വരുത്താനാണ് ഇടതുസർക്കാർ തീരുമാനം. അടുത്ത ബജറ്റിൽ മദ്യനയത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. ഇതു മുൻനിർത്തി കമ്മിഷൻ പ്രവർത്തനം ആരംഭിച്ചതായാണു സൂചന. ഈ കമ്മീഷൻ റിപ്പോർട്ട് അനുകൂലമാക്കി മദ്യനയത്തിൽ സമൂല അഴിച്ചു പണിയാണ് ലക്ഷ്യം. ബാറു തുറക്കുന്നതിനെ സിപിഐയും അനുകൂലിക്കുന്നുണ്ട്. ഇടത് മുന്നണിയിലെ മറ്റ് കക്ഷികൾക്ക് സിപിഎമ്മിനെ തള്ളിപ്പറയാനുള്ള ശക്തിയുമില്ല. അതുകൊണ്ട് തന്നെ മുന്നണിയിൽ തർക്കമില്ലാതെ തീരുമാനം എടുക്കാൻ കഴിയും. ഫോർ സ്റ്റാർ ഹോട്ടലുകൾക്കു ബാർ ലൈസൻസ് പുതുക്കി നൽകുന്നത് സംബന്ധിച്ചും തീരുമാനം ഉടൻ വേണമെന്നാണ് സിപിഐ നിലപാട്.
നിലവിൽ 103 ഫോർ സ്റ്റാർ ഹോട്ടലുകളിലെ ബാർ ലൈസൻസാണ് യു.ഡി.എഫ്. സർക്കാർ അവസാനിപ്പിച്ചത്. ഇവ പുതുക്കി നൽകാമെന്ന ഉറപ്പ് ബാർ ഹോട്ടൽ ഉടമകൾക്കു ലഭിച്ചതായി അറിയുന്നു. ഇതിനായുള്ള മുന്നൊരുക്കങ്ങൾ ഫോർ സ്റ്റാർ ഹോട്ടലുകളിൽ ആരംഭിച്ചിട്ടുണ്ട്. ഏഴു ത്രീ സ്റ്റാർ ഹോട്ടലുകൾ ഫോർ സ്റ്റാറായി ഉയർത്തുന്നതിനുള്ള അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. ഇത് ആദ്യഘട്ടത്തിൽ അംഗീകരിക്കും. അതിന് ശേഷം നയം മാറ്റമാണ് പദ്ധതി. യു.ഡി.എഫ്. സർക്കാർ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബാർ ലൈസൻസ് ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു മാത്രമാക്കി നിയന്ത്രിച്ച് 730 ഹോട്ടലുകളുടെയും റദ്ദാക്കിയിരുന്നു.
തുടക്കത്തിൽ 24 ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു മാത്രമായിരുന്നു ലൈസൻസ്. തെരഞ്ഞെടുപ്പ് പ്രഖ്യാനത്തിനു തൊട്ടുമുമ്പ് ഫൈവ് സ്റ്റാർ പദവി നൽകി ഏഴു ബാറുകൾക്കു കൂടി അനുവദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഇതു വിവാദമായി. ബാറുകൾ പൂട്ടിയിട്ടില്ലെന്നാണ് സിപിഐ(എം) പ്രചരണത്തിലും വാദിച്ചിരുന്നത്. എല്ലായിടത്തും ബിയർ പാർലറുണ്ട്. അതുകൊണ്ട് തന്നെ ബാർ പൂട്ടിയെന്നത് സാങ്കേതികമായി മാത്രമേ ശരിയാകൂവെന്നാണ് ഇടത് വാദം. അടച്ചുപൂട്ടിയ ബാറുകൾ ഉടൻ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണെങ്കിലും ഫോർ സ്റ്റാറുകൾക്കു ലൈസൻസ് നൽകുന്നതിനുള്ള തീരുമാനങ്ങളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. എന്നാൽ വിവാദങ്ങളുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.
കെപിസിസി യോഗത്തിൽ യുഡിഎഫ് മദ്യ നയം തെറ്റാണെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു തന്നെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മദ്യനയം പൊളിച്ചെഴുതിയാൽ പോലും വിവാദങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എക്‌സൈസ് മന്ത്രിയായിരുന്ന ബാബുവിന്റെ വാക്കുകൾ ഉയർത്തിയാകും ഇതിനുള്ള നീക്കവും നടത്തുക. ബാറുകൾ പൂട്ടിയിട്ടും മദ്യ ഉപോഭോഗം കുറഞ്ഞില്ലെന്ന് കണക്കുകൾ സഹിതം ബോധ്യപ്പെടുത്തും. അതിന് ശേഷമാകും മദ്യനയം തിരുത്തുകയെന്നാണ് ലഭിക്കുന്ന സൂചന.