പത്തനംതിട്ട: മാരാമൺ കൺവെൻഷനിൽ സ്ത്രീകൾക്ക് രാത്രി പ്രവേശനം അനുവദിക്കാനാവില്ലെന്ന് മാർത്തോമാ സഭ. വിശ്വാസികളുടെ ഇത്തരം പ്രവണതകൾ അംഗീകരിക്കില്ലെന്ന് സഭാ മേലദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. ചരിത്രം മാറ്റി എഴുതാൻ ശ്രമിക്കരുത്. പകൽ നാലു സുവിശേഷ യോഗങ്ങളിൽ സ്ത്രീകൾക്ക് കയറാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൺവെൻഷനിൽ തുടക്കം മുതലേ തന്നെ സ്ത്രീകൾക്ക് പ്രവേശനം നൽകിയിരുന്നില്ല. ആദ്യകാലത്ത് വാഹനസൗകര്യം കുറവായിരുന്നതും വൈദ്യുതിയില്ലാതിരുന്നതുമായിരുന്നു ഇതിന് കാരണമെന്നാണ് മുതിർന്നവർ പറയുന്നത്. മാർത്തോമാ സഭയുടെ റാന്നി, ആറാട്ടുപുഴ, അടൂർ, കൊട്ടാരക്കര, കോട്ടയം, ചുങ്കത്തറ കൺവെൻഷനുകളിലെ രാത്രിയോഗത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിൽ വിമർശം ഉയർന്ന സാഹചര്യത്തിലായിരുന്നു മെത്രാപ്പൊലീത്തയുടെ വിശദീകരണം

പുതുവത്സരദിനത്തിൽ സഭയുടെ എല്ലാ ഇടവകകളിലും രാത്രി 12ന് നടക്കുന്ന പ്രാർത്ഥനയിലും ഈസ്റ്റർ ദിനത്തിൽ ഇടവകകളിൽ പുലർച്ചെ നടക്കുന്ന യോഗങ്ങളിലും സ്ത്രീകൾക്ക് നിരോധനമില്ല. ഇവിടെയെങ്ങുമില്ലാത്ത സുരക്ഷാപ്രശ്‌നം മാരാമണിൽ എങ്ങനെയുണ്ടാകുമെന്നും ചോദ്യം ഉയരുന്നുണ്ട്. കാലോചിതമായി യാതൊരു പ്രശ്‌നവുമില്ലാതെ പരിഹരിക്കാവുന്ന വിഷയമാണെന്നും വാദം ഉയരുന്നു.

പഴയ കാലഘട്ടത്തിൽനിന്ന് വ്യത്യസ്തമായി ഭൂരിഭാഗം സ്ത്രീകളും ജോലി ചെയ്യുന്നവരും വ്യാപാരം നടത്തുന്നവരുമാണ്. ജോലി കഴിഞ്ഞെത്തി കുടുംബമായി യോഗത്തിൽ പങ്കെടുക്കാൻ ഈ വിലക്ക് നീക്കിയാൽ സാധിക്കുമെന്ന് വിചാരിക്കുന്ന ഒരു വിഭാഗവുമുണ്ട്.
സ്ത്രീകൾക്ക് എന്നും അംഗീകാരം നൽകിയ സഭയാണ് മലങ്കര മാർത്തോമ്മാ സഭ.

സഭകളിൽ വനിതകൾക്ക് ആദ്യമായി വോട്ടവകാശം ഏർപ്പെടുത്തിയത് മാർത്തോമ്മാ സഭയിലാണ്. സഭാ കൗൺസിൽ അംഗങ്ങളിൽ മൂന്നിലൊന്ന് വനിതകളാണ്. ഇടവകകളിൽ നിന്ന് സഭാ മണ്ഡലം പ്രതിനിധികളായും വനിതകളെ തിരഞ്ഞെടുക്കുന്നുണ്ട്. അനാവശ്യ വിവാദത്തിലേക്ക് സഭയെ ഇരുകൂട്ടരും ചേർന്ന് വലിച്ചിഴയ്ക്കുകയാെണന്നാണ് നിഷ്പക്ഷമതികളുടെ അഭിപ്രായം.

എന്നാൽ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് തടസ്സം നിൽക്കാൻ ചില കോണുകളിൽ നിന്നുള്ള ശ്രമമാണ് ഈ അനാവശ്യ വിവാദമെന്ന് മാർത്തോമ്മാ സഭാ മേലദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു.

സഭയുടെ അച്ചടക്കം ലംഘിച്ച് ചിലർ നടത്തുന്ന പ്രവൃത്തിയോട് പൊതുജന സഹകരണം ഉണ്ടാകില്ല. രാത്രിയോഗത്തിൽ സ്ത്രീകൾക്ക് പ്രവേശം നൽകാത്തത് സുരക്ഷയെ കരുതിയാണെന്നും നിരോധനമല്ലെന്നും മെത്രാപ്പൊലീത്താ പറഞ്ഞു.