- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് കിലോഗ്രാം ഭാരം കുറഞ്ഞു; കൈകളിൽ ഇനി ഡ്രിപ്പ് നൽകാൻ കഴിയില്ല; കാലുകൾ വഴി ഡ്രിപ്പ് കൊടുക്കേണ്ടി വരുമെന്ന് ഡോക്ടർമാർ; 24 ദിവസമായി കഴിയുന്നത് ഡ്രിപ്പിന്റെ സഹായത്തോടെ; യാക്കോബായ സഭയ്ക്ക് നീതി ലഭ്യമാക്കാനും സഭയ്ക്ക് പള്ളികൾ നഷ്ടമാകുന്നത് തടയാൻ നിയമ നിർമ്മാണം നടത്തിക്കാനും ചർച്ച് ആക്ടിനും വേണ്ടി കടുകട്ടി നിരാഹാര സമരം; മക്കാബി ഡയറക്ടർ ബർ യൂഹാനോൻ റമ്പാന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ
മൂവാറ്റുപുഴ: ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന മക്കാബി ഡയറക്ടർ ബർ യൂഹാനോൻ റമ്പാന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ. പത്ത് കിലോഗ്രാം ഭാരം കുറഞ്ഞിട്ടുണ്ട്. കൈകളിൽ ഇനി ഡ്രിപ്പ് നൽകാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ഇനി കാലുകൾ വഴി ഡ്രിപ്പ് കൊടുക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാവാതെ സത്യാഗ്രഹം അവസാനിപ്പിക്കില്ലെന്നാണ് നിലപാട്.
യാക്കോബായ സഭയ്ക്ക് നീതി ലഭ്യമാക്കുക, സഭയ്ക്ക് പള്ളികൾ നഷ്ടമാകുന്നത് തടയാൻ നിയമ നിർമ്മാണം നടത്തുക, ചർച്ച് ആക്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങളുമായി ഓഗസ്റ്റ് 19-നാണ് നിരാഹാര സത്യാഗ്രഹം തുടങ്ങിയത്. ആരോഗ്യസ്ഥിതി മോശമായതോടെ പൊലീസ് 24-ന് മൂവാറ്റുപുഴ താലൂക്കാശുപത്രിയിലേക്ക് മാറ്റി. റമ്പാന്റെ ജീവൻ രക്ഷിക്കണമെന്നും സർക്കാർ തുടരുന്ന നിശ്ശബ്ദത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച മൂവാറ്റുപുഴയിൽ ജനകീയ സമരവും നടന്നു. ഇതിനിടെയാണ് റമ്പാന്റെ ആരോഗ്യ നില വഷളാണെന്ന റിപ്പോർട്ടും ചർച്ചയാകുന്നത്.
ആഹാരമോ പാനീയങ്ങളോ കഴിക്കാൻ കൂട്ടാക്കാത്തതിനാൽ ഇനി വളരെ വേഗം ആരോഗ്യസ്ഥിതി അപകടകരമായ രീതിയിൽ മാറുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കഴിഞ്ഞ 24 ദിവസമായി ഡ്രിപ്പുകളുടെ സഹായത്തോടെയാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യ സ്ഥതി വിലയിരുത്തിയിരുന്നു. അതിനിടെ യൂഹാനോൻ റമ്പാനെ എൽദോ എബ്രഹാം എംഎൽഎ. സന്ദർശിച്ചു. മുഖ്യമന്ത്രിയുമായി സംസാരിക്കാനും തുടർന്ന് കൂടിക്കാഴ്ചയ്ക്കും അവസരമൊരുക്കണമെന്ന ആവശ്യം എംഎൽഎ. മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
പിറമാടം ദയറയിൽ നിരാഹാര സമരം തുടങ്ങിയ റമ്പാനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്താതെയാണ് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ ആരോഗ്യ നിലയിൽ സാരമായ തകരാർ വന്നാൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശമുണ്ട്. സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും റമ്പാന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്.
മൂവാറ്റുപുഴ ആർ.ഡി.ഒ. കെ. ചന്ദ്രശേഖരൻ നായർ, തഹസിൽദാർ കെ.എസ്. സതീഷ്, നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്, തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് തുടങ്ങിയവരും റമ്പാനെ സന്ദർശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ