- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദലിതരുടെ മുടിവെട്ടാൻ വിലക്ക്; ബാർബർഷോപ്പിൽ പോകണമെങ്കിൽ സ്കൂളിന് അവധി; ഇടുക്കിയിലെ വട്ടവടയിലെ ജാതി വിവേചനത്തിനെതിരെ വ്യാപക പരാതി; പൊതു ബാർബർ ഷോപ്പ് തുടങ്ങാൻ ശ്രമം
ഇടുക്കി: ഇടുക്കി ജില്ലയിലെ വട്ടവടയിൽ കേരളക്കരയെ ഞെട്ടിക്കുന്ന ജാതി വിവേചനം. ദലിത് വിഭാഗത്തിൽ പെട്ടവർക്ക് മുടിയും താടിയും വെട്ടുന്നതിന് ബാർബർ ഷോപ്പുകളിൽ വിലക്കേർപ്പെടുത്തിയെന്ന ആക്ഷേപമാണ് ഇവിടെ നിന്നും ഉയർന്നുവന്നത്. യുവാക്കൾ ജാതി വിവേചനത്തിനെതിരെ പഞ്ചായത്തിൽ പരാതിയുമായി എത്തുകയായിരുന്നു. തുടർന്ന് ജാതി വിവേചനം ഉള്ള ബാർബർ ഷോപ്പ് പഞ്ചായത്ത് അടപ്പിച്ചു.
കാലങ്ങളായി ഇവിടെ ജാതിവിവേചനം നിലനിന്നിരുന്നു. എന്നാൽ സമീപദിവസങ്ങളിലാണ് ഇതിനെതിരെ പ്രതിഷേധം ഉയർന്നത്. ദലിത് വിഭാഗത്തിൽ പെട്ടവരുടെ മുടിവെട്ടാൻ കഴിയില്ലെന്ന് ബാർബർ ഷോപ്പുടമകൾ നിലപാടെടുത്തതോടെ പ്രതിഷേധം ശക്തമായി.
സംഭവം വിവാദമായതോടെ വിഷയത്തിൽ പട്ടികജാതി ക്ഷേമ സമിതി ഇടപെട്ടു. ജാതി വിവേചനം അവസാനിപ്പിക്കണമെന്നും പൊതുവായ ബാർബർ ഷോപ്പ് വേണമെന്നും ആവശ്യം ഉയർന്നു. ഇതേത്തുടർന്ന് പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതി ഇടപെട്ട് വട്ടവടയിൽ പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം അനുവദിക്കുമെന്നും ധാരണയായി.
തമിഴ്നാട്ടിൽ നിന്ന് കുടിയേറി വനപ്രദേശത്തോട് ചേർന്ന് താമസിക്കുന്നവരാണ് വിവേചനം ഏറെയും അനുഭവിച്ചിരുന്നത്. ജാതി വിവേചനത്തെ തുടർന്ന് 45 കിലോമീറ്റർ വരെ ദൂരെ പോയാണ് വട്ടവടയിലെ ചക്ലിയ വിഭാഗക്കാർ മുടിവെട്ടിയിരുന്നത്. മുടിവെട്ടാൻ കുട്ടികൾക്ക് സ്കൂളിൽ നിന്ന് അവധി കൊടുക്കുന്ന സാഹചര്യമാണ് പ്രദേശത്തുണ്ടായിരുന്നത്. പൊതു ബാർബർ ഷാപ്പിന്റെ പ്രവർത്തനം നാലു ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് സോമപ്രസാദ് എംപി പറഞ്ഞു.