തിരുവനന്തപുരം: രാജ്യത്തെ ടെലിവിഷൻ പ്രേഷകരുടെ കണക്കെടുപ്പു സമ്പ്രദായമാണ് ബാർക് അഥവാ ബ്രോഡ്കാസ്‌റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ. ഇവരുടെ റേറ്റിങ് ഓരോ ചാനലിനും നിർണ്ണായകമാണ്. പരസ്യവരുമാനത്തിന്റെ തോത് നിർണ്ണയിക്കുക ബാർക് കണക്കുകളാണ്. ഇതിൽ മുന്നേറാൻ സാധാരണ മികച്ച പരിപാടികൾ അവതരിപ്പിക്കുകയാണ് വഴിയെന്നാണ് വയ്‌പ്പ്. മലയാളത്തിൽ പ്രോഗ്രാം ചാനലുകളിൽ ഏഷ്യാനെറ്റ് എതിരാളികളേക്കാൾ ഏറെ മുന്നിലാണ്. ന്യൂസ് ചാനലിലും ഒന്നാമത് ഏഷ്യാനെറ്റ് തന്നെ. തീർത്തും വിശ്വസനീയമാണ് ബാർക് എന്നാണ് ചാനലുകളും അവകാശപ്പെടാറുള്ളത്. പലപ്പോഴും ഈ റേറ്റിഗ് വച്ച് കാഴ്ചക്കാരെ ആകർഷിക്കാൻ ചാനലുകൾ പരസ്യവും ചെയ്യാറുണ്ട്. ഈ ബാർക്കിനെ കുറിച്ചാണ് മലയാളത്തിൽ പരാതി.

മഴവിൽ മനോരമയും സൂര്യയും ബാർക്കിൽ കൃത്രിമം കാട്ടി പരസ്യം അടിച്ചെടുക്കുന്നുവെന്നാണ് ആക്ഷേപം. പൊലീസിന് നൽകിയ പരാതിയിൽ ബാർകിൽ കൃത്രിമം കാട്ടിയ ചാനലുകളുടെ പേര് സൂചിപ്പിച്ചിട്ടില്ല. രണ്ട് മലയാളം ചാനലുകൾ എന്നു മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. എന്നാൽ മഴവിൽ മനോരമയും സൂര്യയുമാണ് കഥയിലെ വില്ലന്മാരെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു കഴിഞ്ഞു. ബാർക്ക് അധികൃതരാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. പ്രമുഖ ചാനൽ നിരന്തരം പരാതി ബാർക്കിന് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ബാർക് പൊലീസിന് പരാതി നൽകിയത്.

തെരഞ്ഞെടുത്ത വീടുകളിൽ സെറ്റ് ടോപ് ബോക്‌സ് സ്ഥാപിച്ച് പരിപാടികളുടെ റേറ്റിങ് മനസ്സിലാക്കുകയാണ് ബാർക് ചെയ്യുന്നത്. കേരളത്തിൽ കൊച്ചിയിലെ വീടുകളിലാണ് ഇത്തരം ബാർക് സെറ്റ് ടോപ് ബോക്‌സുള്ളതെന്നാണ് സൂചന. ഈ വീട്ടുകാരെ പ്രലോഭനങ്ങൾക്ക് വശംവദരാക്കി രണ്ട് ചാനലുകൾ തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി. അതായത് സെറ്റ് ടോപ് ബോക്‌സുള്ള വീടുകൾ കണ്ടെത്തി അവരെ കൊണ്ട് തങ്ങളുടെ പരിപാടി കാണിപ്പിച്ച് നേട്ടമുണ്ടാക്കുകയെന്നതാണ് രീതി. ഇതിനായി ഈ വീടുകളിലുള്ളവർക്ക് അവർക്കിഷ്ടമുള്ള ചാനൽ കാണാൻ മറ്റൊരു ടിവി പോലും വാങ്ങി കൊടുക്കുന്നവരുണ്ടെന്നാണ് വയ്പ്. ഇതിനൊപ്പം മാസംതോറും പണിയും. ഈ വീടുകളിൽ മുഴുവൻ സമയവും അവരുടെ ചാനൽ കാണുന്നതായി സെറ്റ് ടോപ് ബോക്‌സിൽ തെളിയും. സത്യത്തിൽ സൗണ്ടില്ലാതെ വെരുതെ ടിവി വച്ചിരിക്കുകയാകും ചെയ്യുക.

മുമ്പ് ടാം എന്ന സംവിധാനത്തിലൂടെയായിരുന്നു പ്രേക്ഷകരുടെ കണക്കെടുപ്പ് നടന്നിരുന്നത്. പിന്നീട് ബാർക്ക് എത്തി. ഏരെ കാലമായി ഈ മേഖലയിൽ വമ്പൻ തട്ടിപ്പുകൾ നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ ആരും പരാതി നൽകുമായിരുന്നില്ല. ഏതായാലും മലയാളത്തിലെ ചാനൽ പോരിന് പുതു തലം നൽകുന്നതാണ് പ്രമുഖ ചാനലിന്റെ പരാതി. റേറ്റിംഗിൽ മുമ്പിലെത്താനുള്ള ആവേശത്തിനും ഇത് കരുത്ത് പകരും. അന്വേഷണം തുടങ്ങിയാലും ബാർക്കിന്റെ പിന്നോട്ട് പോകുന്നില്ലെന്ന് തെളിയിക്കേണ്ടത് മഴവിൽ മനോരമയും സൂര്യയുമാണ്. ഏഷ്യാനെറ്റാണ് അന്നും ഇന്നും ഒന്നാമൻ. മലയാളത്തിലെ രണ്ടാമത്തെ ചാനൽ എന്ന നിലയിൽ സൂര്യ രണ്ടാമതും. എന്നാൽ മഴവിൽ മനോരമ കുതിച്ചു കയറി രണ്ടാം സ്ഥാനത്ത് എത്തി.

ബഹുദൂരം മുന്നിലുള്ള ഏഷ്യാനെറ്റിനെ ഉടൻ മറികടക്കാൻ കഴിയില്ലെന്ന് മഴവിൽ മനോരമയുടേയും കൈരളിയുടേയും ബാർക് റിപ്പോർട്ടിൽ നിന്ന് വ്യക്തവുമാണ്. ഈ സാഹചര്യത്തിലാണ് രണ്ടാം സ്ഥാനത്ത് എത്താനുള്ള പോരിൽ ബാർക്കിൽ പോലും ചിലർ കൃത്രിമം കാട്ടുന്നതെന്നാണ് ആക്ഷേപം. ടാം റിപ്പോർട്ടിൽ കൃത്രിമം നടക്കുമെന്ന് മനസ്സിലാക്കിയാണ് ബാർക്കിലേക്ക് മാറിയത്. എന്നാൽ ഇവിടേയും കള്ളക്കളി നടക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കപ്പിനും ടീ ഷർട്ടിനും നൂറ് രൂപയ്ക്കും വേണ്ടി ആരും ഇലക്ട്രോണിക് ഉപകരണം വീട്ടിൽ വയ്ക്കില്ല. ഏതെല്ലാം വീട്ടിലാണ് ഇത് വച്ചിരിക്കുന്നതെന്ന് ചാനലുകൾക്കും അറിയാം. ഇതിലെ സാമ്പത്തികം തന്നെയാണ് ഉപകരണം വീട്ടിൽ വയ്ക്കാൻ പലരേയും താൽപ്പര്യപ്പെടുത്തുന്നതെന്നാണ് വിലയിരുത്തൽ. ഈ ആരോപണം ആദ്യമായാണ് പരാതിയായി പൊലീസിന് മുന്നിലെത്തുന്നത്. കേരളാ ടെലിവിഷൻ ഫെഡറേഷനിലും ഇത് ചൂടേറിയ ചർച്ചകൾക്ക് അവസരമൊരുക്കുമെന്നാണ് വയ്‌പ്പ്.

നിരന്തരമായി പരാതി കിട്ടിയപ്പോൾ ബാർക്കിന്റെ വിജിലൻസ് വിഭാഗം അത് പരിശോധിച്ചു. ബാർക്കിന് കീഴിലുള്ള വീടുകളുടെ വിവരങ്ങൾ ചോർച്ചാൻ ചില വ്യക്തികൾ ശ്രമിച്ചെന്ന് അന്വേഷണത്തിൽ മനസ്സിലായി. ഇതിനൊപ്പം വീട്ടുകാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ സൂചനകളും ലഭിച്ചു. ഈ സാഹചര്യത്തിൽ ബാർകും പരാതിയെ ഗൗരവത്തോടെയാണ് കിട്ടുന്നത്. പരാതിയിൽ കഴമ്പുണ്ടെന്ന അവരും സമ്മതിക്കുന്നു.