തിരുവനന്തപുരം: രാഷ്ട്രീയ കേരളം വിവിധ കാരണങ്ങളാൽ ഏറ്റവുമധികം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ നിയമസഭയിലേക്കു നടന്നത്. തെരഞ്ഞെടുപ്പിന്റെ അവസാനപ്രക്രിയയായ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നത് 19നാണ്.

അന്നേ ദിവസം മലയാളത്തിലെ വാർത്താചാനലുകൾ കടുത്ത മത്സരത്തിലായിരുന്നു. വേഗത്തിൽ വിവരങ്ങൾ ജനങ്ങൾക്കു മുന്നിലെത്തിക്കുക എന്ന കർത്തവ്യം ഭംഗിയായി നിറവേറ്റാനുള്ള നെട്ടോട്ടത്തിലായിരുന്നു ചാനലുകൾ.

ഇക്കാര്യം അവരെല്ലാം ഭംഗിയായി നിറവേറ്റുകയും ചെയ്തു. എന്നാൽ അവരിൽ ആരെയാണ് പ്രേക്ഷകർ ഏറ്റവും കൂടുതൽ ആശ്രയിച്ചത്. ഇക്കാര്യത്തിൽ ചാനലുകൾക്കിടയിൽ തന്നെ മത്സരം നടന്നിരുന്നുവെന്നു വ്യക്തമാണ്. ഓരോ ചാനലും തങ്ങൾക്കൊപ്പമായിരുന്നു പ്രേക്ഷകർ എന്ന തരത്തിൽ പിന്നീട് പ്രഖ്യാപനങ്ങൾ നടത്തുകയും അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പറയുന്നു 'ഞങ്ങളാണ് വോട്ടെണ്ണൽ ദിനത്തിൽ ഒന്നാമതെന്ന്'. അതേസമയം മനോരമ ന്യൂസിന്റെ അവകാശവാദവും 'ഒന്നാമത് ഞങ്ങളാണെ'ന്നു തന്നെ. ഇതൊക്കെ കാണുന്ന പ്രേക്ഷകൻ ആകെ ആശയക്കുഴപ്പത്തിലാകുമെന്നു ചുരുക്കം. ആരാണു മുമ്പൻ എന്നാലോചിച്ച് തലപുണ്ണാക്കുകയാകും പാവം പ്രേക്ഷകർ.

എന്താണു ശരിക്കും ഈ അവകാശ വാദങ്ങൾക്കു പിന്നിലെ യാഥാർഥ്യമെന്നു നോക്കാം. ടെലിവിഷൻ കാഴ്ചക്കാരുടെ തോതളക്കുന്ന സ്ഥാപനമായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ഇന്ത്യ നൽകുന്ന കണക്ക് പ്രകാരം ഏഷ്യാനെറ്റ് ന്യൂസ് ആണ് വോട്ടെണ്ണൽ ദിനമായ മെയ് 19ന് ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടത്. അതായത്, 26.8 ദശലക്ഷം ഇംപ്രഷനുകളോടെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതെത്തി എന്നാണു ബാർക് പറയുന്നത്. ശരാശരി മിനിട്ടുകളിൽ ഒരു സംഭവത്തിന് കാഴ്ചക്കാരായുള്ള വ്യക്തികളുടെ എണ്ണമാണ് ഇംപ്രഷനുകൾ എന്നു സൂചിപ്പിക്കപ്പെടുന്നത്.

കണക്കുകൾ പരിശോധിക്കുമ്പോൾ 15.5 ദശലക്ഷം ഇംപ്രഷനുകളോടെ മനോരമ ന്യൂസ് രണ്ടാം സ്ഥാനത്തെത്തി. 15.1 ദശലക്ഷം ഇംപ്രഷനുകളോടെ മാതൃഭൂമി മൂന്നാം സ്ഥാനത്തെത്തി. 5.6 ദശലക്ഷം ഇംപ്രഷനുകളോടെ റിപ്പോർട്ടർ ടിവിയാണു നാലാം സ്ഥാനത്തെത്തിയത്. സിപിഐ(എം) നിയന്ത്രണത്തിലുള്ള പീപ്പിൾ ടിവി 4.9 ദശലക്ഷം ഇംപ്രഷനുകളോടെ അഞ്ചാംസ്ഥാനത്തുണ്ട്. മീഡിയ വണ്ണിന് മൂന്ന് ദശലക്ഷം ഇംപ്രഷനുകൾ ലഭിച്ചു.

എന്നാൽ, മനോരമ ന്യൂസിന്റെ ഒരു പരസ്യം അവകാശപ്പെട്ടത് അവർക്ക് 2.1 ദശലക്ഷം ഇംപ്രഷനുകൾ അന്നേദിവസം ഉണ്ടായെന്നാണ്. 1.8 ദശലക്ഷം ഇംപ്രഷനുകൾ ലഭിച്ച ഏഷ്യാനെറ്റ് ന്യൂസിനേക്കാൾ മുന്നിൽ.  എന്നാൽ ഈ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതല്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതായത് ഈ പരസ്യത്തിന്റെ ഫൈൻ പ്രിന്റിൽ പറയുന്നത് എം+22 ഉച്ചയ്ക്ക് 12നും വൈകിട്ട് അഞ്ചിനുമിടയിൽ എന്നാണ്.

അതായത് പ്രാധാന്യമുള്ള ഒരു സമയത്ത് 22വയസ്സിനുമുകളിലുള്ള പുരുഷന്മാർ ചാനൽ കണ്ടുവെന്നാണ്. ചാനലിനെ സംബന്ധിച്ചിടത്തോളം ഇത് അനുകൂലമായ ഘടകമാണ്. കാരണം പ്രഖ്യാപിതലക്ഷ്യമായ ഈ വിഭാഗം അനുവാചകർ തീരുമാനമെടുക്കുന്നവരെന്ന് അനുമാനിക്കപ്പെടുന്നവരും ക്രയശേഷി കൂടിയ വ്യക്തികളുമാണ്. ഇംഗ്ലിഷ് വാർത്താ ചാനലുകളുടെ റേറ്റിംഗുകൾ കണക്കാക്കുന്നത് എം 22+ കാഴ്ചക്കാരെ അടിസ്ഥാനമാക്കിയാണ്. അതിനാൽ മനോരമ ന്യൂസിനും തങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കാം.

അവകാശവാദങ്ങളും സത്യവും എന്തൊക്കെയായാലും മലയാളം വാർത്താചാനലുകൾ വോട്ടെണ്ണൽദിനം മാർക്കറ്റ് ചെയ്യുന്നതിന് മുടക്കിയ പണം മുതലായെന്നു വേണം കരുതാൻ. ഇതേ മാസത്തെ തൊട്ടുമുമ്പത്തെ വ്യാഴാഴ്ചയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എട്ടിരട്ടിയാണു വർധന. മെയ് 12ന് എല്ലാ മലയാളം വാർത്താ ചാനലുകൾക്കും കൂടി ഒമ്പത് ദശലക്ഷം ഇംപ്രഷനുകൾ ആണ് കിട്ടിയത്. അത് 71 ദശലക്ഷം ഇംപ്രഷനുകളായി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസം വർധിച്ചു. അതായത് എട്ടിരട്ടി.

പ്രാദേശിക ഭാഷാ ചാനലുകൾ ലക്ഷ്യമിടുന്ന കാഴ്ചക്കാരായ നാല് വയസ്സിനു മുകളിലുള്ള വ്യക്തികൾ ഉൾപ്പെടുന്ന കുടുംബങ്ങളെ ആധാരമാക്കിയാണ് ഈ റേറ്റിംഗുകൾ നിർണയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പു ജയിച്ചത് ജനപ്രതിനിധികൾ മാത്രമല്ല, ചാനലുകളുമാണ്.