- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ കടത്തിൽ എക്സ്ക്ലൂസീവുകളുമായി നാലാം സ്ഥാനം തിരിച്ചു പിടിച്ച് മാതൃഭൂമി ന്യൂസ്; വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പ് തുടരുന്നു; ജനം ടിവിക്ക് അഞ്ചാം സ്ഥാനം; പ്രോഗ്രാം ചാനലുകളിൽ ഫ്ളവേഴ്സിനെ പിന്തള്ളി മഴവിൽ മനോരമയ്ക്ക് മൂന്നാം സ്ഥാനം; രണ്ടാം സ്ഥാനത്തിനായി സൂര്യയും മഴവില്ലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ബാർക് റേറ്റിംഗിൽ ന്യൂസിലും വിനോദത്തിലും ഏഷ്യാനെറ്റ് തരംഗം
കൊച്ചി: മലയാള ന്യൂസ് ചാനൽ റേറ്റിംഗിൽ മാതൃഭൂമി ചാനൽ വീണ്ടും മുമ്പോട്ട്. റേറ്റിംഗിന്റെ 31-ാം ആഴ്ചയിൽ നഷ്ടമായ നാലാം സ്ഥാനം വീണ്ടും ചാനൽ തിരിച്ചു പിടിച്ചു. 32-ാം ആഴ്ചയിൽ ജനം ടിവിയെ പിന്തള്ളിയാണ് മാതൃഭൂമിയുടെ മുമ്പോട്ടുള്ള കുതിപ്പ്. ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാമത്. ഫളവേഴ്സ് രണ്ടാമതും മനോരമ ന്യൂസ് മൂന്നാമതുമാണ്. ആരാകും ഈ ആഴ്ചയിൽ നാലാം സ്ഥാനത്ത് എത്തുകയെന്നത് ഏറെ കൗതുകത്തോടെയാണ് ടെലിവിഷൻ വ്യവസായം വീക്ഷിച്ചത്. ഇവിടെ മുമ്പോട്ട് പോവുകയാണ് മാതൃഭൂമി.
സർക്കാരിനെതിരെ വികാരം ശക്തമാകുന്നതിന്റെ സൂചനയാണ് ജനം ടിവിയുടെ 31-ാം കഴിഞ്ഞ ആഴ്ചയിലെ നാലാം സ്ഥാനത്തേക്കുള്ള വരവെന്ന വിലയിരുത്തൽ സജീവമായിരുന്നു. ശബരിമല പ്രക്ഷോഭ സമയത്തും നേട്ടമുണ്ടാക്കിയത് ജനം ടിവിയായിരുന്നു. അന്ന് റേറ്റിംഗിൽ രണ്ടാം സ്ഥാനത്ത് ചാനൽ എത്തിയിരുന്നു. അന്ന് ഒന്നിലധികം ആഴ്ചകളിൽ ജനം ടിവി രണ്ടാമത് തുടർന്നു. അതിന് ശേഷമാണ് മുൻനിര ചാനലായ മാതൃഭൂമിയെ ജനം പിന്തള്ളി നാലാമത് എത്തുന്നത്.
ഇത് മാതൃഭൂമിക്ക് വലിയ തിരിച്ചടിയായി. ഇതോടെ കരുതലോടെ വാർത്തകളെ അവരും സമീപിച്ചു. സ്വർണ്ണ കടത്തിൽ കൂടുതൽ ക്രിയാത്മക ഇടപെടൽ നടത്തി. അങ്ങനെയാണ് മുന്നേറ്റം സാധ്യമായതും നാലാം സ്ഥാനം തിരിച്ചു പിടിക്കുന്നതും. ആദ്യ സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. രണ്ടാമത് ട്വന്റി ഫോർ ന്യൂസും. ആദ്യ അഞ്ചിൽ ഇടം നേടിയവരിൽ ജനം ടിവിക്കൊഴികെ ബാക്കിയെല്ലാ ചാനലുകളുടേയും പോയിന്റ് ഉയർന്നിട്ടുണ്ട്. സ്വർണ്ണ കടത്ത് കേസിലെ വാർത്തകൾ കൂടുതൽ പ്രേക്ഷകരെ വാർത്താ ചാനലിലേക്ക് ആകർഷിക്കുന്നതിന് തെളിവാണ് ഇത്.
പിണറായി സർക്കാരിനെതിരെ ഏറ്റവും അധികം വിമർശനം ഉന്നയിക്കുന്നത് പരിവാർ ചാനലായ ജനമായിരുന്നു. ഇതാണ് കഴിഞ്ഞ ആഴ്ച റേറ്റിംഗിലും പ്രതിഫലിച്ചത്. വിമർശനാത്മക റിപ്പോർട്ടിംഗിലൂടെ ഏഷ്യാനെറ്റ് ന്യൂസും മുന്നേറുകയാണ്. രണ്ടാം സ്ഥാനത്ത് എത്താൻ മനോരമ കടുത്ത മത്സരത്തിലുമാണ്. ഇതിനിടെയിലാണ് മാതൃഭൂമി ന്യൂസ് കഴിഞ്ഞ ആഴ്ച പിന്നോട്ട് പോയത്. കടുത്ത മത്സരം ജനവുമായി മാതൃഭൂമിക്ക് നടത്തേണ്ടി വരുന്നു. എന്നാൽ 32-ാം ആഴ്ചയിൽ ചിത്രം മാറി. മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്ത് തിരിച്ചെത്തി.
ആദ്യ അഞ്ചിൽ കൈരളി ന്യൂസോ ന്യൂസ് 18 കേരളമോ മീഡിയോ വണ്ണോ ഇല്ലെന്നതാണ് വസ്തുത. ആറും ഏഴും എട്ടും പൊസിഷനിലുള്ള ചാനലുകളിൽ വലിയ സാങ്കേതിക വിദ്യയുടെ പിന്തുണയാണുള്ളത്. ഇതൊന്നുമില്ലെതായാണ് ജനം ടിവി ആദ്യ അഞ്ചിൽ സ്ഥാനം സുരക്ഷിതമാക്കുന്നത്. ഇതിന് പിന്നിൽ സർക്കാർ വിരുദ്ധ വാർത്തകളോടുള്ള പ്രേക്ഷക താൽപ്പര്യമാണ് നിഴലിക്കുന്നത്.
പ്രോഗ്രാം ചാനലുകളിൽ ഏഷ്യാനെറ്റാണ് ഒന്നാമത്. ഏതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. രണ്ടാമത് സ്യൂര്യ ടിവി. മൂന്നാമത് മനോരമയും. ഫ്ളവേഴ്സ് ടിവിയാണ് നാലാമത്. സീ കേരളമാണ് അഞ്ചാമത്. വലിയ മത്സരമാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങൾക്ക് വേണ്ടി നടക്കുന്നത്. ഈ ആഴ്ച കോട്ടം സംഭവിച്ചത് ഫ്ളവേഴ്സിനാണ്. പ്രോഗ്രാം റേറ്റിംഗിൽ വലിയ പോയിന്റ് നഷ്ടമാണ് ഫ്ളവേഴ്സിന് ഇത്തവണ സംഭവിക്കുന്നത്. 92240 പോയിന്റാണ് കഴിഞ്ഞ ആഴ്ച ഫ്ളവേഴ്സിനുണ്ടായിരുന്നത്. ഇത്തവണ അത് 82116 ആയി കുറഞ്ഞു.
ഏഷ്യാനെറ്റിന് 262496 പോയിന്റാണുള്ളത്. സൂര്യാ ടിവിക്ക് 92855ഉം. മഴവിൽ മനോരമയ്ക്ക് 92054ഉം. അതായത് കടുത്ത മത്സരമാണ് പ്രോഗ്രാം ചാനലുകളിൽ രണ്ടാമതാകാൻ നടക്കുന്നത്. ഫ്ളവേഴ്സ് ബഹുദൂരം പിന്നിലാണ്. സീ കേരളവും പിറകിലാണെങ്കിലും അഞ്ചാം സ്ഥാനത്തുണ്ട്. കൈരളിയും അമൃതയും ആദ്യ അഞ്ചിൽ പോലും ഇല്ലെന്നത് സീ കേരളയുടെ റേറ്റിംഗിന് കരുത്ത് നൽകുന്നു.
ന്യൂസ് ചാനലുകളിൽ ശ്രീകണ്ഠൻ നായരുടെ ട്വിന്റി ഫോർ ഏറെക്കാലം കുതിപ്പിലായിരുന്നു. ഒരു ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി പോലും ഉയർത്തി. എന്നാൽ ഇപ്പോൾ ആ തരംഗം ദൃശ്യമല്ല. കോവിഡു കാലത്തെ വ്യാജ വാർത്തകൾ ഏറെ ചർച്ചയായിരുന്നു. ഇതും ന്യൂസ് റേറ്റിംഗിൽ പ്രകടമാണ്. മുന്നേറ്റം തുടർന്നാൽ മനോരമയ്ക്ക് അതിവേഗം രണ്ടാമത് എത്താനാകും. ന്യൂസ് ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസിന് 79792 പോയിന്റാണുള്ളത്. ട്വന്റി ഫോറിന് 59689 പോയിന്റും. മനോരമ ന്യൂസിന് 47473 പോയിന്റ്. മാതൃഭൂമി ന്യൂസിന് 30767 പോയിന്റാണുള്ളത്. ജനം ടിവിക്ക് 21624 പോയിന്റ്
ടെലിവിഷൻ കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട റിപ്പോർട്ടാണ് ബാർക്കിന്റേത്. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല.
ഏഷ്യാനെറ്റ്. മനോരമ, മാതൃഭൂമി.. എന്ന നിലയിലായിരുന്നു കുറച്ചു കാലം മുമ്പ് വരെ മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്.
മറുനാടന് മലയാളി ബ്യൂറോ