തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ചാനലുകൾ നിലപാട് മാറ്റുകയാണോ? തീവ്ര പുരോഗമന വാദത്തിൽ നിന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും പിന്മാറുകയാണ്. കരുതലോടെയാണ് അവതാരകരുടെ ചോദ്യവും ഇടപെടലും. ആചാരങ്ങളെ കുറ്റപ്പെടുത്തുന്നതൊന്നും ആരും പറയില്ല. തൃപ്തി ദേശായിക്ക് വേണ്ടി വാദിച്ചിരുന്ന ചാനലുകൾ പോലും പതിയെ നിലപാട് മാറുകയാണ്. ഇന്നലത്തെ ചർച്ചകളിൽ ആരും തൃപ്തി ദേശായിയെ അനുകൂലിച്ച് സംസാരിച്ചില്ല. മറിച്ച് കാര്യങ്ങൾ അവതരിപ്പിച്ച് പോവുകയാണ് ചെയ്തത്. ഇതിനൊപ്പം നെടുമ്പാശ്ശേരിയിൽ പ്രതിരോധം തീർത്തവരെ കലാപകാരികളായി ചിത്രീകരിച്ചതുമില്ല. വളരെ കരുതലോടെയാണ് റിപ്പോർട്ടിംഗും ചർച്ചകളും. ചാനൽ റേറ്റിംഗായ ബാർക്കിൽ വന്ന മാറ്റങ്ങളാണ് ഇതിനെല്ലാം കാരണം. ആർഎസ്എസ് ചാനലായ ജനം ടിവിയുടെ കുതിപ്പാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വിലയിരുത്തൽ.

ആർഎസ്എസ് നിയന്ത്രണത്തിലൂള്ള ചാനലാണ് ജനം ടിവി. അതുകൊണ്ട് തന്നെ റേറ്റിംഗിൽ എന്നും അവസാന സ്ഥാനത്തായിരുന്നു അവർ. ഇടയ്ക്ക് സർക്കാരിനെതിരെ കടന്നാക്രമണങ്ങൾ നടത്തി പ്രതിപക്ഷ ചാനലായി മാറി ചെറിയ മുന്നേറ്റം നടത്തി. കണ്ണട വാങ്ങൽ വിവാദവും മറ്റും ചർച്ചയാക്കിയായിരുന്നു ഇത്. അപ്പോഴും ഏഷ്യാനെറ്റ് ന്യൂസിനും മനോരമയും മാതൃഭൂമിയും ന്യൂസ് 18നുമെല്ലാം ജനത്തിന് മുന്നിലായിരുന്നു. ആരും ജനം ടിവിയിൽ നിന്ന് ഭീഷണി പ്രതീക്ഷിച്ചതുമില്ല. ശബരിമലക്കാലത്തെ പ്രതിഷേധം കാര്യങ്ങൾ മാറ്റി മറിച്ചു. റേറ്റിംഗിൽ വൻ കുതിച്ചു ചാട്ടം ജനം ടിവി നടത്തി. ചില സമയങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന മന്നേറ്റം ജനം ടിവി കാഴ്ച വച്ചു. ഇതോടെയാണ് മുഖ്യധാരാ ചാനലുകൾ പതിയെ നിലപാട് മാറ്റം തുടങ്ങിയത്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ അറസ്റ്റിൽ പോലും കരുതലോടെയാണ് ഇടപെട്ടത്.

മാതൃഭൂമിയുടെ സ്റ്റാർ അവതാകരകനായ വേണു ബാലകൃഷ്ണൻ എല്ലാ വിഷയത്തിലും പുരോഗമന നിലപാടാണ് എടുത്തിരുന്നത്. ശബരിമലയിലെ യുവതീ പ്രവേശന വിധിയിലും അതായിരുന്നു നിലപാട്. എന്നാൽ പതിയെ വേണു കരുതലെടുത്തു. വിശ്വാസികളെ കടന്നാക്രമിക്കാതെ ചർച്ചകൾ നയിച്ചു. മാതൃഭൂമി പത്രം തുടക്കം മുതൽ തന്നെ നാമജപ പ്രതിഷേധത്തെ തള്ളി പറഞ്ഞിരുന്നില്ല. മീശ നോവൽ വിവാദം പത്രത്തിന്റെ സർക്കുലേഷനിലുണ്ടാക്കിയ ഇടിവായിരുന്നു ഇതിന് കാരണം. ഇതേ രീതിയിൽ കരുതലുകൾ മാതൃഭൂമിയും എടുത്തു. വേണുവും ചർച്ചകളിൽ വിശ്വാസികളെ കടന്നാക്രമിക്കാതെ മുന്നേറിയപ്പോൾ മാതൃഭൂമിക്ക് ആശ്വാസവുമായി. ആചാരത്തിന്റെ വിശ്വാസ പരമായ പ്രശ്‌നങ്ങളിൽ മാതൃഭൂമി മതിയായ നിയന്ത്രണങ്ങളോടെ വാർത്ത നൽകി.

മനോരമയ്ക്ക് വലിയ തിരിച്ചടിയായിരുന്നു ബാർക്ക് റേറ്റിങ്. ജനം രണ്ടാമത് എത്തിയ ആദ്യ ആഴ്ചയിൽ അവർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പിന്നീട് രണ്ടാം സ്ഥാനം പിടിച്ചെടുത്തുവെങ്കിലും ആട്ട ചിത്തര ആഴ്ചയിൽ വീണ്ടും പിറകോട്ട് പോയി. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് മനോരമാ ന്യൂസും കാണുന്നത്. ചർച്ചകളിലെ മിതത്വം അനിവാര്യമാണെന്ന് മനോരമ തിരിച്ചറിയുന്നു. ശബരിമല തീർത്ഥാടനകാലത്ത് ഇതിന് വേണ്ട മിതത്വം ചാനൽ എടുക്കാൻ തീരുമാനിച്ചു കഴിഞ്ഞു. തീവ്ര ഹൈന്ദവ വർഗ്ഗീയ ശക്തികളുടെ കണ്ണിലെ കരടാണ് ഷാനി പ്രഭാകർ. വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളാണ് ഇതിന് കാരണം. ശബരിമലയിൽ അമിത് ഷായുടെ പ്രസംഗ വിവാദത്തിലെ ബിജെപി നേതാക്കളുടെ വാദങ്ങൾ ഷാനി പ്രഭാകർ അതിശക്തമായ ഇടപെടലിലൂടെ പൊളിച്ചിരുന്നു. സർക്കാരിനെ വലിച്ച് താഴെയിടുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തിലെ വസ്തുത നിരത്തിയായിരുന്നു ഇതെല്ലാം. ഇത്തരം അഗ്രസീവ് ചർച്ചകൾ ചാനലിന് പുരോമന മുഖവും നൽകി. എന്നാൽ ജനം ടിവിയുടെ കുതിച്ചുയരലിൽ മനോരമയും കരുതലെടുക്കുകയാണ്.

ഷാനി പ്രഭാനകറിനെ തന്ത്രപരമായി ചർച്ചകളിൽ നിന്ന് മാറ്റി. ഇതിന് വേണ്ടി നിർണ്ണായക സമയത്ത് ഷാനിയെ കൊച്ചിയിൽ നിന്ന് തന്നെ മാറ്റി. ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് റിപ്പോർട്ടിംഗിന് അങ്ങനെ ഷാനി പോയി. മധ്യപ്രദേശിൽ നിന്ന് നേതാക്കളുടെ അഭിമുഖം എടുത്ത് ഷാനി നടക്കുമ്പോൾ അയ്യപ്പദാസിനെ ചർച്ചാ ചുമതല ഏൽപ്പിച്ചു. വൃശ്ചികമാസത്തിലെ നട തുറക്കും മറ്റ് വിവാദങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്നത് അയ്യപ്പദാസാണ്. അയ്യപ്പന്റെ പേരിനോടുള്ള സാമ്യവും അവതരാകന്റെ ഇടപെടലുമെല്ലാം വിശ്വാസികളെ ചാനലിലേക്ക് അടുപ്പിക്കുമെന്നാണ് മനോരമയുടെ പ്രതീക്ഷ. ആചാര സംരക്ഷണത്തെ ചോദ്യം ചെയ്യാതെ പരിവാർ നേതാക്കളുടെ കള്ളക്കളികളെ അയ്യപ്പദാസ് തുറന്നു കാണിക്കുന്നുണ്ട്. ആപ്പോഴും ഒരു പക്ഷത്തും കൃത്യമായി നിലയുറപ്പിക്കാതെയുള്ള ചർച്ചകളിലേക്കാണ് മനോരമയും മാറുന്നത്. ഇതിനെല്ലാം കാരണം ജനം ടിവിയുടെ കുതിപ്പാണെന്നാണ് വിലയിരുത്തൽ.

ആരും ഇതുവരെ ചോദ്യം ചെയ്യാത്ത തരത്തിലായിരുന്നു ഏഷ്യാനെറ്റിന്റെ മുന്നേറ്റം. രണ്ടാമതുള്ള ചാനലിനേക്കാൾ അറുപതോളം പോയിന്റെ വ്യത്യാസം അവർ നിലനിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ജനം ടിവിയുമായുള്ള ഏഷ്യാനെറ്റിന്റെ വ്യത്യാസം 17 പോയിന്റായി മാറി. ഇതോടെ ആരും ഒന്നാം സ്ഥാനം സ്വന്തമാക്കാതിരിക്കാനുള്ള കരുതൽ അവരും എടുക്കുന്നു. തുലമാസാ പൂജ സമയത്ത് യുവതി പ്രവേശനത്തിന് പൂർണ്ണമായും അനുകൂല നിലപാടാണ് ഏഷ്യാനെറ്റ് ന്യൂസ് എടുത്തത്. റേറ്റിംഗിലെ പ്രതിഫലനങ്ങൾ കാരണം ആട്ട ചിത്തിര സമയത്ത് തന്നെ തിരുത്തലുകൾ വരുത്തി. എന്നാൽ കഴിഞ്ഞ ആഴ്ചത്തെ റേറ്റിങ് പരിഗണിച്ച് വലിയ മാറ്റങ്ങൾക്ക് ഏഷ്യനെറ്റും തയ്യാറെടുക്കുകയാണ്. തുടക്കത്തിൽ തീവ്ര ഇടതുപക്ഷക്കാരായിരുന്നു ശബരിമല റിപ്പോർട്ടിംഗിന് ചാനൽ നിയോഗിച്ചത്. എന്നാൽ ഇപ്പോൾ അയച്ചവർ വിശ്വാസ പക്ഷത്തുള്ളവരും. ഭക്തരുടെ വികാരങ്ങളെ തട്ടിയുടയ്ക്കാത്ത വിധത്തിലേക്ക് ഏഷ്യാനെറ്റും റിപ്പോർട്ടിങ് രീതി മാറ്റി.

മലയാള ന്യൂസ് ചാനലുകളുടെ ചരിത്രത്തിൽ ഒരു ചാനലും ഇതുവരെ ഏഷ്യാനെറ്റിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഇതാണ് ജനം ടിവി തകർത്തെറിയുന്നത്. പുതിയ റേറ്റിങ് പ്രകാരം ഏഷ്യാനെറ്റുമായി ഇഞ്ചോടിഞ്ഞ് പോരാട്ടത്തിലാണ് ജനം ടിവി. ആട്ട ചിത്തിരയ്ക്ക് നട തുറന്നിരുന്ന ആഴ്ചയിലാണ് ജനത്തിന്റെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. ശബരിമലയിലെ വിശേഷങ്ങൾ അറിയാൻ വിശ്വാസികൾ ഒന്നടങ്കം ജനം ടിവി കാണുന്നതാണ് ഇതിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ മണ്ഡല മകര വിളക്ക് തീർത്ഥാടനകാലത്ത് ചാനലുകൾ തമ്മിലെ മത്സരം അതിശക്തമാകാനാണ് സാധ്യത. റേറ്റിങ് കൈവിട്ട് പോകാതിരിക്കാനുള്ള മുൻകരുതൽ ഏവരും എടുക്കുകയാണ്. അവതാരകരുടെ ഇടപെടലും മുഖം മാറ്റവും റിപ്പോർട്ടർ തെരഞ്ഞെടുപ്പിലും എല്ലാം ഇത് വ്യക്തമാണ്. സിപിഎം ചാനലായ കൈരളി-പീപ്പിളും മാത്രമാണ് പരിവാറുകാരെ കടന്നാക്രമിക്കുന്ന തരത്തിൽ ഇപ്പോൾ വാർത്തകൾ നൽകുന്നത്. ബാക്കിയെല്ലാവരും കടന്നാക്രമണം നിർത്തി കഴിഞ്ഞു.

45-ാം ആഴ്ചയിലെ പോയിന്റ് അനുസരിച്ച് 149 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. അഞ്ച് പോയിന്റിന്റെ ഉയർച്ച. ജനം ടിവിക്കുള്ളത് 132 പോയിന്റ്. അതായത് ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം വെറും 17 പോയിന്റ്. അട്ട ചിത്തരി ആഘോഷ ആഴ്ചയിൽ 71 പോയിന്റ് നേട്ടമാണ് ജനം ടിവി ഉണ്ടാക്കിയത്. മൂന്നാമത് മനോരമയാണ്. 82 പോയിന്റ് മാത്രമാണ് അവർക്കുള്ളത്. ഉണ്ടായ നേട്ടം വെറും 3 പോയിന്റും. നാലാംസ്ഥാനത്തുള്ള മാതൃഭൂമിക്ക് 79 പോയിന്റാണുള്ളത്. എന്നാൽ 18 പോയിന്റിന്റെ നേട്ടം അവരുണ്ടാക്കുന്നു. അഞ്ചാമതുള്ള മീഡിയാ വണ്ണിന് കഴിഞ്ഞ ആഴ്ച രണ്ട് പോയിന്റ് താഴ്ചയുണ്ടായി. ന്യൂസ് 18 കേരളയും പീപ്പിളുമെല്ലാം റേറ്റിംഗിൽ ഏറെ പിന്നിലാണ്. കേരളാ വിഷനാണ് പീപ്പിളിന് പിന്നിലുള്ളത്. ന്യൂസ് 18 കേരളയ്ക്ക് 30ഉം പീപ്പിളിന് 26ഉം കേരളാ വിഷന് 8ഉം പോയിന്റാണുള്ളത്.

ബാർക്കിന്റെ വെബ് സൈറ്റിലും ആദ്യ അഞ്ച് സ്ഥാനക്കാരെ കുറിച്ചുള്ള വിശദീകരണമുണ്ട്. അവിടെ ഇപ്രഷനിലാണ് റേറ്റിങ്. 46632 പോയിന്റാണ് ഏഷ്യനെറ്റ് ന്യൂസിനുള്ളത്. ജനം ടിവിക്ക് 41317ഉം. മനോരമയ്ക്ക് 25771ഉം മാതൃഭൂമി ന്യൂസിന് 24857ഉം പോയിന്റ് മാത്രമാണുള്ളത്. മീഡിയാ വണിന് 10743ഉം. അതായത് ഇംപ്രഷൻസിനും വലിയ മാറ്റം ജനം ടിവിക്കുണ്ടാകുന്നു. ഏഷ്യാനെറ്റ് ന്യൂസല്ലാതെ ഒരു ചാനലും മലയാളത്തിൽ 40000 പോയിന്റെ ഇതുവരെ ആരും കടന്നിട്ടില്ല. അങ്ങനെ വലിയ മുന്നേറ്റം ചിത്തര ആട്ട റിപ്പോർട്ടിലും ജനം ടിവി നേടുകയാണ്.

അതായത് ശബരിമല കാലത്ത് വലിയ മുന്നേറ്റമാണ് ജനം ടിവിയുണ്ടാക്കുന്നത്. മണ്ഡല തീർത്ഥാടനകാലത്ത് വിശ്വാസികൾക്കൊപ്പം എന്ന ടാഗ് ലൈനിലൂടെ മുന്നേറ്റം തുടരാനാണ് ജനം ടിവിയുടെ തീരുമാനം. ഇത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം നമ്പർ സ്ഥാനം ലക്ഷ്യമിട്ടാണെന്ന് അവർ വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് പോയിന്റ് നിലയിൽ 50 പോയിന്റിന്റെ മേൽകോയ്മ ഏഷ്യാനെറ്റിന് നഷ്ടമാകുന്നത്. പ്രേക്ഷകരുടെ ഇടയിലേക്ക് വിശ്വാസ വഴിയിലൂടെ ഇറങ്ങി ചെന്ന് താമസിയാതെ നമ്പർ വൺ ആകാമെന്നാണ് ആർഎസ്എസ് ചാനലിന്റെ നീക്കം. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല.

ഈ കീഴ് വഴക്കമാണ് വൻ കുതിച്ചു ചാട്ടവുമായി ജനം തെറ്റിക്കുന്നത്. മലയാളത്തിലെ വാർത്ത ഇടപെടലുകളിൽ ചാനലുകളെ മാറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകമായി ശബരിമല സംഭവം മാറുമെന്ന സൂചനയാണ് ഇത് നൽകുന്നത്.