കൊച്ചി: ടിവി ചാനൽ റേറ്റിംഗിൽ ഈ ആഴ്ച ഏഷ്യാനെറ്റ് ന്യൂസിനെ ജനം ടിവി പിന്തള്ളുമോ എന്നതായിരുന്നു കഴിഞ്ഞ ആഴ്ച ഉയർന്ന ചോദ്യം. എന്നാൽ രക്ഷപ്പെടുകയാണ് ഏഷ്യാനെറ്റ്. പുരോഗമന നിലപാടുകൾ മാറ്റി ഭക്തർക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസും നിറയുമ്പോൾ അവർക്ക് ബാർക്കിലെ ഭീഷണി കുറയുകയാണ്. കഴിഞ്ഞ തവണത്തേക്കാൾ ഏറെ മുന്നേറാൻ ഏഷ്യാനെറ്റിന് കഴിഞ്ഞു. രണ്ടാം സ്ഥാനം നിലനിർത്തുമ്പോൾ പോയിന്റുകളിൽ വിലയ ഇടിവ് ജനം ടിവിക്കുണ്ടാകുന്നു. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ളവർ പുരോഗമ നിലപാടുമായി രംഗത്ത് വന്നിരുന്നു. ഈ അവസരമാണ് ജനംടിവിക്ക് കരുത്തായത്. ഇത് തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറായി. ഇതാണ് റേറ്റിംഗിൽ പ്രതിഫലിക്കുന്നതെന്നതാണ് ഉയരുന്ന വാദം.

എന്നാൽ ശബരിമല നട അടച്ചിരുന്ന സമയത്തെ റേറ്റിംഗാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അട്ട ചിത്തരയ്ക്ക് നട തുറന്നപ്പോൾ ഉണ്ടായ സംഭവ വികാസങ്ങളാണ് ജനം ടിവിക്ക് മുൻതൂക്കം നൽകിയത്. അതുകൊണ്ട് തന്നെ ശബരിമല നട അടച്ചിരുന്ന സമയത്തെ ബാർക്ക് റേറ്റിംഗിലൂടെ വിശ്വാസികളുടെ മനസ്സ് അറിയാനാകില്ലെന്ന വിലയിരുത്തലുമുണ്ട്. നവംബർ 10മുതൽ 16 വരെ നീളുന്ന ആഴ്ചയിലെ റേറ്റിംഗാണ് ഇന്ന് ബാർക്ക് പുറത്ത് വിട്ടത്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടേയും കെ സുരേന്ദ്രന്റേയും അറസ്റ്റിനും മറ്റ് വിവാദങ്ങൾക്കും മുമ്പുള്ള റേറ്റിങ്. അതുകൊണ്ട് തന്നെ മണ്ഡല തീർത്ഥാടനം തുടങ്ങിയ ശേഷമുള്ള ആഴ്ചയിലെ റേറ്റിങ് അടുത്ത വ്യാഴാഴ്ച പുറത്തിറങ്ങും. അതിൽ മാത്രമേ ശബരിമല വിഷയത്തിൽ നേട്ടമുണ്ടാക്കുന്ന ചാനലിനെ മനസ്സിലാക്കാൻ കഴിയൂവെന്നാണ് വിലയിരുത്തൽ.

ആട്ട ചിത്തിരയ്ക്ക് നട തുറന്ന ആഴ്ചയിൽ ഏഷ്യാനെറ്റിന് 148ഉം ജനം ടിവിക്ക് 131ഉം പോയിന്റുണ്ടായിരുന്നു. ഇതോടെ 45-ാം ആഴ്ചയിലെ ബാർക്ക് റിപ്പോർട്ടിൽ നേട്ടമുണ്ടാക്കിയത് സംഘപരിവാർ ചാനലാണെന്ന് വ്യക്തമായിരുന്നു. ഇന്ന് പുറത്തിറങ്ങിയ 46-ാം ആഴ്ചയിലെ ഫലം അനുസരിച്ച് ഏഷ്യാനെറ്റിന് 170 പോയിന്റുണ്ട്. ജനത്തിന് 98ഉം. അതായത് ന്യൂസ് ചാനലിലെ അനിഷേധ്യ ശക്തിയായി ഏഷ്യാനെറ്റ് മാറുകയാണ്. അപ്പോഴും ജനം ടിവി രണ്ടാം സ്ഥാനത്ത് തുടരുന്നുവെന്നത് പരിവാറുകാർക്ക് ആശ്വാസമാണ്. മനോരമയ്ക്കും മാതൃഭൂമിക്കും മീഡിയാ വണ്ണിനും ന്യൂസ് 18 കേരളയ്ക്കും പോയിന്റ് ഉയരുകയും ചെയ്തു. പക്ഷേ അപ്പോഴും രണ്ടാമത് ജനം ടിവിയാണ്. ഈ ആഴ്ച റേറ്റിംഗിൽ വലിയ കുറവും കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ജനം ടിവിക്കുണ്ടായിട്ടുണ്ട്.

മൂന്നാം സ്ഥാനത്താണെങ്കിലും റേറ്റിംഗിലെ പോയിന്റെ നിലയിൽ ഏറെ മുന്നോട്ട് പോകാൻ മനോരമ ന്യൂസിനും കഴിഞ്ഞു. മനോരമ ന്യൂസിന് 95 പോയിന്റാണ് 46-ാം ആഴ്ചയിലുള്ളത്. കഴിഞ്ഞ ആഴ്ച ഇത് 82.16 ആയിരുന്നു. ഷാനി പ്രഭാകറിനെ മധ്യപ്രദേശിലേക്ക് അയിച്ച് നടത്തി പരീക്ഷണം മനോരമയ്ക്ക് തുണയായി. പോയിന്റുകൾ ഉയർന്ന് ജനം ടിവിക്ക് തൊട്ടടുത്ത് പുതിയ റേറ്റിഗിലെത്തി. മാതൃഭൂമി ന്യൂസിന് 85.24 പോയിന്റാണുള്ളത്. മീഡിയാ വണ്ണിന് 39ഉം ന്യൂസ് കേരളാ 18ന് 38 പോയിന്റും. അതായത് അഞ്ചാം സ്ഥാനത്തിന് കടുത്ത മത്സരമാണ് നടക്കുന്നത്. കോടികൾ ചെലവാക്കിയാണ് ന്യൂസ് കേരളാ 18ന്റെ പ്രവർത്തനം. എന്നിട്ടും അംബാനിയുടെ ചാനലിന് ആറാം സ്ഥാനത്ത് നിൽക്കാനേ ആകുന്നുള്ളൂ. സിപിഎം പക്ഷത്ത് നിന്ന് വാർത്ത നൽകുന്ന പീപ്പിൾ 27 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

ഇപ്രഷൻസിലും ഏഷ്യാനെറ്റിന് നേട്ടമാണ്. 53461 പോയിന്റാണുള്ളത്. ജനം ടിവിക്ക് 30950ഉം മനോരമ ന്യൂസിന് 29805ഉം. മാതൃഭൂമി ന്യൂസിനും 26968ഉം. മീഡിയാ വണ്ണിന് അഞ്ചാം സ്ഥാനത്ത് 12255 പോയിന്റും. കഴിഞ്ഞ ആഴ്ചത്തെ അനുസരിച്ച് ഏഷ്യാനെറ്റ് ന്യൂസിന് ഇവിടേയും വലിയ മുൻതൂക്കമുണ്ട്. അതുകൊണ്ട് തന്നെ ഈ ആഴ്ച വലിയ ലീഡുമായി നഷ്ടപ്രതാപം ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചെടുക്കുകയാണ്. അടുത്ത ആഴ്ചയിലും മുന്നേറ്റം തുടരാനായാൽ ഏഷ്യാനെറ്റിന്റെ ആദ്യ സ്ഥാനത്തിന് വെല്ലുവിളി ഉയരില്ലെന്ന് ഉറപ്പിക്കാനാകും.

മലയാള ന്യൂസ് ചാനലുകളുടെ ചരിത്രത്തിൽ ഒരു ചാനലും ഇതുവരെ ഏഷ്യാനെറ്റിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഇതാണ് കഴിഞ്ഞ ആഴ്ച ജനം ടിവി തകർത്തെറിഞ്ഞത്്. ആട്ട ചിത്തിരയ്ക്ക് നട തുറന്നിരുന്ന ആഴ്ചയിലാണ് ജനത്തിന്റെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. ശബരിമലയിലെ വിശേഷങ്ങൾ അറിയാൻ വിശ്വാസികൾ ഒന്നടങ്കം ജനം ടിവി കാണുന്നതാണ് ഇതിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ മണ്ഡല മകര വിളക്ക് തീർത്ഥാടനകാലത്ത് ചാനലുകൾ തമ്മിലെ മത്സരം അതിശക്തമാകാനാണ് സാധ്യത. ഇപ്പോഴും നട അടച്ചിരുന്ന സമയത്തെ റേറ്റിംഗാണ് പുറത്തു വന്നത്. അതുകൊണ്ട് ശബരിമലയിൽ നട തുറന്ന ദിവസങ്ങളിലെ അടുത്ത ആഴ്ചത്തെ റേറ്റിങ് ഏറെ നിർണ്ണായകമാകും. ശബരിമല കാലത്ത് വലിയ മുന്നേറ്റമാണ് ജനം ടിവിയുണ്ടാക്കുന്നത്. മണ്ഡല തീർത്ഥാടനകാലത്ത് വിശ്വാസികൾക്കൊപ്പം എന്ന ടാഗ് ലൈനിലൂടെ മുന്നേറ്റം തുടരാനാണ് ജനം ടിവിയുടെ തീരുമാനം. ഇത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം നമ്പർ സ്ഥാനം ലക്ഷ്യമിട്ടാണെന്ന് അവർ വ്യക്തമാക്കുന്നുണ്ട്.

ചരിത്രത്തിൽ ആദ്യമായാണ് പോയിന്റ് നിലയിൽ 50 പോയിന്റിന്റെ മേൽകോയ്മ കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റിന് നഷ്ടമാകുന്നത്. പ്രേക്ഷകരുടെ ഇടയിലേക്ക് വിശ്വാസ വഴിയിലൂടെ ഇറങ്ങി ചെന്ന് താമസിയാതെ നമ്പർ വൺ ആകാമെന്നാണ് ആർഎസ്എസ് ചാനലിന്റെ നീക്കം. ഏതായാലും ശബരിമല വിഷയത്തിൽ നേട്ടം ആർഎസ്എസ് ചാനലിനാണെന്ന് മറ്റുള്ളവർക്കും അംഗീകരിക്കേണ്ടി വരുന്നു. വിവാദം തുടങ്ങിയതു മുതൽ ശബരിമല വിഷയത്തിൽ മാത്രമാണ് ജനം ശ്ര്ദ്ധ നൽകുന്നത്. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല.

ഏഷ്യാനെറ്റ്. മനോരമ, മാതൃഭൂമി.. എന്ന നിലയിലായിരുന്നു ഏറെകാലമായി മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്. തുടക്ക ചാനലെന്ന ഖ്യാതിയിൽ ഏഷ്യാനെറ്റും പത്രങ്ങളുടെ കരുത്തിൽ ബ്രാൻഡ് നെയിമുമായി മനോരമയും മാതൃഭൂമിയും മുന്നേറി. ഇത് മറികടക്കാൻ കോടികൾ മുടക്കിയിട്ടും ന്യൂസ് 18 കേരളയ്ക്ക് പോലും ആയിട്ടില്ല. ഇവിടെയാണ് ജനം ടിവി രണ്ടാം സ്ഥാനത്ത് എത്തിയത്. തുടർച്ചയായ രണ്ടാം ആഴ്ചയും അവിടെ തുടരുന്നത് ന്യൂസ് 18 കേരള അടക്കമുള്ള ചാനലുകൾക്ക് തിരിച്ചടിയാണ്.