ബ്യൂണസ് ഐറിസ്: പൊതു നിരത്തിൽ തുണിയിരുഞ്ഞ് അർജന്റീനൻ സ്ത്രീകളുടെ പ്രതിഷേധം. കടൽത്തീരത്ത് അർധനഗ്നരായി സൂര്യസ്ഥാനം ചെയ്യുന്നതു തടഞ്ഞ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ തെരുവുകളിൽ വ്യത്യസ്ഥമായ ഈ പ്രതിഷേധം അരങ്ങേറിയത്.

മാറിടം പരസ്യമാക്കിയുള്ള പ്രതിഷേധത്തിൽ നൂറു കണക്കിനു സ്ത്രീകളാണ് പങ്കെടുത്തത്. ആണുങ്ങളെപ്പോലെ സൂര്യസ്നാനം ചെയ്യാൻ തങ്ങൾക്കും അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച സ്ത്രീകൾ മേൽവസ്ത്രം അഴിച്ചു മാറ്റി മുദ്രാവാക്യം വിളിയും പ്ലെക്കാർഡുകളുമായി തെരുവുകളിലൂടെ നടന്നു നീങ്ങി.

കടൽതീരത്ത് തുറന്ന മാറിടം കാട്ടി കിടക്കുന്നത് സഭ്യതയ്ക്ക് ചേർന്നതല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സ്ത്രീകളെ വിലക്കിക്കൊണ്ടിരിക്കുകയാണ്. കടൽതീരത്ത് വെയിൽ കാഞ്ഞ് കിടന്ന സ്ത്രീകളെ വസ്ത്രമിടാൻ പൊലീസ് നിർബന്ധിച്ചു.വിസമ്മതിച്ചവരോട് തീരം വിട്ടു പോവാൻ ആവശ്യപ്പെട്ടു.

ഒരു മാസക്കാലമായി ഈ നടപടിക്കെതിരെ അർജന്റീനയിലെ തെരുവ് വീഥികളിൽ ചെറുതും വലുതുമായ പ്രതിഷേധ പ്രകടനങ്ങൾ സ്ത്രീകൾ നടത്തിയിരുന്നു. അജന്റീനയിലെ നിയമങ്ങളിൽ മേൽവസ്ത്രമില്ലാതെ സ്ത്രീകൾ പൊതുനിരത്തിൽ നടക്കുന്നത് നിയമവിരുദ്ധമാണോ അല്ലയോ എന്ന കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ മേൽ വസ്ത്രമില്ലാതെ വെയിൽ കായുന്നതിൽ തെറ്റില്ലെന്ന് അടുത്തിടെ കോടതി വിധി വന്നിരുന്നതായി റിപ്പോർട്ടുണ്ട്.