വിമാനത്തിൽ യാത്ര ചെയ്യവെ അടുത്തിരുന്ന യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് വ്യവസായിയെ ഹൈദരാബാദിൽ പൊലീസ് അറസ്റ്റ് ചെയ്തു. സിൽക്ക് എയറിൽ യാത്ര ചെയ്യവെ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ 60-കാരൻ ബാരി ആന്റണിയാണ് പിടിയിലായത്. ഇയാൾ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് വിമാന ജീവനക്കാർ പറഞ്ഞു.

തൊട്ടടുത്ത സീറ്റിലിരുന്ന 35-കാരിയോടാണ് ബാരി അപമര്യാദയായി പെരുമാറിയത്. സിംഗപ്പുരിൽനിന്ന് ഹൈദരാബാദിലേക്കുള്ള എംഐ745 എന്ന വിമാനത്തിലാണ് സംഭവം. ബാരിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത യുവതി വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടു. ഇവർ വിമാനത്താവളത്തിൽ വിവരം അറിയിക്കുകയായിരുന്നു.

വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ ബാരിയെക്കാത്ത് പൊലീസ് എത്തിയിരുന്നു. യുവതിയുടെയും വിമാനജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. വിമാനത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്.

വിമാനത്തിൽ കയറുമ്പോൾത്തന്നെ ബാരി അമിതമായി മദ്യപിച്ചിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞതായി പൊലീസ് സബ് ഇൻസ്‌പെക്ടർ വി.ശ്രീനിവാസ് പറഞ്ഞു. മാനഭംഗക്കേസ്സാണ് ബാരിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.