തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ കൊടും കുറ്റവാളി ജീവൻ. എസ്. ബാബു അടക്കമുള്ള രണ്ടു പ്രതികൾക്ക് തലസ്ഥാനത്തെ വിചാരണ കോടതി ജീവപര്യന്തം തടവും 1.45 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. ക്രൂരവും നിഷ്ഠൂരവുമായ പാതകം ചെയ്ത പ്രതികൾക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ല.

നിരായുധനായ സ്വയരക്ഷയ്ക്കായി പ്രതികരിക്കാൻ അവസരം കൊടുക്കാതെ നടന്നു പോകുകയായിരുന്ന യുവാവിനെ പുറകിൽ നിന്ന് വെട്ടി വീഴ്‌ത്തിയ പ്രതികൾ യാതൊരു ദയവും അർഹിക്കുന്നില്ല. ഒന്നാം പ്രതി ജീവൻ. എസ്. ബാബു പുറത്തിറങ്ങുന്നത് സമൂഹത്തിനാപത്തെന്ന്ന്ന് നിരീക്ഷിച്ച് 15 വർഷത്തേക്ക് ഇയാൾ പുറം ലോകം കാണണ്ടെന്ന് ജഡ്ജി കെ. ലില്ലി വിധിന്യായത്തിൽ വ്യക്തമാക്കി. 15 വർഷത്തേക്ക് ജീവന് പരോൾ നൽകരുതെന്നും പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. യുവാക്കളായ പ്രതികളുടെ പ്രായം, ആശ്രിതർ , മാനസാന്തരത്തിനുള്ള കാലം എന്നിവ കൊലക്കയർ ഒഴിവാക്കി ജീവപര്യന്തം ശിക്ഷയാക്കി ലഘൂകരിക്കാനുള്ള സാഹചര്യങ്ങളായി കോടതി വിലയിരുത്തി.

ജീവപര്യന്തം തടവു ശിക്ഷ കൂടാതെ ഒന്നാം പ്രതി ജീവൻ ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയൊടുക്കണം. രണ്ടാം പ്രതി മനോജ് നാൽപതിനായിരം രൂപ പിഴയൊടുക്കണമെന്നും അല്ലാത്ത പക്ഷം പ്രതികൾ 1.7 വർഷം അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. മാവോയിസ്റ്റു വേട്ടക്കുള്ള തണ്ടർബോൾട്ട് വാനിൽ പൈലറ്റ് വാഹനങ്ങളുൾപ്പെടെ കനത്ത പൊലീസ് ബന്ധവസ്സിലാണ് പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയത്. സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങൾ പ്രതികളെ രക്ഷപ്പെടുത്തുമെന്ന റിപ്പോർട്ടുള്ളതിനാൽ പ്രതിക്കൂട്ടിന് ഇരുവശവും വയർലെസ് സെറ്റുള്ള സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥ കാവലിലാണ് വിധി പ്രസ്താവിച്ചത്. കൂടാതെ സിറ്റി ലിമിറ്റിലെ 6 എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് കാവൽ കോടതി പരിസരത്ത് സന്നിഹിതരായിരുന്നു.

പ്രതികളുടെ ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം എ.എ. ഹക്കിം ഹാജരാക്കിയിരുന്നു. പ്രതികളുടെ ജയിൽ നടത്തയെക്കുറിച്ച് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടും ജില്ലാ പ്രൊബേഷൻ ഓഫീസറും റിപ്പോർട്ട് മുദ്ര വെച്ച കവറിൽ ഹാജരാക്കിയിരുന്നു. റിപ്പോർട്ടുകൾ ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു.. കൊലയ്ക്ക് കൊലയെന്ന പകപോക്കൽ പോലെ വധ ശിക്ഷയാകരുതെന്ന മെയ് 20 ലെ സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശത്തിന്റെ വെളിച്ചത്തിലാണ് റിപ്പോർട്ടുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. വിചാരണ കോടതിയുടെ വധ ശിക്ഷ ചോദ്യം ചെയ്ത് മനോജ് എന്ന ശിക്ഷാ പ്രതി മഹാരാഷ്ട്രാ സർക്കാരിനെതിരെ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി വധ ശിക്ഷയ്ക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ രാജ്യത്തെ വിചാരണ കോടതികൾക്ക് നൽകിയത്.