മെൽബൺ: ഹൃദയത്തിലൊളിപ്പിച്ച മഹാരഹസ്യങ്ങൾ പോലെ നാം സ്വന്തം കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെടുക്കുന്നതിനെപ്പറ്റി ആർക്കും ആലോചിക്കാനെ വയ്യ. എന്നാൽ ഇപ്പോഴിതാ നമ്മുടെ കമ്പ്യൂട്ടറുകളെ ആക്രമിക്കാനും വിലപ്പെട്ട വിവരങ്ങൾ ചോർത്തിയെടുക്കാനുമായി ഷെൽഷോക്കെന്നറിയപ്പെടുന്ന ഒരു പുതിയ വൈറസ് വരുന്നു.

ഏകദേശം 500 ദശലക്ഷം കമ്പ്യൂട്ടറുകളാണ് ഈ വൈറസിന്റെ ഭീഷണി നേരിടുന്നത്. എന്നാൽ എത്രയൊക്കെ കമ്പ്യൂട്ടറുകളാണ്, ഏതൊക്കെ തരത്തിലുള്ള കമ്പ്യൂട്ടർ സിസ്റ്റങ്ങളാണ് ഈ ഭീകരന്റെ ആക്രമണത്തിനിരയാകുകയെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

ഷെൽഷോക്കിന്റെ വിളയാട്ടം ശക്തമായിരിക്കുമെന്നാണ് ഇംഗ്ലണ്ടിലെ യുണിവേഴ്‌സിറ്റി ഓഫ് സറേയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കംപ്യൂട്ടിംഗിലെ സെക്യൂരിറ്റി റിസർച്ചറായ പ്രഫ. അലൻ വുഡ് വാർഡ് പറയുന്നത്. 500 ദശലക്ഷം കമ്പ്യൂട്ടറുകൾ ഈ വൈറസിന്റെ ആക്രമണത്തിന് വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് എബിസിയുടെ എഎം പ്രോഗ്രാമിൽ അദ്ദേഹം വെളിപ്പെടുത്തിയത്. ഷെൽഷോക്കിലൂടെ ഹാക്കർമാർ നമ്മുടെ കമ്പ്യൂട്ടറുകളുടെ നിയന്ത്രണമേറ്റെടുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.

ലിനക്‌സ് സോഫ്റ്റ് വെയറിന്റെ  പീസായ ബാഷിനൊപ്പമാണ് ഈ വൈറസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 25 വർഷമായി ലോകമാകമാനം വ്യാപകമായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറാണ് ലിനക്‌സ്. ഫ്രഞ്ച് സെക്യൂരിറ്റി റിസർച്ചറായ സ്റ്റീഫൻ ചാസ്ലാസാണ് ഷെൽഷോക്ക് വൈറസിനെ കണ്ടെത്തിയത്. നിരവധി സോഫ്റ്റ് വെയറുകൾ ബാഷുമായി ഇന്ററാക്ട് ചെയ്യുന്നതിനാൽ ഷെൽഷോക്ക് വൈറസ് കമ്പ്യൂട്ടർ സിസ്റ്റങ്ങളെ ബാധിക്കാനുള്ള സാധ്യതയേറെയാണെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.

ലോകമാകമാനം വ്യാപിക്കാൻ സാധ്യതയുള്ള ഒരു വൈറസാണ് ഷെൽഷോക്കെന്നാണ് മൈക്രോസോഫ്റ്റിലെ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റായ ട്രോയ് ഹണ്ട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ സിസ്റ്റങ്ങളെ എളുപ്പത്തിൽ ചൂഷണം ചെയ്യാനാകുമെന്നും അദ്ദേഹം പറയുന്നു. വെബ് കാം, വൈഫൈ റൗട്ടറുകൾ തുടങ്ങിയ സിംപിൾ കമ്പ്യൂട്ടർ ഡിവൈസുകളിൽ ബാഷ് ഉപയോഗിക്കുന്നതിനാൽ അപകടസാധ്യത വർധിപ്പിക്കുന്നു. സിസ്റ്റങ്ങൾ എത്രയും പെട്ടെന്ന് അപ്‌ഗ്രേഡ് ചെയ്യുക മാത്രമാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. എല്ലാ ബാഷ് യൂസർമാരും നിർബന്ധമായും അപ്‌ഗ്രേഡ് ചെയ്തിരിക്കണം. ഈ പ്രതിസന്ധിയെ അതിജീവികാകൻ ജിഎൻയു/ ലിനക്‌സ് ഡിസ്ട്രിബ്യൂട്ടർമാർ തങ്ങളുടെ യൂസർമാർക്കായി അപ്‌ഗ്രേഡ് പാക്കേജുകൾ ഉടനടി ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്.