- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയപ്പെട്ട നബീസത്ത് ബീഗത്തിന്.. പുയ്യാപ്പിളയും കൂട്ടി വരണം;ഗേറ്റ് തള്ളിതുറന്ന് ഇങ്ങ് കയറിയേക്കണം അപ്പോൾ കാണാം മാങ്കോസ്റ്റിന്റെ താഴെ സാക്ഷാൽ ഞാൻ; സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറുമായി നേരിട്ട് കത്തിടപാടുകൾ നടത്തിയതിന്റെ ഓർമ്മയിൽ കരുനാഗപ്പള്ളി സ്വദേശിനി നബിസത്ത്; ബേപ്പുർ സുൽത്താന്റെ ഓർമ്മകൾക്ക് 28 വയസ്സ്
കരുനാഗപ്പള്ളി : വിശ്വവിഖ്യാതനായ സാഹിത്യകാരൻ സാക്ഷാൽ വൈക്കം മുഹമ്മദുമായി നേരിട്ട് കത്തിടപാടുകൾ നടത്തിയതിന്റെ ഓർമകൾ... അതിനേ കുറിച്ച് പറയുമ്പോൾ തന്നെ നബീസത്തിന്റെ ഓർമ്മകൾ പിന്നിലേക്ക് പായും. തന്റെ ബാലകൗമാരവും പഠനകാലവും മാതാപിതാക്കളും നിറമുള്ള കാഴ്ചകൾ മനസിലേക്ക് ഇരമ്പി എത്തും. ജീവിതത്തിലെ ആ മനോഹരകാലത്താണ് നബിസത്ത് പ്രിയസാഹിത്യകാരന് കത്തയക്കുന്നത്. കത്തയച്ചു അഞ്ചാം നാൾ മറുപടിയും വന്നു. മലയാളത്തിൽ വിശ്വസാഹിത്യം ചമച്ച ബേപ്പൂർ സുൽത്താന്റെ സ്വന്തം കൈപ്പടയിൽ.
ബഷീറിയൻ സാഹിത്യം സഹ്യപർവ്വതം കടന്നു ഹിമവാന്റെ അതിരുകളും ഭേതിച്ച് ലോകസാഹിത്യത്തിൽ തന്നെ ചർച്ചായിരിക്കുന്ന എഴുപത് എൺപതുകളുടെ കാലമാണ്. സാഹിത്യത്തിൽ താൽപര്യമുള്ള ഏതോരാളിന്റെയും സ്വപ്നസാഫല്യം. പ്രിയ സാഹിത്യകാരന്റെ കത്ത് തന്നേ തേടി വന്നിരിക്കുന്നു.സാഹിത്യകുലപതിയുടെ ഇരുപത്തി എട്ടാമത് ചരമദിനത്തിൽ നാലു ദശകങ്ങൾക്കിപ്പുറം കരുനാഗപ്പള്ളി ക്ലാപ്പന പൊക്കിണിക്കൽ തെക്കതിൽ വീട്ടിലിരുന്ന് നബീസത്ത് ഓർക്കുകയാണ് ആ കാലത്തെ..
ഓച്ചിറ ചക്കാലയിൽ വീട്ടിൽ ഹമീദ്കുഞ്ഞ് ഫാത്തിമാബീവി ദമ്പതികളുടെ നാലാമത്തെ പുത്രിയായ നബിസ ഏഴാംക്ലാസ് വരേ ഓച്ചിറ ഗവൺമെന്റ് സ്‌കൂളിലാണ് പഠിച്ചത്. തുടർവിദ്യാഭ്യാസം പ്രയാർ ആർ.വി എസ് എം എച്ച് എസ് എന്ന പ്രയാർ സ്‌ക്കൂളിലും. കളിചിരികളുമായി സഹോദരങ്ങളും കൂട്ടുകാരുമോത്ത് ഓച്ചിറ പടനിലത്ത് കൂടി പോകുമ്പോൾ തന്നെ ശ്രദ്ധിച്ചിരുന്നതാണ് ഓച്ചിറ പബ്ലിക്ക് ലൈബ്രററി എന്ന സ്ഥാപനത്തെ. അന്ന് സിക്സ്ത്ത് എന്നറിയപ്പെടുന്ന പത്താംക്ലാസ് കഴിഞ്ഞ് ടൈപ്പ്റൈറ്റർ പഠനവുമായി വീണ്ടുംഓച്ചിറയിലേക്ക് എത്തുമ്പോഴും സാഹിത്യത്തിൽ താൽപ്പര്യവതിയായ നബീസത്തിനേ ഏറ്റവും കൂടുതലും ആകർഷിച്ചത് ഓച്ചിറയുടെ പ്രിയപ്പെട്ട വായനായിടമല്ലാതെ മറ്റോന്നല്ല.
ഏറേ നാൾ കഴിയും മുൻപേ സഹോദരനോപ്പം അവിടെ എത്തി ഗ്രന്ഥശാലയിൽ അംഗത്വമെടുക്കുകയും വായനയുടെ വലിയലോകത്തിലെക്ക് കടക്കുകയും ചെയ്തു നബീസ. അവിടെ നിന്നാണ് ബഷീർ സാഹിത്യത്തിൽ താൽപര്യം ഉടലെടുക്കുന്നത്. ബാലയകാലസഖി, വിശ്വവിഖ്യാതമായ മൂക്ക്, മുച്ചീട്ടുകളിക്കാരന്റെ മകൾ തുടങ്ങി ബഷീറിന്റെ കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും വായിച്ച് ആരാധനയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് മനോരമാ വീക്കിലിയിൽ നിന്നും സാഹിത്യകാരന്റെ മേൽവിലാസം ലഭിക്കുന്നത്. കത്ത് അയക്കുന്ന കാര്യത്തിൽ രണ്ടാമതോന്ന് ആലോചിക്കേണ്ടതില്ലല്ലോ. തന്റെ ആരാധനയേപ്പറ്റിയും സാഹിത്യത്തെ പറ്റിയും അറിയാവുന്ന ഭാഷയിൽ കുത്തികുറിച്ച് വൈക്കം മുഹമ്മദ് ബഷീർ, വൈലാലിൽ, ബേപ്പൂർ, കോഴിക്കോട് എന്ന വിലാസത്തിലേക്ക് ഒരു കത്ത് .
പ്രിയപ്പെട്ട നബീസത്ത് ബീഗത്തിന് .... കൃത്യം അഞ്ചാം ദിവസം വീട്ടുപടിക്കൽ പോസ്്റ്റ്മാൻ കൊണ്ട് വന്ന മറുപടി കത്തിന്റെ ആദ്യവാചകങ്ങൾ .നബീസത്ത് എന്ന പേരിനു പിന്നിൽ സ്വയസിദ്ധമായ ശൈലിയിൽ ഒരു ബീഗം കൂട്ടീച്ചേർത്ത് സാക്ഷാൽ വൈക്കംമുഹമദ് എഴുതുകയാണ്. ആരാധികയുടെ മനസ്സിൽ എന്തായിരിക്കും നബീസത്തിന്റെ ഭാഷയിൽ ആത്മാഭിമാനവും നിർവൃതിയും. തന്നെ പൊലെ ഒരു ചെറിയ പെൺകുട്ടിക്ക് ലോകമാരാധിക്കുന്ന സാഹിത്യകാരൻ തന്റെ കൈപ്പടയിൽ മറുപടി അയക്കുക. അതിന്റെ വില വീട്ടിലും നാട്ടിലും നബീസത്തിന് ഉണ്ടായി. കത്ത് എഴുത്ത് നബീസത്ത് തുടർന്നു.
ബേപ്പൂരിലെ വീട്ടിൽ തനിക്ക് ഒപ്പം ലോകപ്രസിദ്ധിയാർജ്ജിച്ച തന്റെ മാങ്കോസ്റ്റിൻ മരത്തിന്റെ തണലിരുന്ന് ബഷീർ ഓരോ കത്തിനും മറുപടി എഴുതി. തന്റെ വിശേഷങ്ങൾ ആ കൊച്ച് ആരാധികയുമായി പങ്ക് വെച്ചു. തന്റെ സുഖവിവരങ്ങൾ, അസുഖം, മരുമകന്റെ മരണം വീട്ടിലുണ്ടാക്കിയ ഭക്ഷണം തുടങ്ങി അണ്ടകടാഹത്തിലെ എല്ലാ തൊന്തരവുകളും കൊസ്രാകൊള്ളികളും സാഹിത്യകാരന്റെ കത്തുകളിലെ വരികളിൽ അടയാളപ്പെടുത്തി. മാങ്കോസ്റ്റീൻ മരത്തിനു താഴെ കസേരയിൽ ഇരിക്കുന്ന തന്റെ ചിത്രങ്ങളും മുഖ്യമന്ത്രിയും രാഷ്ട്ട്രീയനേതാവുമായ സി.അച്യൂതമേനോനോട് ഒപ്പമുള്ള തന്റെ ചിത്രവും കത്തിനോപ്പം നബിസത്തിന് അദ്ദേഹം അയച്ചു.
'ദീർഘ സുമംഗലീ ഭവ ' പുയ്യാപ്പിളയും കൂട്ടി വരണം, ഗേറ്റ് തള്ളിതുറന്ന് ഇങ്ങ് കയറിയേക്കണം അപ്പോൾ കാണാം മാങ്കോസ്റ്റിന്റെ താഴെ സാക്ഷാൽ ഞാൻ. വിവാഹം തീരുമാനിച്ച വിവരം അറിയിച്ച് എഴുതി ആരാധികയുടെ കത്തിനുള്ള മറുപടി തനത് ബഷീർ ശൈലിയിൽ. പക്ഷെ അത് മാത്രം നടന്നില്ല . ആരാധികയ്ക്ക് നേരിൽ ഒരിക്കലും കാണാൻ കഴിഞ്ഞില്ല. 15 കത്തുകൾ ബഷിറിന്റെത് നബീസത്തിന് കിട്ടി. പിത്യതുല്യമായ വാൽസല്യമായിരുന്നു ബഷിന്റെ കത്തുകളിലുടെ നബീസത്തിന് ലഭിച്ചത് ചെറുപ്പത്തിലേ പിതാവ് നഷ്ടപെട്ട ആരാധികക്ക് തന്റെ സ്നേഹം നൽകി തന്നോട് കൂടേ ചേർത്ത് നടത്തി. നേരിൽ കണ്ടില്ല എങ്കിലും സൗമ്യസാന്നിധ്യമായിരുന്നു നബിസത്തിന് സാഹിത്യകുലപതി.
മുറച്ചെറുക്കനായ റഹിം കുഞ്ഞാണ് നബീസത്തിനേ വിവാഹം ചെയ്തത്. രണ്ട് ആൺമക്കൾ ഹബീബും അഫ്സലും, മുപ്പത് വർഷങ്ങൾക്ക് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേത്തിയ ഭർത്താവുമൊത്ത് മക്കളും കൊച്ച്മക്കളുമായി കഴിയുകയാണ് വിശ്വസാഹിത്യകാരന്റെ സ്നേഹവാത്സല്യങ്ങൾക്ക് പാത്രമായ ഈ ആരാധിക.