ഗ്രാമത്തിൽ പുലിയിറങ്ങിയപ്പോൾ അതിനെ പിടിക്കാൻ രംഗത്തെത്തുന്ന സാഹസികനാണ് വാറുണ്ണി. മമ്മൂട്ടി തകർത്തഭിനയിച്ച മൃഗയയിലെ കഥാപാത്രം. പുലി നാട്ടുകാർക്കും വളർത്തു മൃഗങ്ങൾക്കും ജീവന് ഭീഷണിയുയർത്തിയപ്പോൾ വാറുണ്ണി ജീവൻ പണയം വച്ച് പുലിയോട് ഏറ്റുമുട്ടാനെത്തുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നാട്ടുകാർക്ക് രണ്ട് ശത്രുക്കളായി. വാറുണ്ണിയും പുലിയും. അതിന് ഒരളവോളം വാറുണ്ണിയുടെ 'സ്വാഭാവഗുണവും' കാരണമായിട്ടുണ്ട്. വാറുണ്ണിക്ക് പാര പണിയാൻ നാട്ടിൽ പലരും രംഗത്തെത്തി. നാട്ടിലെ സകല അലമ്പുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. പുലിയോട് ഏറ്റുമുട്ടി വാറുണ്ണി ചത്താലും കുഴപ്പമില്ല, വാറുണ്ണിയോട് ഏറ്റുമുട്ടി പുലി ചത്താലും കുഴപ്പമില്ല എന്നതായിരുന്നു അവരുടെ ലൈൻ. രണ്ട് ശത്രുക്കളിൽ ഒരെണ്ണം കുറഞ്ഞുകിട്ടുമല്ലോ. ഏതാണ്ട് ഇതുപോലെയാണ് ഏകസിവിൽ കോഡിന് എതിരെ പൊരുതാനിറങ്ങിയ മുസ്ലിം സംഘടനാ നേതാക്കളുടെ അവസ്ഥ. താത്വികമായി ഏക സിവിൽ കോഡിന് എതിരാണ് ഏതാണ്ടെല്ലാ മതനേതാക്കളും പുരോഹിതന്മാരും. ഗ്രാമത്തിലെ മൊത്തം ജനങ്ങൾ പുലിക്കെതിരായ പോലെ. അതിൽ ഹിന്ദുക്കളും മുസ്ലിംകളും കൃസ്ത്യാനികളും സിക്കുകാരും പാഴ്‌സികളുമെല്ലാമുൾപ്പെടും. കാരണം വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങി മതശാസനകൾ നിലനില്ക്കുന്ന മേഖലകളിൽ ഓരോ മതവിശ്വാസിക്കും ഏറെക്കുറെ അവരുടെ മതനിയമങ്ങൾക്കനുനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നല്കുന്നുണ്ട്. അതിനനുസരിച്ച് ഓരോ മതവിഭാഗങ്ങൾക്കും വെവ്വേറെ നിയമങ്ങളും ഇന്ത്യയിലുണ്ട്. പക്ഷേ ഏക സിവിൽകോഡിനെതിരേ യുദ്ധം നയിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് വാറുണ്ണിയുടെ റോളിത്തെത്തുന്ന മുസ്ലിം മതനേതാക്കളാണ്. ബാക്കിയുള്ളവരൊക്കെ വാറുണ്ണിക്ക് പാര പണിയുന്ന തിരക്കിലും. ഞാനൊറ്റക്ക് ചെയ്യേണ്ട പോരാട്ടമാണോ ഇതെന്ന് ഇവിടെ വാറുണ്ണിയാണ് ചിന്തിക്കേണ്ടത്.

ഇന്ത്യയിൽ മുസ്ലിം, കൃസ്ത്യൻ, പാഴ്‌സി തുടങ്ങിയ മത വിഭാഗങ്ങൾക്ക് പ്രത്യേകം വിവാഹ നിയമങ്ങളും പിന്തുടർച്ചാവകാശ നിയമങ്ങളുമുണ്ട്. ഇതിൽ പെടാത്തവരൊക്കെ ഹിന്ദു വിവാഹ - പിന്തുടർച്ചാവകാശ നിയമങ്ങളുടെ പരിധിയിലാണ് പെടുക. അതായത് ഹിന്ദു മതത്തിലെ വിവിധ അവാന്തര വിഭാഗങ്ങൾ, ബുദ്ധ ജൈന സിക്ക് മത വിശ്വാസികൾ എന്നിവരും ഹിന്ദു വിവാഹ പിന്തുടർച്ചാവകാശ നിയമത്തിന്റെ പരിധിയിൽ പെടും. സിക്ക് മതവിശ്വാസികൾക്ക് പ്രത്യേകമായി ഒരു വിവാഹ നിയമം (ആനന്ദ് വിവാഹ നിയമം) രണ്ടായിരത്തി പന്ത്രണ്ടിൽ പാസ്സാക്കിയതോടെ അവർക്ക് അവരുടെ വിശ്വാസപ്രകാരമുള്ള വിവാഹ നിയമവും നടപ്പിലായി. ഒരു മതത്തിന്റേയും നിയമങ്ങൾ പിന്തുടരാൻ താത്പര്യമില്ലാത്തവർക്കായി സ്‌പെഷ്യൽ മാരേജ് ആക്ടും (1954) നിലവിലുണ്ട്. ചുരുക്കത്തിൽ ഇന്ത്യയിലെ വിവിധ മതസമൂഹങ്ങൾക്ക് അവരുടെ മതവിശ്വാസ ആചാരങ്ങൾക്കനുസൃതമായ നിയമങ്ങൾ വിവാഹ- പിന്തുടർച്ചാവകാശ മേഖലകളിലുണ്ട്. അതായത് ഇത് മുസ്ലിംകളുടെ മാത്രം വിഷയമല്ല എന്നർത്ഥം. അതുകൊണ്ടു തന്നെ ഏകസിവിൽകോഡ് വിഷയത്തിൽ വരുന്ന ഏത് നിയമനിർമ്മാണവും ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളെ ബാധിക്കുന്നതാകയാൽ പൊതുവായ ചർച്ചകളും സംവാദങ്ങളുമാണ് ഈ വിഷയത്തിൽ ഉയർന്ന് വരേണ്ടത്.

വിശ്വാസ വൈവിധ്യങ്ങളെ ആദരിക്കുകയും ബഹുസ്വരതയുടെ സൗന്ദര്യത്തെ നിയമപരമായി അംഗീകരിക്കുകയുമാണ് ചില പ്രത്യേക വിഷയങ്ങളിൽ അതാത് മതവിഭാഗങ്ങളുടെ വിശ്വാസ രീതികൾക്ക് അനുസരിച്ച നിയമനിർമ്മാണങ്ങൾ നടപ്പിലാക്കാൻ അവസരമൊരുക്കുക വഴി ഇന്ത്യൻ ഭരണഘടന ചെയ്യുന്നത്. അത്തരം നിയമങ്ങളെ സ്‌ക്രാപ്പ് ചെയ്തുകൊണ്ട് ഏകസിവിൽകോഡ് വരുന്നതിനെ അനുകൂലിക്കുന്നവർ എല്ലാ മതവിഭാഗങ്ങളിലും വളരെ കുറച്ചേ ഉണ്ടാവൂ. സംഘപരിവാരം പോലും താത്വികമായി ഏകസിവിൽ കോഡിനെ അംഗീകരിക്കുകയില്ല. ഹിന്ദു ആചാരങ്ങളും നടപടിക്രമങ്ങളും ഒരു പൊതു സിവിൽകോഡായി വരുന്ന ഘട്ടത്തിലല്ലാതെ അവർ അതിന് പിന്തുണ പ്രഖ്യാപിക്കാനുമിടയില്ല. ഏക സിവിൽ കോഡിനെതിരെയുള്ള പോരാട്ടം സാമുദായികമായി ചെയ്യേണ്ട ഒന്നല്ല എന്ന് ബോധ്യം വന്നാൽ നിലവിലുള്ള നിയമ വ്യവസ്ഥ തുടരുന്നതിന് വേണ്ടി ഇത്തരം ആനുകൂല്യങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന എല്ലാ മതവിശ്വാസികളുടേയും ഒരു കൂട്ടായ്മക്ക് ശ്രമിക്കുകയാണ് മുസ്ലിം നേതൃത്വം ചെയ്യേണ്ടത്.

അതോടൊപ്പം മുസ്ലിം മതനേതാക്കളും പുരോഹിതന്മാരും കാര്യഗൗരവമായി ചിന്തിക്കേണ്ട മേഖല മറ്റൊന്നാണ്. ശരീഅത്ത് നിയമങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന പ്രവണതകൾക്കെതിരെ സമുദായത്തിനകത്ത് നിന്ന് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നത്. പക്ഷേ ആ ദിശയിൽ മുസ്ലിം നേതാക്കളുടെ ഭാഗത്ത് നിന്ന് മാത്രമല്ല, മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ ഭാഗത്തു നിന്നും യാതൊരു നീക്കവുമുണ്ടാകുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. വൈവാഹിക സംബന്ധമായ മുസ്ലിം വ്യക്തിനിയമത്തെക്കുറിച്ച് ഇന്ത്യയിൽ ഏറെ വിവാദമുയർത്തിയ ഷാബാനു കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ മനസ്സിലാവുന്ന പ്രധാന വസ്തുത ഇത്തരമൊരു വിവാദത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത് ഇസ്ലാമിക നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഷാബാനുവിന്റെ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാൻ സ്വീകരിച്ച ചില സമീപനങ്ങളാണ് എന്നതാണ്. ഷാബാനുവിനെ വിവാഹം കഴിച്ച ഖാൻ പതിനാലു വർഷങ്ങൾക്ക് ശേഷം രണ്ടാം വിവാഹം കഴിക്കുന്നു. പ്രായം കുറഞ്ഞ മറ്റൊരു പെണ്ണിനെ.. അവളും അതേ വീട്ടിലേക്ക് കയറി വരുന്നു. ഷാബാനുവിൽ ഇതിനകം അഞ്ചു കുട്ടികളുണ്ട്. രണ്ട് ഭാര്യമാരും ഒരുമിച്ചു താമസിക്കുന്നു. ഷാബാനുവിന് അറുപത്തിരണ്ട് വയസ്സുള്ളപ്പോൾ അവരേയും കുട്ടികളേയും ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കുന്നു. മാസം ഇരുന്നൂറ് രൂപയാണ് അവർക്ക് അദ്ദേഹം ചെലവിന് കൊടുത്തിരുന്നത്. അത് പോലും ലഭിക്കാതായപ്പോഴാണ് ഷാബാനു കോടതിയിൽ പോകുന്നത്.

പ്രാദേശിക കോടതിയിൽ നിന്ന് ഷാബാനുവിന് അനുകൂലമായ വിധിയുണ്ടാകുന്നു. ആ വിധിയെ മറികടക്കാനാണ് ഭർത്താവ് മുഹമ്മദ് ഖാൻ ഷാബാനുവിനെ മുത്തലാഖ് ചൊല്ലി സുപ്രിം കോടതിയിൽ പോകുന്നത്. അതിനെത്തുടർന്നാണ് ജീവനാംശ സംബന്ധമായ സുപ്രിം കോടതിയുടെ വിവാദ വിധിയുണ്ടാകുന്നതും മുസ്ലിംകളുടെ പക്ഷത്ത് പ്രക്ഷോഭകൊടുങ്കാറ്റ് ആരംഭിക്കുന്നതും. ആ വിധിയുടെ ഇസ്ലാമിക മാനം ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ആ വിധിയിലേക്ക് നയിച്ച സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ഭർത്താവിനും അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്ന മത മേലദ്ധ്യക്ഷന്മാർക്കും വ്യക്തമായ പങ്കുണ്ട്. ഭാര്യയ്ക്കും മക്കൾക്കും ചെലവിന് കൊടുക്കാതെ സാമ്പത്തിക കഴിവുകൾ ഏറെയുണ്ടായിട്ടും അവരെ തെരുവിലേക്ക് തള്ളിയ ഭർത്താവാണ് ഒന്നാം പ്രതി. കോടതിയിൽ നിന്ന് വിധിയുണ്ടായപ്പോൾ ആ വിധിയെ മറികടക്കാൻ തലാഖ് ചൊല്ലിയതും ഇസ്ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമായി തന്നെ. പറഞ്ഞു വരുന്നത് ഇതാണ്, ഇസ്ലാമിക നിയമങ്ങളെ മുസ്ലിം പുരുഷന്മാർ തന്നെ പരസ്യമായി വ്യഭിചരിക്കുമ്പോൾ ആ വ്യഭിചാരങ്ങൾക്ക് പിന്തുണ കൊടുക്കുന്ന പുരോഹിതന്മാരും സമുദായ നേതൃത്വവുമാണ് ഏകസിവിൽകോഡിന് വേണ്ടി മുറവിളി കൂട്ടുവാൻ പൊതുസമൂഹത്തെ പ്രേരിപ്പിക്കുന്നത്. ഷാബാനു കേസ് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.

മുത്തലാഖ് വിഷയമെടുക്കാം. (മൂന്ന് ത്വലാഖും ഒറ്റയടിക്ക് ചൊല്ലുന്നത്) . അങ്ങിനെയൊരു പരിപാടി തന്നെ ഇസ്ലാമിലില്ല. വിവാഹ മോചനത്തിന് ഇസ്ലാം ധാരാളം മുന്നുപാധികൾ മുന്നോട്ട് വെക്കുന്നുണ്ട്. അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും വെറുക്കപ്പെട്ടത് വിവാഹ മോചനമാണെന്നാണ് പ്രവാചകൻ പറഞ്ഞത്. വിവാഹ ജീവിതത്തിൽ ഒന്നിച്ചു പോകാൻ പ്രയാസമാണെന്ന് തോന്നുന്ന ഘട്ടത്തിൽ ത്വലാഖ് എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തുന്നതിന് മുമ്പ് ഭാര്യയും ഭർത്താവും രമ്യമായ പരിഹാര മാർഗങ്ങൾ തേടണം. ധാരാളം നിർദ്ദേശങ്ങൾ ഇതിനായി ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. അതിന് പുറമേ ഇരു കുടുംബങ്ങളിലേയും ബന്ധപ്പെട്ടവർ തമ്മിൽ ചർച്ചകൾ നടത്തണം. 

ഒരു നിലയ്ക്കും മുന്നോട്ട് പോകാൻ സാധ്യമല്ല എന്ന് തോന്നുന്ന ഘട്ടത്തിൽ മാത്രമാണ് ഇസ്ലാം ത്വലാഖ് അനുവദിക്കുന്നത്. അത് തന്നെ ഒരു തവണ. ത്വലാഖ് ചൊല്ലിയ ശേഷം വീണ്ടുവിചാരം ഉണ്ടാവുകയും വേണ്ടിയിരുന്നില്ല എന്ന് ഇരുവർക്കും തോന്നുകയും ചെയ്താൽ ഒരുമിക്കാനുള്ള അവസരമൊരുക്കുകയാണ് ഒരു ത്വലാഖ് മാത്രം ചൊല്ലുന്നത് വഴി ഉണ്ടാകുന്നത്. അങ്ങനെ മൂന്ന് ത്വലാഖുകൾ മൂന്ന് ജീവിത ഘട്ടങ്ങളിലായി ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് അവരുമായി പുനർ വിവാഹത്തിന് കടുത്ത നിബന്ധനകൾ ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ 'മുത്തലാഖ്' എന്ന പേരിൽ ഇപ്പോൾ പലരും ചെയ്യുന്നതുകൊടിയ പാപമാണ്. ഒറ്റയടിക്ക് മൂന്ന് ത്വലാഖുകൾ ചൊല്ലുക. അതും ടെലിഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും വരെ നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സുപ്രിം കോടതി ഇടപെട്ടിട്ടില്ലെങ്കിൽ പോലും മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഇത്തരം അസംബന്ധങ്ങളെ മുസ്ലിം പണ്ഡിതന്മാരും നേതാക്കളും അനുവദിച്ചു കൊടുക്കരുത്. മതത്തിന്റെ വ്യവസ്ഥകളെ ദുരുപയോഗം ചെയ്യുന്നവരെ തടയാനും കണ്ണീർ കുടിക്കുന്ന പെണ്ണിന്റെ കൂടെ നില്ക്കാനും അവർക്ക് സാധിക്കണം. അതിലാണ് മതമുള്ളത്, മനുഷ്യത്വവും..

ഇസ്ലാമിലില്ലാത്ത മുത്തലാഖിന് വേണ്ടി വീറോടെ വാദിക്കുക്കുകയും അതിന് വേണ്ടി ഐക്യപ്പെടുകയും ചെയ്യുന്ന പുരോഹിതന്മാരെയും മുസ്ലിം രാഷ്ട്രീയ നേതൃത്വത്തെയുമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ ഇസ്ലാമിക വിധികൾക്കനുസൃതമായി കാര്യങ്ങൾ പഠിക്കാനും വേണ്ട ഭേദഗതികൾ നിയമങ്ങളിൽ നിർദ്ദേശിക്കാനുമാണ് മുസ്ലിം പേർസണൽ ലോ ബോർഡുള്ളത്. എന്നാൽ വിശുദ്ധ ഖുർആന്റെ അദ്ധ്യാപനങ്ങൾക്ക് അനുസൃതമായി നിലവിലുള്ള നിയമത്തിൽ ക്രിയാത്മകമായ എന്തെങ്കിലും മാറ്റങ്ങൾ നിർദ്ദേശിക്കുവാൻ നാളിതുവരെ ഈ കമ്മറ്റിക്ക് കഴിഞ്ഞിട്ടില്ല. ഏക സിവിൽ കോഡിന്റെ ചർച്ചകൾ വരുമ്പോൾ പ്രതിഷേധ പ്രസ്താവനകൾ ഇറക്കാനാല്ലതെ മുസ്ലിം സമൂഹത്തെ ക്രിയാത്മകമായി മുന്നോട്ട് നയിക്കാനുള്ള ഒരു ചെറുവിരലനക്കം ഇവരിൽ നിന്ന് ഉണ്ടാകാറില്ല. കോടതികൾ ഇടപെടുന്നത് വരെ സമുദായത്തിനകത്ത് ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടി മുൻകൈ എടുക്കാത്തവർ മത നിയമങ്ങളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടി നിയമങ്ങൾ വരുമ്പോൾ നിലവിളിക്കാൻ മാത്രമാണ് ഒന്നിച്ചു കൂടാറുള്ളത്. ഇവിടെ ആരാണ് പ്രതി എന്ന ചോദ്യം പ്രസക്തമാണ്. ക്രിയാത്മക മാറ്റങ്ങൾക്ക് പുറംതിരിഞ്ഞു നില്ക്കുന്ന സമുദായ നേതൃത്വമോ അതോ കാലിക മാറ്റങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന പൊതുസമൂഹമോ?. ഉത്തരം തേടേണ്ട ചോദ്യമാണിത്.

മുത്തലാഖ് വിഷയം ഇപ്പോൾ സജീവമായി ഉയർത്തിക്കൊണ്ടു വരുന്നതിൽ ബിജെപി ക്ക് അവരുടെ ലക്ഷ്യങ്ങളുണ്ടാവാം. മുസ്ലിം സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനേക്കാൾ ഈ ചർച്ചകൾ കൊണ്ടുവരുന്ന രാഷ്ട്രീയ നേട്ടങ്ങളിലാവാം അവരുടെ കണ്ണ്. എന്നാൽ മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം തീർത്തും മതവിരുദ്ധമായ ഇത്തരമൊരു സമ്പ്രദായത്തെ നിർത്തലാക്കാൻ ശ്രമിക്കുക എന്നതാണ് മറ്റാരെങ്കിലും അതിനെ മുതലെടുക്കുമോ എന്ന് ഭയന്ന് പിറകോട്ട് നടക്കുന്നതിനേക്കാൾ അഭികാമ്യമായിട്ടുള്ളത്. മുത്തലാഖിന് എതിരായി മുസ്ലിം നേതാക്കൾ നിലപാടുകൾ സ്വീകരിക്കുന്നതായിരിക്കും അതിനെ എതിർക്കുന്നതിനേക്കാൾ ബിജെപി യുടെ പ്രചാരങ്ങളുടെ മുനയൊടിക്കുക എന്നതാണ് യാഥാർത്ഥ്യം.

ഏകസിവിൽ കോഡിനെതിരെ മുറവിളി കൂട്ടുന്നതിന് ചെലവഴിക്കുന്ന ഊർജ്വത്തിന്റെ പത്തിലൊന്നെങ്കിലും ഇസ്ലാമിക നിയമങ്ങളെ കാറ്റിൽ പറത്തി പെണ്ണിനെ കണ്ണീരു കുടിപ്പിക്കുന്ന പുരുഷ മേധാവിത്വത്തിനെതിരെയും മത പൗരോഹിത്യത്തിനെതിരേയും ചെലവഴിക്കാൻ മുസ്ലിം രാഷ്ട്രീയ നേതൃത്വത്തിന് കഴിയേണ്ടതുണ്ട്.