ശ്രീനഗർ: കശ്മീരിലെ അനന്ത്‌നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കറെ തയ്ബ കമാൻഡർ ഉൾപ്പെടെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഏറെക്കാലമായി ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്ന ഭീകരനായ ബാഷിർ ലഷ്‌കരിയും കൂട്ടാളിയായ അസാദ് മാലിക്കുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

തലയ്ക്ക് പത്തുലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരനാണ് ബാഷിർ. കൊക്രാങ് സ്വദേശിയായ ഇയാളെ 2015 ഒക്ടോബറിൽ ആണ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തത്. എപ്ലസ്പ്ലസ് കാറ്റഗറിയിലുള്ള ഭീകരനാണ് ബാഷിർ. ഏറെനാളായി ഇയാൾക്കുവേണ്ടി സൈന്യം നീക്കം നടത്തിവരികയായിരുന്നു.

വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ വെടിവയ്‌പ്പിനിടെ സ്ത്രീ ഉൾപ്പെടെ രണ്ടു പ്രദേശവാസികൾക്കും ജീവൻ നഷ്ടമായി. 17 പ്രദേശവാസികളെ സുരക്ഷിതമായി മാറ്റി. വീട്ടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യം വളഞ്ഞതോടെ വെടിയുതിർക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അനന്ത്‌നാഗിൽ പൊലീസ് വാഹനവ്യൂഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരൻ ബാഷിർ ലഷ്‌കരിയാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. കശ്മീരി പൊലീസ് ഉദ്യോഗസ്ഥൻ ഫെറോസ് അഹമ്മദ് ധർ ഉൾപ്പെടെ ഏഴു പേരാണ് അന്ന് വീരമൃത്യുവരിച്ചത്. ഭീകരർ ബട്‌പോറ ഗ്രാമത്തിലെ ഒരു വീട്ടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു.

മുതിർന്ന ലഷ്‌കർ ഭീകരൻ ഉൾപ്പെടെയുള്ളവർ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്ന വിവരമാണു സുരക്ഷാ സേനയ്ക്കു ലഭിച്ചത്. ഇതേത്തുടർന്ന് ബ്രെന്റി ബട്ട്‌പോറ മേഖലയിൽ പുലർച്ചെത്തന്നെ സേന പരിശോധന ആരംഭിച്ചിരുന്നു. പ്രദേശത്തെ ചിലരെ ഭീകരർ മനുഷ്യകവചമാക്കിയും ഭീകരർ ഉപയോഗിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.