കൊച്ചി: ശ്രീലങ്കയ്ക്കെതിരേയുള്ള ടി-ട്വന്റി മത്സരങ്ങളിലേക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി പേസ് ബൗളറായ ബേസിൽ തമ്പിയും ടീമിൽ ഇടംപിടിച്ചിരുന്നു. വീണ്ടും ഒരു മലയാളി ഇന്ത്യൻ ടീമിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികളും. എന്നാൽ ബേസിൽ തമ്പിയുടെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം തങ്ങളുടെ സ്വന്തം ക്രെഡിറ്റായി മാറ്റാനുള്ള ശ്രമത്തിലാണ് യാക്കോബായ സുറിയാനി സഭ. എല്ലാ അഭിനന്ദന പോസ്റ്ററുകളിലും ബേസിലിന്റെ ഇടവകയുടെ പേര് വ്യക്തമായി പറഞ്ഞുകൊണ്ടാണ് അഭിനന്ദനങ്ങൾ.

ഇന്ത്യൻ ടീമിൽ ബേസിലിന്റെ സാന്നിധ്യം ഉറപ്പായതു മുതൽ സഭയുടെ എല്ലാ പേജുകളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റ് സഭയുടെ എല്ലാ മാധ്യമങ്ങളിലും ബേസിലിന് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ടുള്ള പോസ്റ്റുകൾ വന്ന് തുടങ്ങിയിരുന്നു. ഈ പോസ്റ്റുകൾ വായിച്ചിട്ടുള്ള സോഷ്യൽ മീഡിയയിലുള്ള പരിഹാസങ്ങൾക്കും കുറവില്ല. സഭയുടെ നിർദ്ദേശത്താൽ ഇന്ത്യൻ ടീമിൽ എത്തിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഫേസ്‌ബുക്കിലും മറ്റും വ്യാപകമായി പ്രചരിക്കുന്നത്. ഏറ്റെടുത്ത് ഇല്ലാതാക്കല്ലെ എന്ന കമന്റുകളും ഈ പോസ്റ്റകൾക്ക് കീഴിലുണ്ട്.

'യാക്കോബായ സുറിയാനി സഭയ്ക്ക് ഇത് അഭിമാന നിമിഷം, ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബേസിൽ തമ്പിക്ക് സഭയുടെ അഭിനന്ദനങ്ങൾ' തുടങ്ങിയ പോസ്റ്ററുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. സെന്റ് മേരീസ് യാക്കോബ സിറിയൻ കത്ത്രീഡൽ കുറുപ്പംപടി ഇടവകാംഗമാണ് ബേസിൽ തമ്പി- എന്നു വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്ററുകളാണ് കൂടുതലായും പ്രചരിക്കുന്നത്. ബേസിൽ തമ്പി ധോണിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യൻ ടീമിലെത്തുന്ന മൂന്നാമത്തെ കേരളാ പേസറും നാലാമത്തെ താരവുമാണ് ബേസിൽ തമ്പി. ടിനു യോഹന്നാൻ, ശ്രീശാന്ത്, സഞ്ജു സാംസൺ എന്നിവരാണ് ഇന്ത്യൻ ടീമിൽ മുമ്പ് ഇടം നേടിയ മലയാളി താരങ്ങൾ. നേരത്തെ ന്യൂസിലൻഡിനെതിരേയുള്ള ഇന്ത്യൻ 'എ' ടീമിൽ ഇടംപിടിച്ച ബേസിൽ തമ്പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രഞ്ജിയിലെ മികവും ബേസിൽ തമ്പിക്കു തുണയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ മൂന്ന് ടി-ട്വന്റികളടങ്ങിയ പരമ്പര ഈ മാസമാണ് നടക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ യുവചരിത്രത്തിലേക്ക് പെരുമ്പാവൂരിന്റെ പെരുമയുമായാണ് ബേസിൽ തമ്പി വരുന്നത്. മുൻപ് ന്യൂസീലൻഡ് 'എ' ടീമിനെതിരെയുള്ള അഞ്ചു മൽസരങ്ങളുടെ ഏകദിന ഇന്ത്യൻ 'എ' ടീമിലേക്കും ഈ യോർക്കർ സ്‌പെഷലിസ്റ്റിന് ക്ഷണം കിട്ടിയിരുന്നു. ഐപിഎല്ലിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് തെറിപ്പിച്ച യോർക്കറിലൂടെ ഇന്ത്യൻ സിലക്ടർമാരുടെ ശ്രദ്ധയിൽപെട്ട ബേസിൽ തമ്പി അതേ പ്രകടനങ്ങൾ ആവർത്തിച്ചാണ് ടീമിലേക്ക് എത്തുന്നത്.

ഐപിഎല്ലിലെ അരങ്ങേറ്റത്തിൽ മനോഹരമായ യോർക്കറിലൂടെ ഗെയ്ലിന്റെ സർവ പ്രതിരോധവും തകർക്കുമ്പോൾ തന്നെ ബേസിൽ തമ്പി സിലക്ടർമാരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. ബേസിലിനു മുന്നിൽ പിന്നെയും മുട്ടുകുത്തി ക്രിക്കറ്റിലെ 11 വമ്പന്മാർ. ധോണി, കോഹ്ലി, പൊള്ളാർഡ്, ഹാഷിം അംല എന്നിവരുടേതുൾപ്പെടെ 12 കളികളിൽ 11 വിക്കറ്റ്. ഏതൊരു ഫാസ്റ്റ്‌ബോളറുടെയും സ്വപ്ന തുല്യമായ അരങ്ങേറ്റമായിരുന്നു ബേസിലിന്റേത്. ഓൺലൈൻ വോട്ടിങ്ങിലും കമൻഡേറ്റർമാരുടെ തിരഞ്ഞെടുപ്പിലും മുന്നിലെത്തിയതോടെ ഐപിഎല്ലിലെ എമർജിങ് പ്ലയർ പുരസ്‌കാരം ബേസിലിനെ തേടിയെത്തി. 10 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ബേസിലിനു വേണ്ടി 80 ലക്ഷം രൂപ മുടക്കിയതിനു ഗുജറാത്ത് ലയൺസിന് ഒരിക്കലും പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ല.

ശ്രീലങ്കയ്ക്കെതിരേ മൂന്ന് ടി-ട്വന്റികളടങ്ങിയ പരമ്പര ഈ മാസമാണ് നടക്കുന്നത്. ക്യാപ്റ്റൻ വിരാട് കോലിക്ക് വിശ്രമം നൽകിയിട്ടുണ്ട്. പകരം രോഹിത് ശർമ്മയാണ് ടി-ട്വന്റി ക്യാപ്റ്റൻ. അടുത്ത വർഷം ആദ്യമാണ് ഇന്ത്യയുടെ സൗത്ത് ആഫ്രിക്ക സന്ദർശനം. ശ്രീലങ്കയ്ക്കെതിരേ ടെസ്റ്റ്-ഏകദിന മത്സങ്ങൾക്ക് ശേഷമാണ് ടി-ട്വന്റി. നിലവിൽ ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ടി-ട്വന്റി ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ദിനേശ് കാർത്തിക്, എം.എസ്.ധോണി, ഹർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുവേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസിൽ തമ്പി, ജയ്ദേവ് ഉനദ്കത്.