ബ്രിട്ടനിലെ രണ്ടു വയസുകാരിയായ ഫ്രാൻസെസ്‌ക അസൻ ബാറ്ററി വിഴുങ്ങി മരിച്ചു. പിതാവിന്റെ ത്രിഡി ഗ്ലാസിലെ ബട്ടൻ ബാറ്ററി വിഴുങ്ങിയതിനെ തുടർന്ന് കുട്ടിയെ മരണം വിഴുങ്ങിയത് ഒരാഴ്ച കൊണ്ടായിരുുന്നു. ബട്ടൻ ബാറ്ററി അലക്ഷ്യമായി ഇടുന്നവർക്ക് ഏറ്റവും വലിയ പാഠമാണ് ഫ്രാൻസെസ്‌കയ്ക്കുണ്ടായ ദുരന്തമെന്ന് പറയാം. ഒരാഴ്ചക്കാലം ബാറ്ററി തൊണ്ടയിൽ വയ്ക്കേണ്ടി വന്ന കുട്ടി കടുത്ത പ്രയാസങ്ങളനുഭവിച്ചാണ് അവസാനം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. കടുത്ത രക്തവാർച്ചയോടെയാണ് കുട്ടി മരിച്ചിരിക്കുന്നതെന്ന് ഇൻക്വസ്റ്റിലൂടെ വ്യക്തമായിരുന്നു.ബേസിങ്സ്റ്റോക്കിലെ വീട്ടിലുള്ള ഡ്രോയറുകളിലെ പാക്കേജിൽ നിന്നും രണ്ട് സെന്റീമീറ്ററുള്ള ബാറ്ററിയെടുത്ത് കുട്ടി വിഴുങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

എന്നാൽ കുട്ടി ബാറ്ററി വിഴുങ്ങിയത് മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നില്ല. കുട്ടിക്ക് ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഇവർ ഫ്രാൻസെസ്‌കയെയും കൊണ്ട് തുടർന്നുള്ള ഒരാഴ്ചക്കാലം ഇടയ്ക്കിടെ ഡോക്ടർമാരെ കാണാൻ പോവുകയും ചെയ്തിരുന്നു. എന്നാൽ കുട്ടിയുടെ അസ്വസ്ഥതയ്ക്കുള്ള യഥാർത്ഥ കാരണം ഒരൊറ്റ ഡോക്ടർക്കും കണ്ടെത്താനും സാധിച്ചിരുന്നില്ല.തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം കുട്ടി പിതാവിന്റെ കൈകളിലേക്ക് തളർന്ന് വീണതിനെ തുടർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയും വിശദമായ പരിശോധനയ്ക്കിടെ മൂന്ന് വോൾട്ട് ലിഥിയം ബാറ്ററി കുട്ടിയുടെ അന്നനാളത്തിൽ നിന്നും കണ്ടെത്തുകയുമായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വയറ്റിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ഫ്രാൻസെസ്‌ക മരിക്കുകയായിരുന്നു.

കുട്ടിക്ക് നേരത്തെ തന്നെ ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മരണത്തെ തുടർന്ന് ഇന്നലെ ഒരു ഇൻക്വസ്റ്റ് നടന്നിട്ടുണ്ട്. ഈ സംഭവം ബാറ്ററികളിൽ കുട്ടികളിലുണ്ടാക്കുന്ന അപകടത്തെക്കുറിച്ചുള്ള ബോധ്യപ്പെടുത്തലാണെന്നാണ് വിചാരണക്കിടെ കൊറോണർ ആൻഡ്ര്യൂ ബ്രാഡ്ലെ മുന്നറിയിപ്പേകിയിരിക്കുന്നത്.തന്റെ മകൾക്ക് വേണ്ടത്ര സഹായം നൽകാനായില്ലെന്ന് പറഞ്ഞ് വിഷമിച്ച കുട്ടിയുടെ പിതാവിനെ കൊറോണർ ആശ്വസിപ്പിക്കുയും ചെയ്തിരുന്നു. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ വൈകിയതിനാൽ കുട്ടിക്ക് ഉചിതമായ ചികിത്സ നൽകാനോ രക്ഷിക്കാനോ സാധിച്ചില്ലെന്നും വെളിപ്പെട്ടിരുന്നു.

കുട്ടികൾക്ക് എടുക്കാവുന്ന വിധത്തിൽ അലക്ഷ്യമായി ബട്ടൻ ബാറ്ററികൾ വയ്ക്കരുതെന്ന് ഒരാഴ്ച മുമ്പ് ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലും രക്ഷിതാക്കൾക്ക് മുന്നറിയിപ്പേകിയിരുന്നു. ആകർഷകങ്ങളായ ബാറ്ററികൾ എളുപ്പത്തിൽ ചെറിയ കുട്ടികളുടെ ശ്രദ്ധയിൽ പെടുമെന്നും അവരത് എടുത്ത് വിഴുങ്ങുമെന്നുമാണ് കൊറോണർ മുന്നറിയിപ്പേകുന്നത്. സംഭവത്തെ തുടർന്ന് താൻ മകളെ രണ്ട് പ്രാവശ്യം ഡോക്ടർമാരെ കാണിച്ചിരുന്നുവെന്നാണ് മുൻ പട്ടാളക്കാരനും റൊമാനിയൻ വംശജനുമായ ഫ്രാൻസെസ്‌കയുടെ പിതാവ് നോർത്ത് ഹാംപ്ഷെയർ കൊറോണറിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രാവശ്യം കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതായിരുന്നുവെന്ന സംശയം തോന്നിയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. സംഭവത്തെ തുടർന്ന് കുട്ടിയുടെ വയറ്റിൽ നിന്നും 500 എംഎൽ കട്ട പിടിച്ച രക്തം കണ്ടെടുത്തിരുന്നു.